ലാലേട്ടന്റെ ഒപ്പം സ്വപ്നം പോലെ ഒരു കാർ യാത്ര !

Illustration: Ajo Kaitharam

മന്ദാകിനി മജുംദാർ എന്ന പേരേയുള്ളൂ, ആൾ മലയാളിയാണ്. കൊച്ചിയിലാണ് വീട്. അമ്മമ്മയുടെ ആദ്യ ഭർത്താവ് ബംഗാളിയായിരുന്നു. അതിന്റെ ഹാങ് ഓവറിലാണ് ഈ പേര് ! തൃക്കാക്കര ജംക്ഷനിലെ പാലച്ചുവട്ടിൽ മന്ദാകിനി ഓട്ടോ കാത്തു നിൽക്കുകയാണ് സാധാരണ ഓട്ടോക്കാർ മന്ദാകിനിയെക്കണ്ടാൽ മന്ദം മന്ദം അടുത്തുകൂടും.  കാരണം ആളെ സാരിയുടുത്തു കണ്ടാൽ നടി തൃഷയാണെന്നേ തോന്നൂ. 

ഓണക്കാലത്തെ തുമ്പികളെപ്പോലെ വട്ടത്തിൽ പറന്നു നടക്കാറുള്ള തൃക്കാക്കരയിലെ ഓട്ടോറിക്ഷകളൊന്നും ഇന്നു കാണാനേയില്ല.  അങ്ങനെ നിൽക്കെയാണ് മന്ദാകിനിയുടെ അടുത്ത് ഒരു കാർ വന്നു നിന്നത്.  ആ കാറിന്റെ ഡ്രൈവർ മോഹൻലാലായിരുന്നു ! ഒരു കറുത്ത പക്ഷി ചിറകുവിടർത്തുംപോലെ ഫ്രണ്ട് ഡോർ മുകളിലേക്കു തുറന്നു.  മന്ദാകിനി ചിറകിനുള്ളിലായി. മോഹൻലാൽ ചോദിച്ചു..  എങ്ങോട്ടാ ? അവൾ പറഞ്ഞു.. പൂക്കാരൻമുക്ക് ! അവിടെയാണോ ഉൻ പൂവാസം ? അവൾ പറഞ്ഞു.. വീട് തൃക്കാക്കരയാ. പൂക്കാരൻമുക്കിൽ പോകുന്നത് മുല്ലപ്പൂ വാങ്ങാനാ. ഇന്നു സന്ധ്യയ്ക്ക് തറവാട്ടിലെ കാവിൽ ദേശവിളക്കും താലപ്പൊലിയും. കസവു സെറ്റും മുല്ലപ്പൂവും മസ്റ്റാ.. !

ലാലേട്ടൻ മെല്ലെ പാട്ടുമൂളി..  വേളിക്കു വെളുപ്പാൻ കാലം, താലപ്പൊലിക്കു കുരുത്തോല.. ! മന്ദാകിനി വിസ്മയിച്ചു.... ലാലേട്ടന് എന്നെ മനസ്സിലായോ ? ! വന്ദനത്തിലെ അതേ കുസൃതിച്ചിരിയോടെ ലാലേട്ടൻ പറഞ്ഞു.. നിന്നത് പാലച്ചുവട്ടിൽ,  വന്നപ്പോൾ റോസാപ്പൂ ഗന്ധം, അണിയാൻ കൊതിക്കുന്നത് മുല്ലപ്പൂ, പേര് നദിയുടേത് ! ആകെ കൺഫ്യൂഷനാകുന്നു കുട്ടി.. ! നാണത്തിന്റെ അലുക്കിട്ട ചിരിയോടെ അവൾ ചോദിച്ചു..  തനിയെ ഡ്രൈവ് ചെയ്ത് എങ്ങോട്ടാ? ആന്റണി പെരുമ്പാവൂരു ചേട്ടൻ കൂടെയില്ലേ ?

ആന്റണി പെരുമ്പാവൂരു ചേട്ടൻ എന്നല്ല കുട്ടീ, ആന്റണി ചേട്ടൻ പെരുമ്പാവൂർ എന്നു പറയൂ... വാക്കുകൾ നായകനെയും നായികയെയുംപോലെ ഇഴചേർന്നു നിൽക്കണം. നീ കേട്ടിട്ടില്ലേ,,  ഡ്രൈവിങ് സംഗീതം പോലെ. ആരോഹണങ്ങൾ കയറ്റങ്ങൾ, അവരോഹണങ്ങൾ ഇറക്കങ്ങൾ.. ശംഭോ മഹാദേവാ.. മന്ദാകിനി ഫ്ളാറ്റായി.. ഡ്രൈവിങ് മമ്മൂക്കയുടെ ക്രേസ് അല്ലേ.. ? യ്യേ.. മൂപ്പര് എന്നെ കണ്ടുപഠിച്ചതാണ്. 

ഒരു വളവുതിരിഞ്ഞു ചെന്നപ്പോൾ കാർ ഒരു ബൈക്കിൽ തട്ടി. കേരളത്തിലെ എല്ലാ ബൈക്കുകാരെയും പോലെ ആ ബൈക്കും റോങ് സൈഡായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന ചെറുപ്പക്കാരൻ ഇടിയേറ്റ് ആകാശത്തേക്കു പറന്നുയർന്നു. പിന്നെ റോഡിൽ വന്നു നിന്നു. ലാലേട്ടൻ പറഞ്ഞു.. മന്ദാരപ്പൂവേ, ഇനി ആക്ഷൻ സീനാണ്. കണ്ടോളൂ.. അപകടത്തിൽപ്പെട്ട ചെറുപ്പക്കാരൻ കാറിനടുത്തേക്ക് ഓടി വന്നു. ലാലേട്ടൻ കാറിന്റെ ചില്ലുതാഴ്ത്തി അവനോടു പറഞ്ഞു.. സംഭവിച്ചതെല്ലാം നല്ലതിന്.. ഇനി സംഭവിക്കാനിരിക്കുന്നതും നല്ലതിന്.. നിനക്കൊന്നും സംഭവിച്ചില്ലല്ലോ, അല്ലേ മോനേ ദിനേശാ.. !

നാലഞ്ചു ചീത്തവാക്കുകളോടെ അവൻ വലതു കൈ ഉയർത്തി. തല്ലാനുയർന്ന അവന്റെ കൈ വേനലിലെ വാഴക്കെപോലെ പിടിച്ചുതാഴ്ത്തിയിട്ട് ലാലേട്ടൻ ഉപദേശിച്ചു.... റോഡിൽ സൂക്ഷിച്ച് പോ മോനേ ദിനേശാ..  അല്ലെങ്കിൽ നിന്റെ അന്ത്യസവാരി ഗിരി ഗിരി...മന്ദാകിനി ചോദിച്ചു..  അവൻ ലാലേട്ടനെ കണ്ടിട്ട് തിരിച്ചറിയാഞ്ഞത് എന്താ ? ലാലേട്ടൻ പറഞ്ഞു..  അതാണ് അഭിനയം.. അവൻ നല്ല നടനാണ്.. 

മന്ദാകിനി അന്തംവിട്ടു. ലാലേട്ടൻ അവളെ നോക്കി പറഞ്ഞു.. ഇങ്ങനെ അന്തം വിട്ടു നോക്കരുത്. മുഖം നിറയെ എക്സ്പ്രഷൻ വേണം.. ഭാവങ്ങൾ പൂവിരിയുംപോലെ വിരിയണം. പിന്നെ പൂകൊഴിയുംപോലെ കൊഴിയണം.. !കാർ കലൂർ കടന്ന് കടവന്ത്രയിലൂടെ പറക്കാൻ തുടങ്ങി. അടുത്ത വളവിൽ അപ്രതീക്ഷിതമായ ഒരു ട്വിസ്റ്റിൽ ലാലേട്ടൻ സഡൻ ബ്രേക്കിട്ടു. മന്ദാകിനിയുടെ മൂക്ക് ഡാഷ്ബോർഡിൽ ചെന്നിടിച്ചു. അവൾ റൺ ബേബി റണ്ണിലെ അമല പോളിന്റെ ബൈക്ക് യാത്ര  ഓർത്തു.  കള്ളൻ ലാലേട്ടൻ  !

നാലാമത്തെ വളവിൽ കാർ പൂക്കാരൻ മുക്കിലെത്തി. ഡോർ തുറന്നു, മന്ദാകിനി കാറിൽ നിന്നു റോഡിലേക്ക് അടർന്നു വീണു. കാർ മുന്നോട്ടെടുക്കുമ്പോൾ ലാലേട്ടൻ കൈവീശി രഹസ്യം പറഞ്ഞു.. മന്ദാകിനീ,  സലില ചന്ദന ചർച്ചിതായ... എന്നുവച്ചാൽ എന്നെക്കണ്ട കാര്യം ആരോടും ചർച്ച ചെയ്യേണ്ടെന്ന്... !

പൂക്കാരൻ മുക്കിലെ തിരക്കിലൂടെ നടക്കുമ്പോൾ മന്ദാകിനി മജുംദാർ സുന്ദരമായ ആശയക്കുഴപ്പത്തിലായി. ഒടിയനു വേണ്ടി ലാലേട്ടൻ തടിയൊക്കെ കുറച്ച് സ്ളിം ആയതാണല്ലോ.. ഇന്നലെയും ടിവിയിൽ കണ്ടതാണ്.. പക്ഷേ, ഇന്നു കാറിൽ കണ്ടതാവട്ടെ, പണ്ടത്തെ തടിയുള്ള ലാലേട്ടൻ.. !  ഇന്നലെ ഒടിയൻ, ഇന്നു തടിയൻ ! ഏതാണു സത്യം !