തിരക്കഥ ഒരു അരിക്കഥ

Illustration: Munaz Zidhiq

പച്ചരിക്കഞ്ഞി കുടിക്കുന്ന എത്ര നടിമാരുണ്ടാകും മലയാള സിനിമയിൽ..? പാസ്ത കാർബണോറ, മഷ്റൂം റിസോറ്റോ, ഫ്ളാമിഷേ, കോൺഫിറ്റ് ഡേ കണാട് ഇങ്ങനെ സിനിമാ നടിമാർക്കു കഴിക്കാൻ എന്തൊക്കെ വിഭവങ്ങളുണ്ട് ലോകത്ത്...  എന്നിട്ടും  മലയാള സിനിമയിലെ ഒരു യുവ നടി ഇഷ്ടത്തോടെ കഞ്ഞി കുടിച്ചു ! യാത്രകളെ പ്രണയിക്കുന്നവർ ധാരാളമുണ്ട്  സിനിമയിൽ – ദുൽഖർ സൽമാൻ മുതൽ കൊച്ചു പ്രേമൻ വരെ..

പക്ഷേ, യാത്ര പോയി വന്നപ്പോൾ സിനിമാ നടിക്ക് പ്രണയ സമ്മാനമായി അരി വാങ്ങിക്കൊടുത്തത് ഒരേയൊരാൾ – ഒരു യുവ തിരക്കഥാകൃത്ത് ! പ്രണയത്തിന്റെ അരിമണികൾ ചിതറിയ ആ യാത്രയുടെ കഥയാണിത്. 

മലയാള സിനിമയിലെ ഒരു യുവ തിരക്കഥാക‍ൃത്ത് പ്രണയ സിനിമയ്ക്ക് തിരക്കഥയെഴുതുന്നതിനു മുമ്പ് താജ്മഹൽ‌ കാണാൻ പോയി.  ലോകത്തെ ഏറ്റവും സുന്ദരമായ പ്രണയ സ്മാരകം കണ്ട് തിരികെ വന്നിട്ട് തിരക്കഥ ! അതായിരുന്നു പ്ളാൻ. ആഗ്രഹങ്ങളുടെ കുതിരവണ്ടികളിൽ ആഗ്രയിലൂടെ ചുറ്റി നടന്നു.  താജ്മഹലും യമുനയും കണ്ടു,  കൗതുകം വിൽക്കുന്ന ചന്തകൾ കണ്ടു. ഗോതമ്പുനിറമുള്ള പെൺകൊടികളെ കണ്ടു, ദാവണികളിൽ യൗവനം കണ്ടു. അങ്ങനെ താജിന്റെ നാട്ടിൽ വച്ചു തന്നെ അയാൾ തിരക്കഥയെഴുതിത്തുടങ്ങി. 

യാത്ര കഴിഞ്ഞു വരുമ്പോൾ തിരക്കഥാ‍കൃത്ത് ആ സിനിമയിലെ നായികയ്ക്കായി ഒരു സ്പെഷൽ ഗിഫ്റ്റ് കൊണ്ടു വന്നു– ഒരു ചെറിയ പാക്കറ്റ് പച്ചരി.  വെറും പച്ചരിയല്ല, ആഗ്രയിൽ നിന്നുള്ള അപൂർവ സമ്മാനം. താജിന്റെ അടുത്തുള്ള തെരുവിൽ ഒരു ചെറിയ കടയുണ്ട്. ധാന്യമണികളിൽ ചിത്രങ്ങൾ വരയ്ക്കാനും 15 ഭാഷകളിൽ പ്രണയ കവിതകൾ എഴുതിക്കൊടുക്കാനും വിരുതനായ ഒരു കലാകാരന്റെ കട. 

അവിടെ നിന്ന് തിരക്കഥാകൃത്തും വാങ്ങി ഒരു പ്ളാസ്റ്റിക് പാക്കറ്റിൽ 20 അരിമണികൾ. അവയിൽ എഴുതിച്ചത് കവിതകളല്ല, പ്രണയ സംഭാഷണങ്ങളായിരുന്നു. പുതിയ സിനിമയിൽ നായികയ്ക്കായി നമ്മുടെ തിരക്കഥാകൃത്ത് എഴുതിയ  ചില പഞ്ച് ഡയലോഗുകൾ ! അരിമണികളിൽ ഉറുമ്പിൻ കാലിനെക്കാൾ ചെറിയ അക്ഷരങ്ങളിൽ അവ എഴുതിക്കൊടുത്തു ആഗ്രയിലെ കലാകാരൻ !

അതാണ് നായികയ്ക്കു സമ്മാനമായി കൊടുത്തത്.  സർപ്രൈസാവട്ടെ എന്നു വിചാരിച്ച് അരി എന്തിനാണെന്ന് പറഞ്ഞില്ല. പകരം ഒരു ഭൂതക്കണ്ണാടി കൂടി കൊടുത്തു. സൗന്ദര്യത്തിനൊപ്പം ബുദ്ധിയുമുണ്ടെങ്കിൽ അരിയിലെഴുതിയത് വായിക്കട്ടെ ! നായിക ചോദിച്ചു.. എന്താ ഇത്.. അരി.. ? തിരക്കഥാകൃത്ത് പറഞ്ഞു..  അരേ.. ധാനെ.. ധാനെ മേ ലിഖാ ഹൈ, ഖാനെ വാലേ കാ നാം...

ഉത്തരേന്ത്യൻ പര്യടനത്തിന്റെ ഇംപാക്ടാണെന്നു വിചാരിച്ച് നായിക കളിയാക്കി.. മലയാളമൊക്കെ മറന്നോ ? ഹിന്ദി സിനിമയ്ക്കാണോ തിരക്കഥ? ഇത് ഹിന്ദി സിനിമയിലെ ഡയലോഗാ.. ?അയാൾ ചിരിച്ചു... ഓരോ അരിമണിയിലും എഴുതി വയ്ക്കപ്പെട്ടിട്ടുണ്ട് അതു കഴിക്കാൻ നിശ്ചയിക്കപ്പെട്ട ആളുടെ പേര്..!   ഒരു ഉറുദു കവിതയിലെ വരികളാണിത്. കുറെ നാൾ കഴിഞ്ഞ് സിനിമ ഷൂട്ടിങ് തുടങ്ങി.. അരിമണിയിലെഴുതിയ ഡയലോഗുള്ള സീൻ ചിത്രീകരിക്കുന്ന ദിവസം വന്നു. 

സംഭാഷണങ്ങൾ മുമ്പേ അറിയാവുന്നതുപോലെ കൂളായി പറയുകയാണ് നടി. സംവിധായകൻ ഞെട്ടി.. ഇതെങ്ങനെ നേരത്തെ പഠിച്ചു ?നടി തിരക്കഥാകൃത്തിനെ നോക്കി ചിരിച്ചു കൊണ്ടു പറഞ്ഞു.. ഓരോ നായികയ്ക്കു കഴിക്കാനുള്ള അരിയിലും ദൈവം കുറിച്ചു വച്ചിട്ടുണ്ട്, അവൾക്കു വേണ്ടി എഴുതപ്പെട്ട ഡയലോഗുകൾ !  അങ്ങനെയല്ലേ ഉറുദുവിലെ ആ കവിത !

തിരക്കഥാകൃത്ത് ചമ്മലോടെ നിന്നു.  പിന്നെ തരംകിട്ടിയപ്പോൾ അയാൾ നടിയോടു ചോദിച്ചു... എന്തു ചെയ്തു ആ അരിമണികൾ.. ? അവൾ പറഞ്ഞു.. ഓ അതോ.. ഞാനത് ഇന്നലെ കഞ്ഞി വച്ചു കുടിച്ചു  യാത്ര പോയ് വരുമ്പോൾ പ്രണയിനിക്കായി ഇതുപോലെ എന്തു സമ്മാനമാണ് നിങ്ങൾ കൊണ്ടുവരിക ?