പ്രണയപൂർവം ഒരു ബൈക്ക് അപകടം

Illustration: Ajo Kaitharam

നിതിന്റെ ബൈക്കിലെ രണ്ടു കണ്ണാടികൾക്ക് രണ്ട് ഉപയോഗമാണ്. വലത്തേത് റോഡു കാണാൻ. ഇടത്തേത് പിൻസീറ്റിലിരിക്കുന്ന അനിയത്തിയെ കാണാൻ. അത്രയും ശ്രദ്ധിച്ച് ബൈക്ക് ഓടിക്കുന്ന നിതിന്റെ കണ്ണുവെട്ടിച്ചാണ് അനുപ്രിയ പിന്നാലെ ബൈക്കിൽ വരുന്ന ശരതിനെ നോക്കി ചിരിക്കുന്നത് ! എന്നും രാവിലെ അനിയത്തി അനുവിനെ കോളജ് ഗേറ്റു വരെ ബൈക്കിൽ കൊണ്ടുവിട്ടിട്ടാണ് നിതിൻ ടെക്നോപാർക്കിലേക്ക് പോകുന്നത്. അനു സഞ്ചരിക്കുന്ന ബൈക്കിനെ അനുയാത്ര ചെയ്യലാണ് ശരതിന്റെ വിനോദം. കുറെ നാളായി ഇങ്ങനെയായിരുന്നു കോളജ് റോഡിലെ അവരുടെ പ്രണയം. 

നിതിന് സംശയം തോന്നാത്ത വിധത്തിലും അതേസമയം അനുപ്രിയയുമായുള്ള ആശയവിനിമയത്തിനിടെ ഓട്ടോറിക്ഷകൾ കയറി തടസ്സപ്പെടാതെയും ശ്രദ്ധയോടെ ശരത് ബൈക്ക് ഓടിച്ചുകൊണ്ടിരിക്കെയാണ് പെട്ടെന്ന് അതു സംഭവിച്ചത്. മുന്നിൽ പോയിരുന്ന ടിപ്പർ ലോറി മുന്നറിയിപ്പില്ലാതെ വെട്ടിത്തിരിച്ചു. നിതിൻ സഡൻ ബ്രേക്കിട്ടു. ശരത്തിന്റെ ബൈക്ക് നിയന്ത്രണം വിട്ട് നിതിന്റെ ബൈക്കിന്റെ പിന്നിൽ ചെന്ന് ഒറ്റയിടി.. ഠേ.. !

നിതിനും അനുപ്രിയയും റോഡിലേക്ക് വീണു. നിതിന്റെ കൈമുട്ടിലും അനുവിന്റെ മൂക്കിന്റെ തുമ്പത്തും മുറിവിന്റെ ചെറിയ റോസായിതൾ.  ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ രംഗത്തെത്തുന്നതോടെയാണ് കഥ തുടങ്ങുന്നത്. ശരത്തിനെച്ചൂണ്ടി നിതിൻ പറഞ്ഞു.. സാർ, ഇയാൾ എന്നെ ഇടിപ്പിച്ചതാണ്.  പൊലീസുകാരൻ ലോ പോയിന്റ് കൈയിലെടുത്തു.. ഇവൻ ഇടിപ്പിച്ചത് നിങ്ങൾ കണ്ടോ ?

നിതിൻ പറഞ്ഞു.. ഇവൾ കണ്ടു.  എന്റെ അനിയത്തി; അനുപ്രിയ.  പൊലീസുകാരൻ അനുവിന്റെ നേരെ തിരിഞ്ഞു..  ഇവൻ ബൈക്ക് ഇടിപ്പിക്കുന്നത് കുട്ടി കണ്ടോ? അനു ശരത്തിന്റെ നേരെ നോക്കി. പാവം വിയർത്തു നിൽക്കുകയാണ്. എന്നെ കുടുക്കല്ലേ അനൂ എന്ന അപേക്ഷയുണ്ട് അവന്റെ മുഖത്ത്.. 

അനു അവന്റെ നേരെ കണ്ണ് ഡിം ചെയ്തിട്ടു പറ‍ഞ്ഞു..  ഞാൻ ഒന്നും കണ്ടില്ല, സാർ. പെട്ടെന്ന് എന്തോ വന്ന് ഇടിച്ചു. ​ഞാനും ചേട്ടനും റോഡിലേക്ക് തെറിച്ചു വീണു.  അത്രേ ഓർമയുള്ളൂ.  സ്ഥലത്തുണ്ടായിരുന്ന ഓട്ടോക്കാരൻ ഇടപെട്ടു... ഞാൻ കണ്ടു സാർ.  കുറെ നേരമായി ഇവൻ ബൈക്കുമായി ഇവരുടെ പിന്നാലെയുണ്ട്.  കള്ളനായിരിക്കുമോ സാർ. ? പൊലീസുകാരൻ ശരത്തിനോടു ചോദിച്ചു.. നീ കള്ളനാണോടാ.. ? 

നിതിൻ പറഞ്ഞു..  ചിലപ്പോൾ കള്ളനായിരിക്കും. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിൽ ഫഹദിനെക്കണ്ടാൽ കള്ളനാണെന്ന് ആരെങ്കിലും പറയുമോ, സാർ ? ശരത് ദയനീയമായി അനുവിനെ നോക്കി. ആ നോട്ടത്തിന്റെ അർഥം എന്ന് അനുവിനു മനസ്സിലായി. പക്ഷേ അവൾ നിസ്സഹായയാണ്. ആങ്ങളയ്ക്കും കാമുകനും നടുവിൽ ട്രാഫിക് പൊലീസുകാരൻ.. !  അനു സഹോദരനോടുള്ള അപേക്ഷ പോലെ പറഞ്ഞു.. ചെറിയ സംഭവമല്ലേ, കേസിനൊന്നും പോകണ്ട, ചേട്ടാ,  പ്ളീസ്.. എനിക്ക് ഇന്ന് എക്സാം ഉള്ളതാ.. 

പൊലീസുകാരൻ പറഞ്ഞു.. അതു പറ്റില്ല.  മൂന്നു പേരും സ്റ്റേഷനിലേക്ക് വരണം.  ഇവനെ ചോദ്യം ചെയ്യേണ്ടി വരും. മമ്മാ സെഡ് നോ ഗേൾസ് എന്നു പിങ്ക് നിറത്തിൽ എഴുതിയ ടീ ഷർട്ടൊക്കെ ഇട്ട് പാവത്തെപ്പോലെ ശരത്തിന്റെ നിൽപ്.  അവനെയെങ്ങാനും ചോദ്യം ചെയ്താൽ കള്ളിപ്പൂച്ച പുറത്തുചാടുമെന്ന് അനുവിന് അറിയാം.  

പൊലീസുകാരൻ ചോദിച്ചു.. എന്താടാ നിന്റെ പേര് ?

അറിയാതെ ഉത്തരം പറഞ്ഞത് അനുവാണ്... ശരത് കൃഷ്ണ..

പൊലീസുകാരൻ അവളെ നോക്കി അർഥം വച്ചു ചിരിച്ചുകൊണ്ടു പറഞ്ഞു.. കുട്ടി കോളജിൽ പോയ്ക്കോളൂ, ഇവർ രണ്ടു പേരും വന്നാൽ മതി. അത് അതിലും വലിയ കെണി.

അനു പൊലീസുകാരനോടു പറഞ്ഞു.. ചേട്ടന് ഓഫിസിൽ പോകാൻ ലേറ്റാകും. ഇനീം ഇടിപ്പിക്കാൻ വന്നാൽ അന്നേരം വന്നോളാം സാർ.  തൽക്കാലം ഇവന്റെ ഡ്രൈവിങ് ലൈസൻസ് ഞങ്ങളുടെ കൈയിൽ ഇരിക്കട്ടെ. വീട്ടിൽച്ചെന്നിട്ട് വലിച്ചുകീറി അടുപ്പിലിടും ഞാൻ..  നിതിന്റെ ബൈക്കിലിരുന്ന് തിരിച്ചു പോകുമ്പോൾ‌ അനുവിന്റെ ചുണ്ടിൽ ഒരു കള്ളച്ചിരി വന്നത് ശരത് കണ്ടു.