ബൈക്ക് കോമരം, പൂമരത്തിനത് വേണ്ട..!

Illustration: Munaz Zidhiq

ലോകത്ത് എല്ലായിടത്തും ബൈക്കുകളുടെ  പ്രായം 20 ആണ് ! സ്വഭാവം കോളജ് വിദ്യാർഥിയുടേതും..! മലയാള സിനിമയിലെ യുവതാരം കാളിദാസനും ഏതാണ്ട് ഇതേ പ്രായമാണ്. എന്നിട്ടും ജയറാമും പാർവതിയും മകൻ കാളിദാസനോടു പറഞ്ഞിട്ടുണ്ട്.. ചോദിക്കുന്നതെന്തും വാങ്ങിത്തരാം, കണ്ണൻ ബൈക്ക് മാത്രം ചോദിക്കരുത് ! കാളിദാസന്റെ വീട്ടിൽ ബിഎംഡബ്ളിയുവിന്റെ സൈക്കിളും കാറുമുണ്ട്. പശുവുണ്ട്, പട്ടികളുണ്ട്. പണ്ട് ആനയുമുണ്ടായിരുന്നു. ബൈക്ക് മാത്രം ഇല്ല. അതിൽ കാളിദാസനു പരാതിയുമില്ല.

കാരണം റോങ് സൈഡിലെ ഓവർടേക്കിങ്, റോഡിലെ റേസിങ്, പെൺകുട്ടികളെ കാണുമ്പോൾ ഈണത്തിലുള്ള ഹോണടി, നാണത്തിലുള്ള ലൈനടി ഇതൊന്നും ജയറാം സമ്മതിക്കില്ല. ഇതൊന്നും പറ്റാതെ ബൈക്ക് ഓടിച്ചിട്ടു കാര്യവുമില്ല !കാളിദാസനും അനിയത്തി മാളവികയും കുട്ടികളായിരിക്കുന്ന സമയം.  കാളിദാസനെ കഥകളുടെ കൊമ്പനാനപ്പുറത്തു കയറ്റിയിരുത്തുമായിരുന്നു ജയറാം.  ഒരിക്കൽ പറഞ്ഞ കഥയിതാണ്. മാളവികയെ രാത്രിയിൽ കാട്ടാന പിടിച്ചു. എന്നിട്ട് ആ ആന കാടിന്റെ ഉള്ളിലെ ഇരുട്ടിലേക്ക് ഓടിപ്പോയി. ജയറാം കാളിദാസിനോടു പറഞ്ഞു..  കണ്ണാ, നീ കാട്ടിൽപ്പോയി മാളൂനെ രക്ഷിച്ചുകൊണ്ടു വരണം.

പാർവതി ചോദിച്ചു: എങ്ങനെ രക്ഷിക്കും കണ്ണാ...? കൊച്ചുകാളിദാസൻ പറഞ്ഞു.. ഞാൻ ബൈക്കിൽപ്പോയി ആനയെ വെടിവച്ചു കൊന്നിട്ട് മാളൂനെ രക്ഷിക്കും.ജയറാം പറഞ്ഞു.. ബൈക്കിൽ പോകണ്ട. വെടി വയ്ക്കാനും പാടില്ല.  നമ്മുടെ വീട്ടിൽ ആനയുണ്ടല്ലോ..  അതിന്റെ പുറത്തു കയറി കാട്ടിൽച്ചെന്ന് ആദ്യം കാട്ടാനയെ മെരുക്കണം. എന്നിട്ട് അനിയത്തിയെ രക്ഷിച്ചുകൊണ്ടു വരണം. ഇത്തരം ആനക്കഥകൾ‌ കേട്ടു കേട്ട് വളർന്ന കാളിദാസന്റെ അവധിക്കാല യാത്രകളെല്ലാം കാടുകളിലേക്കായിരുന്നു. 

രണ്ടു വർഷം മുമ്പ് പോയത് രാജസ്ഥാനിലെ രന്തൻബോറിലാണ്. അവിടെയായിരുന്നു മച്ഛലി എന്ന പെൺകടുവയുടെ താമസം. ആ കാട്ടിൽ 62 കടുവകളുണ്ട്. അവയുടെയെല്ലാം രാജ്ഞിയാണ് മച്ഛലി ! കടുവകളിലെ കടുവാ റായിയാണവൾ. എന്നുവച്ചാൽ ഐശ്വര്യ റായി !  കാട്ടിൽ ബ്രിട്ടീഷുകാർ പണിത ഒരു ബംഗ്ളാവിലാണ് അവളുടെ താമസം. മുതലകളെ പിടിക്കലും വൈൽഡ് ലൈഫ് ഫോട്ടോഗ്രഫർമാരുടെ ക്യാമറയ്ക്കു പോസു ചെയ്യലുമാണ് മച്ഛലിയുടെ ഹോബി.  ലോകത്ത് ഏറ്റവും അധികം ഫോട്ടോകൾക്ക് പോസ് ചെയ്തത് അവളാണ്. 

മച്ഛലിയുടെ ഫോട്ടോയെടുക്കാൻ കാളിദാസനും മോഹം തോന്നി.  അങ്ങനെ ജയറാമും കുടുംബവും രന്തൻബോറിലെത്തി. ഒരാഴ്ചയോളം താമസിച്ചിട്ടും മച്ഛലി വന്നില്ല. അവളുടെ ഭർത്താവും മക്കളും പേരക്കുട്ടികളുമൊക്കെ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടും. ജയറാം അവരോടെല്ലാം ചോദിച്ചു. അവരൊക്കെ പറഞ്ഞു.. വരും, വരാതിരിക്കില്ല.. എന്നാണെന്ന് പറയാൻ പറ്റില്ല ! പ്രേക്ഷകർ പൂമരം വരാൻ കാത്തിരുന്നതുപോലെ കാളിദാസൻ കാട്ടിൽ  മച്ഛലി വരാൻ കാത്തിരുന്നു. അവൾ വന്നില്ല.ഒരാഴ്ച കാട്ടിൽ കഴിഞ്ഞിട്ട് നിരാശയോടെ തിരിച്ചുപോന്നു.  ആറു ദിവസം കഴിഞ്ഞപ്പോൾ ആ വാർത്ത വന്നു. മച്ഛലി മരിച്ചു.  പ്രധാനമന്ത്രി വരെ അവളുടെ മരണത്തിൽ അനുശോചിച്ചു. ദേശീയ പതാക പുതപ്പിച്ചായിരുന്നു അവളുടെ സംസ്കാരം. 

കാളിദാസന്റെ അടുത്ത യാത്ര ജർ‌മനിയിലേക്കായിരുന്നു. ജർമനിയിലെ ഓട്ടോബാൻ ഹൈവേ സ്പീഡിനു പേരു കേട്ട സ്ഥലമാണ്.   വാഹനങ്ങളുടെ ട്രെസ്റ്റ് ഡ്രൈവ് നടക്കുന്നതൊക്കെ ഈ ഹൈവേയിലാണ്. ആ റോഡിൽ എത്ര സ്പീഡിലും വണ്ടി ഓടിക്കാം. ഓവർസ്പീഡ്, പെറ്റിക്കേസ്, ഋഷിരാജ് സിങ് എന്നൊക്കെ പറഞ്ഞാൽ ആളുകൾ ചിരിക്കും. ഈ ഹൈവേയിലൂടെ മണിക്കൂറിൽ‌ 300 കിലോമീറ്റർ വേഗത്തിൽ കാളിദാസൻ കാറോടിച്ചു. വിവരം അറിഞ്ഞ് ജയറാം വിരട്ടാൻ നോക്കിയപ്പോൾ കാളിദാസൻ പറഞ്ഞു.. 300 കിലോമീറ്ററിൽ കുറച്ച് സ്പീഡിൽ ഓടിച്ചാൽ പിന്നാലെ വരുന്ന വണ്ടികൾ പിന്നിൽ വന്നിടിക്കും, അച്ഛാ..

എങ്കിൽ കണ്ണന് ഇനി കാറിന്റെ കീ കൊടുക്കേണ്ട എന്നായി ജയറാമിന്റെയും പാർവതിയുടെയും തീരുമാനം. പിറ്റേന്നു രാവിലെ എല്ലാവരും കൂടി കറങ്ങാനിറങ്ങുമ്പോൾ അനിയത്തി മാളു പറഞ്ഞു.. ചേട്ടൻ ഓടിച്ചാൽ മതി. അതാ ത്രിൽ ! അപ്പോൾ കാളിദാസൻ ചിരിയുടെ പൂമരമായി !