എസ്ഐയുടെ അമ്മയെ കൊന്നതാര് ?

Illustration: Munaz Zidhiq

കഴിഞ്ഞ ക്രിസ്മസ്. വർക് ഷോപ് നടത്തുന്ന ബൈജു വണ്ടിയിൽ തൂക്കാൻ പറ്റുന്ന നക്ഷത്രവിളക്ക് വാങ്ങാൻ ഇറങ്ങിയതായിരുന്നു. 

പൊൻകുന്നം കവലയിൽ നിന്ന് സ്റ്റാർ വാങ്ങി കാറിന്റെ അടുത്തേക്കു നടക്കുമ്പോൾ ബസ് സ്റ്റോപ്പിൽ‌ നിന്നൊരു ചോദ്യം..  മോൻ‌ എങ്ങോട്ടാ? എന്നെക്കൂടെ കൊണ്ടുപോകാമോ ? കാഞ്ഞിരപ്പള്ളിയിൽ വിട്ടാൽമതി.ചട്ടയും മുണ്ടും ഉടുത്തു വാർധക്യവുമായി മാർഗം കളി നടത്തുന്ന ഒരു അമ്മച്ചി ! 75 വയസ്സു തോന്നും. ബസ് കാത്തു നിൽക്കുകയാണ്.

ബൈജു പറ‍ഞ്ഞു.. അമ്മച്ചീ, വാ കേറിക്കോ... 

അവർ കയറിയതോടെ ആഢ്യത്വം കാറിനുള്ളിൽ മറ്റൊരു നക്ഷത്രവിളക്കു കൊളുത്തിയതുപോലെ ബൈജുവിനു തോന്നി.  

എവിടെപ്പോയതാ എന്നു ബൈജു.പോത്തിറച്ചി വാങ്ങാൻ എന്ന് അമ്മച്ചി. എന്നിട്ടു വാങ്ങിയില്ലേ ?ഇല്ലെന്നേ.. എന്നാ ഭയങ്കര വിലയാ. നിന്റേം പോത്തിന്റേം കൂടെ വിലയല്ല ചോദിച്ചതെന്നു പറഞ്ഞിട്ടു ഞാൻ വാങ്ങാതെ തിരിച്ചു പോന്നു. കച്ചവടക്കാരനുമായി വഴക്കുണ്ടാക്കിയിട്ടുള്ള വരവാണെന്ന് ബൈജുവിനു പിടികിട്ടി. 

കാറോടുമ്പോൾ അമ്മച്ചി സംസാരിച്ചു തുടങ്ങി. പിള്ളേരുടെ ബൈക്കിന്റെ സ്പീഡ്, പെൺകുട്ടികളുടെ മൊബൈൽ ഫോ‌ണിലെ പടങ്ങൾ, പണ്ടത്തെ ഓലപ്പടക്കം, കള്ളപ്പത്തിന്റെ രുചി, മഞ്ഞുകാലത്തെ പാതിരാക്കുർബാന, കർത്താവീശോമിശിഹായുടെ കൈപ്പുണ്യം... 

അൽപം കഴിഞ്ഞപ്പോൾ അമ്മച്ചി പറഞ്ഞു.. ഞാനൊന്നു മയങ്ങാൻ പോകുവാ.. കാഞ്ഞിരപ്പള്ളീല് എത്തുമ്പോൾ മോൻ വിളിച്ചാൽ മതി. 

കാഞ്ഞിരപ്പള്ളിയെത്തിയപ്പോൾ ബൈജു വിളിച്ചു. അമ്മച്ചിക്ക് അനക്കമില്ല. കുലുക്കി വിളിച്ചു. മിണ്ടുന്നില്ല. ഉടൽ തണുത്തിരിക്കുന്നു..

ഉറക്കത്തിൽ അമ്മച്ചി മരിച്ചെന്ന് ബൈജുവിനു മനസ്സിലായി.  

എന്തു ചെയ്യും ? അമ്മച്ചിയുടെ പേരു പോലും അറിയില്ല. ആരോടു പറയുമെന്ന് ഒരു പിടിയും കിട്ടുന്നില്ല. 

പരിചയക്കാരനായ ഒരു ഡോക്ടറെ വിളിച്ചു. മരിച്ചെന്നു കേട്ടപാടെ ഡോക്ടർ വിശദീകരിക്കാൻ തുടങ്ങി..  സ്വാഭാവിക മരണമോ കൊലപാതകമോ എന്നൊക്കെ പോസ്റ്റ്മോർട്ടം കഴിഞ്ഞാലേ കണ്ടുപിടിക്കാൻ കഴിയൂ. എത്രയും വേഗം ഡെഡ് ബോഡി മെഡിക്കൽ കോളജിലേക്കു കൊണ്ടുപോകൂ... അവർ പൊലീസിനെ അറിയിച്ചോളൂം. ഒരാൾക്കു മരിക്കാൻ പ്രത്യേകിച്ച് കാരണമോ അനുവാദമോ വേണ്ടെന്നാണ് മെഡിക്കൽ തിയറി. ഹാർട്ട് അറ്റാക്ക്, ബ്രെയ്ൻ ഹെമറേജ്, അന്യൂറിസം ഇങ്ങനെ പല കാരണങ്ങളുമുണ്ടാവാം. 

പൊലീസ് എന്നു കേട്ടപ്പോൾ ബൈജു കിടുങ്ങി..  ആളില്ലാത്ത ഏതെങ്കിലും വഴിയിൽ ഇറക്കി വച്ചിട്ടു സ്ഥലംവിട്ടാലോ ?

അതുകേട്ട് ഡോക്ടർ പറഞ്ഞു.. അതു നല്ല വഴിയാണ്.  സിസി ടിവി ക്യാമറകൾ ഉള്ളതുകൊണ്ട് പെട്ടെന്ന് പൊലീസ് നിങ്ങളെ പിടിച്ചോളും. 

അതു നടപ്പില്ലെന്ന് ബൈജുവിനു മനസ്സിലായി. മാത്രമല്ല അമ്മച്ചിയുടെ കൈയിലും കാതിലുമൊക്കെ നിറയെ സ്വർണമാണ്. 

പൊലീസ് ജീപ്പ് സർവീസ് ചെയ്യുന്നത് ബൈജുവിന്റെ വർക് ഷോപ്പിലാണ്. എസ്ഐയെ നേരിട്ട് അറിയാം. കാഞ്ഞിരപ്പള്ളി സ്റ്റേഷനിൽ ചെന്ന് സത്യം തുറന്നു പറയാൻ ബൈജു തീരുമാനിച്ചു. 

ഡെഡ് ബോഡിയുമായി ചെന്നാൽ അമ്മച്ചിയെ താൻ കൊന്നതാണെന്ന് പൊലീസ് സംശയിക്കുമോ ? അമ്മച്ചി സ്വയം മരിച്ചതാണെന്ന് പൊലീസ് വിശ്വസിക്കണമെങ്കിൽ തെളിവു വേണ്ടി വരും. ഇതിപ്പോൾ സംഭവത്തിന് ആരും സാക്ഷികളില്ല. ബൈജു സ്വയം ചോദിച്ചു.. ഈ അമ്മച്ചിയെ ഞാൻ കൊന്നതല്ലെന്ന് ആരു പറയും കർത്താവേ.. ? പെട്ടെന്ന് കാറിൽ നിന്നൊരു ശബ്ദം.. ഞാൻ പറഞ്ഞോളാമേ. ! 

സംസാരിക്കുന്നത് ഡെഡ് ബോഡിയാണ്. ബൈജു ഞെട്ടലോടെ ചോദിച്ചു..  അപ്പോൾ അമ്മച്ചി മരിച്ചില്ലേ.. ?

ഇല്ലെടാ.. നിന്നെയൊന്നു വിരട്ടിയതാ..  നിന്റെ വെപ്രാളം കണ്ട് ശ്വാസംപിടിച്ചിരിക്കുകയായിരുന്നു ഞാൻ. നീയെന്റെ ഡെഡ്ബോഡ‍ി പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോകുമെന്ന് തോന്നിയപ്പോൾ ഉയർത്തെഴുന്നേറ്റതാ.. ! അപ്പോൾ അമ്മച്ചിക്കും പൊലീസിനെ പേടിയാ അല്ലേ.. എന്നു ബൈജു ചോദിച്ചപ്പോൾ അമ്മച്ചി പറഞ്ഞു..  പൊലീസിന് എന്നെയാടാ പേടി.. ഇവിടത്തെ എസ്ഐ എന്റെ മൂത്തമകനാ..

കാഞ്ഞിരപ്പള്ളി കവലയിൽ കാറിൽ നിന്ന് ഇറങ്ങുമ്പോൾ ഡ്രൈവിങ് സീറ്റിനടുത്തുവന്ന് അമ്മച്ചി ബൈജുവിനോടു പറഞ്ഞു.. നീയൊന്നു ചിരിക്കെടാ മോനേ.. നമ്മൾക്കൊരു സെൽഫിയെടുക്കാം.. ! ഒരു ക്രിസ്മസ് പുതുവർഷ സെൽഫി !