നടക്കില്ല മോനേ

Illustration Girish A. K.

റീത്താമ്മാവിയുടെ മകൻ  റിജോയി ഞായറാഴ്ച അതിരാവിലെ എഴുന്നേറ്റ് പച്ചവെള്ളത്തിലും ഭാര്യ പിങ്കി പെർഫ്യൂമിലും കുളിച്ചു. ജുബ്ബയും കസവു സെറ്റും ഉടുത്ത് പലതവണ സെൽഫിയെടുത്തു. രണ്ടു പേരും അമേരിക്കയിൽ നിന്നു വന്നിട്ട് ഒരാഴ്ച ആയിട്ടുള്ളൂ. രണ്ടു ദിവസം മുന്നേ വാങ്ങിയ പുത്തൻ ബിഎംഡബ്ല്യു വെഞ്ചരിക്കാനായി പള്ളിയിൽ കൊണ്ടുപോകാനുള്ള ഒരുക്കമാണ്. ഇറങ്ങാൻ നേരം പിങ്കി അമ്മായിയമ്മയായ റീത്താമ്മാവിയെ വിളിച്ചു.. വാ അമ്മച്ചീം കൂടേക്കേറ്, പ്ളീസ്..

റീത്താമ്മാവി പറഞ്ഞു.. വേണ്ടെടീ കൊച്ചേ..  ഞാൻ നടന്നു വന്നോളാം. അതാ അതിന്റേ ശേല് പിങ്കിക്ക് ദേഷ്യം വന്നു. അവൾ  ഭർത്താവിനോടു ചോദിച്ചു.. അതെന്നാ റീച്ചായാ, എന്റപ്പൻ സ്ത്രീധനം തന്ന പൈസ കൊണ്ടു വാങ്ങിയതു കൊണ്ടാണോ നിങ്ങടെ അമ്മച്ചിക്ക് ഒരു കെറുവ്. റീജോയി പറഞ്ഞു.. അമ്മച്ചിക്ക് ബിഎംഡബ്ല്യുവിലെ തണുപ്പ് പറ്റത്തില്ലെടീ. ഇങ്ങനെ ആയാൽ ഈ അമ്മച്ചി എങ്ങനെ മൊബൈൽ മോർച്ചറീൽ കിടക്കും !

എൻഫീൽഡ് ബുള്ളറ്റിന്റെ പെട്രോൾ ട്യൂബിൽ കരടു കേറിയിട്ട് തുമ്മുന്നതുപോലെ ഒരാട്ടു വച്ചു കൊടുത്തിട്ടു റീത്താമ്മാവി പറഞ്ഞു..  അധികം തണുപ്പിക്കല്ലേടാ മോനേ..

എന്നിട്ട് റീത്താമ്മാവി ആ ബിഎംഡബ്ല്യുവിന്റെ മുന്നിലൂടെ  ഇങ്ങനെ തലയുയർത്തി നടന്നു. കാർ രണ്ടാം ഗിയറിൽ മടിച്ചു മടിച്ച് പുള്ളിക്കാരിയുടെ പിന്നാലെ.. അങ്ങനെ പള്ളി വരെ. പള്ളിമേടയിൽ നിന്ന ഫാ. സെബാസ്റ്റ്യൻ തോട്ടുങ്കൽ ആ വരവു കണ്ട് കുഞ്ഞാടുകളോടു പറഞ്ഞു.. നടക്കാത്ത ഒരു സ്വപ്നവും ഈ റീത്താമ്മാവി കണ്ടിട്ടില്ല.  നടന്നെത്താൻ പറ്റാത്ത ഒരു കാര്യവും ജീവിതത്തിൽ ആഗ്രഹിച്ചിട്ടുമില്ല. സംഗതി സത്യമാണ്. ഇടുക്കി പഴയകണ്ടം പൂപ്പറമ്പിൽ റീത്താമ്മ ജീവിതത്തിൽ ഇന്നേ വരെ ബസിലും ഓട്ടോയിലും ട്രെയിനിലും എന്നല്ല ഒരു വണ്ടിയിലും കയറിയിട്ടില്ല. പള്ളിയിലും കടയിലും ആശുപത്രിയിലും ബന്ധുവീട്ടിലുമൊക്കെ നടന്നു നടന്ന് നടന്ന് പോകും. എത്ര ദൂരമാണെങ്കിലും ഏതു സമയത്താണെങ്കിലും നടക്കും.  ഇപ്പോൾ പ്രായത്തിന്റെ 76–ാം മൈലിലൂടെ നടക്കുന്നു. 

പള്ളിയിലേക്ക് ആറു ജപമാല ദൂരം. കട്ടപ്പനയിലേക്ക് ഒരു പകൽ.  അതാണ് റീത്താമ്മാവിയുടെ കണക്ക്.  53 മണികളുള്ള ജപമാല ആറു തവണ എണ്ണിത്തീരുമ്പോൾ പള്ളിമുറ്റത്തെത്തും. അതിരാവിലെ ഇറങ്ങി നടന്നാൽ വൈകുന്നേരം കട്ടപ്പന ടൗണിലും. ഏറ്റവും ദൂരെ പോയിട്ടുള്ള സ്ഥലം കട്ടപ്പനയാണ്. ടാറിട്ട റോഡുകൾ കുറച്ചേ ഉപയോഗിക്കൂ. അതിന്റെ രഹസ്യം ഒരിക്കൽ റീത്താമ്മാവി പറഞ്ഞു. ഇടവഴികളുടെ നാടാണ് ഇടുക്കി. നേരിട്ടു ചെല്ലാൻ അതാണ് എളുപ്പം.  

മകൻ അമേരിക്കയിലായി അത്യാവശ്യം സൗകര്യമൊക്കെയായപ്പോൾ ഒരിക്കൽ ഭർത്താവ് കറിയാക്കുട്ടി പറഞ്ഞു.. എടീ, ഇങ്ങനെ നടന്നാൽ നാട്ടുകാരു വിചാരിക്കും നമ്മൾ വെറും കഞ്ഞികളാണെന്ന്. പിറ്റേന്ന് കുഴുത്തൊളു പള്ളിയിൽ‌ ഒരു മരിച്ചടക്കിന് പോകാൻ ഇറങ്ങുമ്പോൾ റീത്താമ്മാവി കഴുത്തിൽ പത്തുപവന്റെ കാശുമാലയും മാങ്ങാപ്പൊളിമാലയും എടുത്തിട്ടു.  കൈമുട്ടുവരെ സ്വർണവളകളുടെ തിളക്കം കണ്ട് കണ്ണു മഞ്ഞളിച്ച കറിയാക്കുട്ടിയോട് റീത്താമ്മാവി പറഞ്ഞു..  ഇനി അലവലാതിത്തരം പറഞ്ഞേക്കരുത്. 

ഇങ്ങനെയൊക്കെയുള്ള റീത്താമ്മാവി ജീവിതത്തിൽ ഒരിക്കൽ മാത്രമേ ആലോചിച്ചിട്ടുള്ളൂ, വണ്ടിയിൽ കേറണോ എന്ന്.. അതൊരു ആംബുലൻസിലായിരുന്നു. ഭർത്താവ് കറിയാക്കുട്ടിക്ക് നെഞ്ചിനകത്ത് ഉരുൾ പൊട്ടിയ ദിവസം.  മകനും മരുമകളും അമേരിക്കയിലാണ്. ലൈറ്റും കത്തിച്ച് വെപ്രാളം പിടിച്ച ആംബുലൻസ് ഡ്രൈവറു ചെറുക്കനോടു റീത്താമ്മാവി പറഞ്ഞു.. നീ പുള്ളിക്കാരനേംകൊണ്ട് കത്തിച്ചു വിട്ടോ, ആശുപത്രീൽ ചെല്ലുമ്പോഴേക്കും ഞാൻ അങ്ങു വന്നോളാം.

അന്ന് ഭർത്താവിനെ കൊണ്ടു പോകുന്ന ആംബുലൻസിനു പിന്നാലെ മരിയൻ ആശുപത്രി വരെ റീത്താമ്മാവി ഓടി. അതേ സ്പീഡിൽ !

ആംബുലൻസിന്റെ കൂടെയെത്തിയ റീത്താമ്മാവിയുടെ ബിപി പരിശോധിച്ചിട്ട് ഡോക്ടർ നഴ്സിനോടു പറഞ്ഞു.. ഇതൊരു ഫോബിയയാ, മെഡിക്കൽ സയൻസിൽ ഇതിന് സ്പെസിഫിക് ഫോബിയ എന്നു പറയും. വാഹനങ്ങളിൽ കയറിയാൽ മരിച്ചുപോകുമോ എന്നുള്ള പേടി...

റീത്താമ്മാവി പറഞ്ഞു.. സമയമാകുമ്പോ കർത്താവു കൊണ്ടുപോകാൻ വരുന്നതു കാറേലല്ലല്ലോ, ഡോക്ടറേ... ഞാനാ കയ്യേപ്പിടിച്ചു നടന്നുതന്നെയങ്ങു പോകും.

ഇക്കഥയിലെ നായിക റീത്താമ്മാവി ഇത്തവണത്തെ പെരുമഴക്കാലത്താണ് മരിച്ചത്. കമ്പിയെല്ലാം പൊട്ടി നാട്ടിൽ കറന്റുപോയതിനാൽ മൊബൈൽ മോർച്ചറിയിൽ കിടത്തേണ്ടി വന്നില്ല. ഉരുൾപൊട്ടി റോഡുകളെല്ലാം തകർന്നുപോയതുകൊണ്ട് പള്ളിയിലേക്ക് ബോഡി കൊണ്ടുപോയത് ചുമന്നുകൊണ്ടാണ്. 

പള്ളിയിലേക്ക് ശവമഞ്ചലിൽ യാത്ര ചെയ്യുമ്പോൾ റീത്താമ്മാവി ഒരുനിമിഷം ആലോചിച്ചു..  ഇറങ്ങി നടന്നാലോ !