ആമിയിലെ പൂവി

Illustration: Ajo Kaitharam

വലന്റൈൻസ് ദിനത്തിൽ ആമി കണ്ടിറങ്ങുമ്പോൾ രണ്ടാം വർഷ എംഎ വിദ്യാർഥിനി ലാവണ്യ മോഹൻ സഹപാഠി അമൽ മാത്യുവിനോടു‍ പറഞ്ഞു.. ഈ സിനിമേല് മഞ്ജുച്ചേച്ചി എപ്പോഴും പറയുന്ന ഒരു ഫ്ളവറില്ലേ?  അമൽ പറഞ്ഞു.. യെസ്.. നീർമാതളപ്പൂവ് ! 

ലാവണ്യ പറഞ്ഞു..  ഇന്നു വലന്റൈൻസ് ഡേ അല്ലേ..  നീ ആ പൂവൊരെണ്ണം എന്റെ മുടിയിൽ ചൂടിക്കാമോ ? അവൻ ചോദിച്ചു..  മുല്ലപ്പൂവായാലും പോരേ ?അവൾ വാശിപിടിച്ചു..  പ്രണയത്തിന്റെ പൂവ് നീർമാതളമാണ്. അതു ചൂടിയാൽ നിന്നോടുള്ള എന്റെ ലവ് ഇരട്ടിയാകും.   കുട്ടികൾ ഹോർലിക്സ് കുടിക്കുന്നതുപോലെ... അമൽ ഗൂഗിളിൽ പരതി. കൊച്ചിയിലെ ഫ്ളവർ ഷോപ്പിലൊന്നിലും ആമിയിലെ പൂവ് വിൽക്കുന്നില്ല.  പിന്നെയും സേർച്ച് ചെയ്തപ്പോൾ കണ്ടെത്തി, സംഗതി തൃശൂരിലുണ്ട് !

പൂവു കിട്ടിയില്ലെങ്കിൽ പ്രണയം വാടുമെന്ന അവസ്ഥ വന്നപ്പോൾ  അമൽ വഴങ്ങി. രണ്ടുപേരും തൃശൂരിനു വണ്ടി കയറി. നീർമാതളപ്പൂ തേടി പണ്ട് ഇതുപോലെ നാലപ്പാട്ടു പോയ മറ്റൊരാളുണ്ട് – പ്രശസ്ത കഥാകൃത്ത് എം. രാജീവ്കുമാർ ! മാധവിക്കുട്ടിയുടെ കഥകളെപ്പറ്റി പിഎച്ച്ഡിക്കായി ഗവേഷണം നടത്തുകയായിരുന്നു രാജീവ്.  ഒരിക്കൽ രാജീവിനു സംശയം തോന്നി... നീർമാതളപ്പൂക്കളുടെ മണം എന്തായിരിക്കും ? മാധവിക്കുട്ടി പറഞ്ഞു... അതറിയാൻ എന്റെ കൂടെ വന്നോളൂ, നാലപ്പാട്ടെ തറവാട്ടിലേക്ക്.. മാധവിക്കുട്ടി അന്ന് തിരുവനന്തപുരത്താണ് താമസം.  രാജീവ് കുമാറിനെയും കൂട്ടി തൃശൂരിൽ ട്രെയിനിറങ്ങിയപ്പോൾ പഴയ കാലത്തെ പ്ളിമത്ത് കാർ കാത്തു കിടപ്പുണ്ട്.  വടക്കുന്നാഥന്റെ അമ്പലം ചുറ്റി കാർ നാലപ്പാട്ടേക്കു പോകുമ്പോൾ തൃശൂർ റൗണ്ടിലെ ശക്തൻ തമ്പുരാന്റെ പ്രതിമ ഒന്നു പാളി നോക്കിയോ എന്നുസംശയം. 

തമ്പുരാൻ നോക്കിയത് ആരെയാണ് ? കന്യാകുമാരിയിലെ സൂര്യാസ്തമയംകൊണ്ട് നെറ്റിയിൽ പൊട്ടു തൊട്ട കഥയുടെ തമ്പുരാട്ടിയെയോ, അതോ രാജകീയ പ്രൗഢിയുള്ള പ്ളിമത്ത് കാറിനെയോ ! യാത്രയ്ക്കിടെ മാധവിക്കുട്ടി പറഞ്ഞു.. അർധരാത്രിക്കു ശേഷം  ഞാൻ എഴുതാനിരിക്കുമ്പോഴാണ് നീർമാതളം പൂക്കുന്നത്. നാലപ്പാട്ടു തറവാട്ടിൽ രാജീവ് കുമാറിന് ഉറങ്ങാനായി മുറി ഒരുക്കിയത് മാധവിക്കുട്ടി നേരിട്ടായിരുന്നു. കുടിക്കാനായി മൺ‌കൂജയിൽ വെള്ളം നിറച്ച് കട്ടിലിനരികിൽ വച്ചിട്ട് മാധവിക്കുട്ടി പറഞ്ഞു... വേഗം കണ്ണടച്ച് കിടന്നോളൂ..  അർധരാത്രി കഴിയുമ്പോൾ നീർമാതളങ്ങൾ പൂക്കാൻ തുടങ്ങും. അന്നേരം മെല്ലെ ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റ് വടക്കോട്ടുള്ള ആ ജനാല തുറന്നു ശ്രദ്ധിച്ചോണം.  പൂമൊട്ടുകൾ വിടരുമ്പോൾ ചുണ്ടുകൾ തമ്മിൽ തൊടുമ്പോഴുള്ള മൃദുവായ ശബ്ദം കേൾക്കാം. 

രാജീവ് അനുസരണയുള്ള കുട്ടിയെപ്പോലെ കണ്ണടച്ചു കിടന്നു. രാജീവിനെ കിടത്തിയത് നാലപ്പാട്ടു തറവാട്ടിൽ യക്ഷിയെ കുടിയിരുത്തിയ മുറിയിലായിരുന്നു. മനുഷ്യരാരും ആ മുറി ഉപയോഗിച്ചിരുന്നില്ല.  രാത്രിയിൽ കൂട്ടിന് യക്ഷിയുണ്ടെന്ന കാര്യം മാധവിക്കുട്ടി പറഞ്ഞതുമില്ല. പിറ്റേന്ന് നേരം വെളുക്കുംമുമ്പ് ആരോ വാതിലിൽ മുട്ടി.  പേടിച്ചു വിറച്ച് രാജീവ് കുമാർ വാതിൽ തുറക്കുമ്പോൾ കൃസൃതിച്ചിരിയോടെ മുന്നിൽ മാധവിക്കുട്ടി.  രാത്രിയിൽ എന്തു സംഭവിച്ചു എന്ന് അറിയാനുള്ള വരവാണ്. 

കഥാകാരിയുടെ ചോദ്യം:   ഇന്നലെ ആരെങ്കിലും വന്നോ ? രാജീവ് കുമാർ പറഞ്ഞു.. പാതിരാക്കാറ്റായി അവൾ കയറി വന്നു.  മാധവിക്കുട്ടി ചോദിച്ചു.. എന്നിട്ട് ?ഞാൻ നീർമാതളപ്പൂ ചോദിച്ചു,  അവൾ പാലപ്പൂ നീട്ടി.  പിന്നെ എന്തുണ്ടായി ?ഞാൻ വാങ്ങാൻ മടിച്ചു, അപ്പോൾ അവൾ ചുണ്ണാമ്പു ചോദിച്ചു, ഞാൻ തീപ്പെട്ടി കൊടുത്തു. മാധവിക്കുട്ടി ഇലഞ്ഞിപ്പൂ പൊഴിയും പോലെ ചിരിച്ചു. എന്നിട്ട് ചൂണ്ടിക്കാട്ടിക്കൊടുത്തു.  രാജീവ് കുമാർ ഉറങ്ങാൻ കിടന്ന കട്ടിലിനരികിൽ രാത്രിയിൽ ആരോ മറന്നു വച്ചതുപോലെ ഒരുകുല നീർമാതളപ്പൂ !

നീർമാതളപ്പൂ തേടി തൃശൂരിൽ റയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ അമലിനെയും ലാവണ്യയെയും ഓട്ടോക്കാരൻ കൊണ്ടെത്തിച്ചത്  കുന്നംകുളത്തെ ഒരു പൂക്കച്ചവടക്കാരന്റെ മുന്നിൽ. അയാൾ പറഞ്ഞു.. സാധനം രണ്ടു ടൈപ്പുണ്ട്. ജൈവവും കീടനാശിനി ഉപയോഗിച്ചതും. ഏതു വേണം ? ജൈവത്തിന് വില അൽപം ജാസ്തിയാ.. ! ലാവണ്യ പറഞ്ഞു.. ജൈവം മതി. അതാ സേഫ്...

പൊതിഞ്ഞു കൊടുക്കുമ്പോൾ കച്ചവടക്കാരൻ പറഞ്ഞു..  ആവശ്യം കഴിഞ്ഞ് ബാക്കിയുള്ളത് ഫ്രിജിൽ വച്ചാൽ ഒരു മാസം വരെ വാടാതെ ഇരിക്കും.തിരിച്ചു പോരുമ്പോൾ അവർ കണ്ടു, പൈപ്പിൻ ചുവട്ടിലും കോൾപ്പാടങ്ങളുടെ വരമ്പത്തും അമ്പലക്കുളത്തിന്റെ മതിലിലും ആരുടെയൊക്കെയോ തൊടിയിലും എല്ലാം ചിരിച്ചു നിൽക്കുന്നുണ്ട് ഇതേ പൂക്കൾ ! നോക്കുന്നിടത്തെല്ലാം പൂവുൽസവം ! ലാവണ്യ സംശയിച്ചു... ഇത്രയും കോമൺ ആണോ നീർമാതളം ? അതിന്റെ നിറം തീമഞ്ഞയല്ലേ..? ഇതു വെളുത്തതാണല്ലോ.. ! ആ കച്ചവടക്കാരൻ നമ്മളെ പറ്റിച്ചതാണോ !

അമൽ അവളെ ആശ്വസിപ്പിച്ചു.. നീർമാതളപ്പൂ... പ്രണയിക്കുന്നവരുടെ പൂവാണത് ! സ്വപ്നങ്ങളുടെ നിറമാണതിന്.. നീ അണിയുന്ന കുർത്തികൾ പോലെ.. ഇന്നലെ മഞ്ഞ, ഇന്ന് പർപ്പിൾ.. നിനക്ക് ഓരോ ദിവസവും ഓരോ അഴകല്ലേ.. ! അതുപോലെ നീർമാതളത്തിന് ഓരോ ദിവസവും ഓരോ നിറമായാലെന്ത്...?  അയാൾ നമ്മളെ പറ്റിച്ചെങ്കിലെന്ത്.. ?