ഒന്നിനു പോകുന്നതിനെക്കുറിച്ച് രണ്ടു കാര്യങ്ങൾ

രാത്രിയിൽ കിടന്നുറങ്ങുന്നവരുടെ കാലിൽപ്പിടിച്ചു വലിച്ചാൽ എങ്ങനെയിരിക്കും ! മൂക്കിൽ കാക്കത്തൂവലിട്ടു തിരിച്ചാലോ ! ഞെട്ടിയുണർന്നു നോക്കിയാൽ മുറിയിൽ ആരുമില്ല.  ജനൽപ്പാളി തുറന്നു കിടക്കുന്നുണ്ടാകും. ഇങ്ങനെ ഉറങ്ങുന്നവരെ മാത്രം തിരഞ്ഞുപിടിച്ചു ശല്യം ചെയ്യുന്ന ഒരു യക്ഷിയുണ്ടായിരുന്നു വടക്കൻ പറവൂരിൽ.. ! യക്ഷിയുടെ ശല്യം സഹിക്കാൻ പറ്റാതായപ്പോൾ നാട്ടുകാരെല്ലാംകൂടി ഒരു മഹാമന്ത്രവാദിയെ അഭയം പ്രാപിച്ചു. മന്ത്രവാദിയുടെ പേര് സൂര്യനാരായണൻ. 

വെളുത്തവാവു ദിവസം യക്ഷിയെ തളയ്ക്കാൻ വടക്കൻപറവൂരിൽ എത്താമെന്ന് മന്ത്രവാദി വാക്കു കൊടുത്തു. മാവേലിക്കരയിലാണ് അദ്ദേഹത്തിന്റെ താമസം. അന്നു നാട്ടിൽ റോഡും പാലവുമൊന്നുമില്ല.  നടന്നും വള്ളത്തിലുമാണ് യാത്രകളെല്ലാം. മന്ത്രവടിയും ഏലസ്സും തളിർവെറ്റിലയും ഇരുമ്പാണിയുമായി ഏഴു ദിവസം മുമ്പേ സൂര്യനാരായണൻ പായ് വഞ്ചിയിൽ മാവേലിക്കരയിൽ നിന്നു പുറപ്പെട്ടു. അന്നൊക്കെ ഒന്നര ആഴ്ചയെടുക്കും വഞ്ചി വടക്കൻ പറവൂരിലെത്താൻ. യാത്രയ്ക്കിടെ ഒരു രാത്രിയിൽ അദ്ദേഹത്തിന് കായലിനു നടുവിൽ വച്ച് മൂത്രശങ്ക തോന്നി. 

കടുത്ത ശുദ്ധവൃത്തിയും ചിട്ടയുമുള്ള ആളാണ് സൂര്യനാരായണൻ. വെള്ളം അശുദ്ധമാക്കില്ല.  മൂത്രശങ്ക തോന്നിയാൽ ഏതെങ്കിലും കരയിൽ തോണിയടുപ്പിച്ച് കാര്യം സാധിച്ച് കയ്യും കാലും മുഖവും കഴുകി ശുദ്ധി വരുത്തിയിട്ടേ യാത്ര തുടരൂ. ഇതിപ്പോൾ നാലുവശവും വെള്ളമാണ്. നോക്കെത്താദൂരത്തുപോലും കര കാണാനേയില്ല. പല ഭാഗങ്ങളിലേക്കും തുഴഞ്ഞു നോക്കി. ഒരിടത്തും എത്തുന്നില്ല.  ആ രാത്രിയിൽ വേദന കടിച്ചമർത്തി കര തേടി നാലുപാടും തുഴഞ്ഞുനടന്ന മന്ത്രവാദി കായലിനു നടുവിൽ മൂത്രസഞ്ചി പൊട്ടിത്തകർന്നു മരിച്ചു. 

സൂര്യനാരായണനൊരു മകനുണ്ടായിരുന്നു.  അച്ഛനെക്കാൾ കേമൻ ! സത്യനാരായണൻ. അച്ഛൻ തോറ്റിടത്ത് വിജയിക്കാൻ തന്നെ മകൻ‌ തീരുമാനിച്ചു. കായലിലൂടെത്തെന്നെ യാത്ര ചെയ്ത് വടക്കൻ പറവൂരിലെത്തി യക്ഷിയെ തളയ്ക്കും എന്ന് മകൻ ശപഥം ചെയ്തു. അങ്ങനെ ഒരു കറുത്ത വാവുദിവസം അദ്ദേഹം വഞ്ചിയിൽ യാത്ര പുറപ്പെട്ടു. അച്ഛനെപ്പോലെ തന്നെയാണ് മകനും. ചുറ്റും വെള്ളമുണ്ടെങ്കിലും വിശ്വാസത്തിൽ വെള്ളം ചേർക്കില്ല.യാത്രയ്ക്കിടെ മൂത്രശങ്ക വന്ന് പിടിച്ചു നിൽക്കാൻ പറ്റാതായപ്പോൾ വെള്ളത്തിനു നടുവിൽ മന്ത്രം ചൊല്ലി ഒരു ദ്വീപു തന്നെ അദ്ദേഹം സൃഷ്ടിച്ചു. അവിടെയിറങ്ങി മൂത്രമൊഴിച്ചെന്നാണ് കഥ.

ആവശ്യം കഴിഞ്ഞതോടെ ആ രഹസ്യദ്വീപ് മന്ത്രംചൊല്ലി അപ്രത്യക്ഷമാക്കിയ അദ്ദേഹം യാത്ര തുടർന്നു. നാലുചുറ്റും വെള്ളമാണ്, എവിടെ ഒന്നിനു പോകും ? കുമരകത്തെ ഒരു സ്കൂൾ കുട്ടി മുഖ്യമന്ത്രി പിണറായി വിജയനോട് ഈ ചോദ്യം ചോദിച്ചത് കഴിഞ്ഞ മാസമാണ്.  കുമരകം കാണാൻ വന്ന കൂട്ടുകാർ‌ അവനെ കളിയാക്കി..  നിന്റെ നാട്ടിൽ ഒരിടത്തും പബ്ളിക് ടോയ്‍ലെറ്റ് ഇല്ലല്ലോ..   തന്റെ നാണക്കേട് അവൻ മുഖ്യമന്ത്രിയോടു പറഞ്ഞു.ഇക്കാര്യത്തിൽ നമ്മുടെ നാടിനു പൂജ്യം മാർക്കാണ്. സത്യനാരായണനെപ്പോലെ മാന്ത്രിക വടി വീശി മുഖ്യമന്ത്രി ഇതിന് പരിഹാരം കണ്ടെങ്കിൽ.. !