തോമസ്കുട്ടീ, വിട്ടോടാ..!

മുകേഷ്

മമ്മൂട്ടി മുകേഷിനോടു പറഞ്ഞു : മോശമായിപ്പോയി !

1921 എന്ന സിനിമയുടെ ഷൂട്ടിങ് സമയത്തായിരുന്നു സംഭവം. മമ്മൂട്ടിയും മുകേഷും രതീഷുമൊക്കെയാണ് ആ സിനിമയിലെ അഭിനേതാക്കൾ.

മുകഷിന് അന്ന് ഒരു പുതിയ മാരുതി ഉണ്ട്. രതീഷ് ആ കാർ ഓടിക്കാൻ ചോദിച്ചു. മുകേഷ് കൊടുത്തില്ല. ഈ പ്രശ്നത്തിലാണ് മമ്മൂട്ടി ഇടപെട്ടത്.

പുത്തൻ വണ്ടികളുടെ ആരാധകനാണ് രതീഷ്. ഇടയ്ക്കിടെ വണ്ടികൾ മാറുന്ന, സ്ഥിരമായി ഫോറിൻ കാറുകൾ ഓടിച്ചു നടക്കുന്നയാൾ.

മമ്മൂട്ടി പിന്നെയും ചോദിച്ചു:രതീഷിന് ഓടിക്കാൻ നിന്റെ കാർ കൊടുത്താലെന്താ ?മുകേഷ് പറഞ്ഞു : കൊടുക്കില്ല

കാരണം ഇതാണ്. തലേ ദിവസം രാത്രി രതീഷും കുറെ കൂട്ടുകാരും ചേർന്ന് ഒരു ജീപ്പിൽ വേട്ടയ്ക്ക് പോയി. കുന്നു കയറി വേണം കാട്ടിൽ പോകാൻ. റോഡില്ല, പകരം നിറയെ കാട്ടുകല്ലുകളാണ്.ഫോർവീൽ ഡ്രൈവ് ജീപ്പ് കയറ്റം കയറാൻ ശേഷിയില്ലാതെ ഓഫായിപ്പോയി.ആ റൂട്ടിൽ പോകാനാണ് രതീഷ് മുകേഷിന്റെ പുതിയ കാർ ചോദിച്ചത്.

കൊടുക്കണോ മമ്മൂക്കാ എന്ന് മുകേഷിന്റെ ചോദ്യം കേട്ടപാടെ മമ്മൂട്ടി അവനെ ഞാൻ കൊല്ലും എന്നു പറഞ്ഞു വണ്ടി ഓടിച്ചു പോയി !

മമ്മൂട്ടിയെപ്പോലെയോ രതീഷിനെപ്പോലെയോ വണ്ടികളോടു ക്രേസ് ഉള്ള ആളല്ല മുകേഷ്. എന്നിട്ടും എന്നും പുതിയ വണ്ടികൾ മുകേഷിന്റെ കസ്റ്റഡിയിലുണ്ട്.

ആദ്യം വാങ്ങിയത് ഒരു മാരുതി. അക്കാലത്ത് കേരളത്തിലെ ഒരു കാറിനും മാരുതിയെ ഓവർടേക്ക് ചെയ്യാൻ ശേഷിയില്ലെന്നു മുകേഷ് പറയും.

എവിടെ ചെന്നാലും ആളുകൂടും.എങ്ങനെയുണ്ട് ഓടിച്ചിട്ട്? എത്ര കിട്ടും മൈലേജ് ? ഭയങ്കര തണുപ്പാണോ?ജലദോഷം പിടിക്കുമോ? — ഇങ്ങനെ നൂറു സംശയങ്ങൾ.

ഒരിക്കൽ കൊല്ലത്തു നിന്ന് കാറിൽ എറണാകുളത്തിനു വരികയാണ്. സ്വർണനിറത്തിൽ ലൈറ്റപ്പ് ചെയ്ത സന്ധ്യ. ചാറ്റൽ മഴയുണ്ട്.ചേർത്തലയിലെ വളവിൽ കാർ സ്കിഡ് ചെയ്തു. സ്കിഡ് ചെയ്താൽ പിന്നെ ഡ്രൈവർക്ക് റോളില്ല. വണ്ടി സ്വന്തമായി ചെയ്തോളും.കാർ ഡിവൈഡറിലൂടെ കയറി അടുത്ത ട്രാക്കിലേക്കു മറിഞ്ഞു.

ഡ്രൈവിങ് സീറ്റിന്റെ സൈഡ് താഴെയും നാലു ടയറും അന്തരീക്ഷത്തിലുമായി കിടക്കുകയാണ് കാർ. ശബ്ദം കേട്ട് ആളുകൾ ഓടിക്കൂടുന്നത് മുകേഷ് കണ്ടു. തന്നെ തിരിച്ചറിഞ്ഞാൽ അപകടമാണ്. വാർത്തയാകും. വണ്ടി തുടയ്ക്കാൻ ഉപയോഗിക്കുന്ന മഞ്ഞത്തുണി ഡാഷ് ബോർഡിലുണ്ട്. അതുകൊണ്ട് കണ്ണ് ഒഴികെയുള്ള ഭാഗങ്ങൾ മൂടിക്കെട്ടി.

മുകളിലേക്കുള്ള ഡോർ കാൽ കൊണ്ട് തുറന്ന് മുകേഷ് അന്തരീക്ഷത്തിലേക്ക് ഉയർന്നു വന്നു. മുഖം മൂടിയതുകൊണ്ട് ആരും തിരിച്ചറിയുകയുമില്ല, ചമ്മൽ പുറത്തു കാണുകയുമില്ല.. ഭാഗ്യം !ആൾക്കൂട്ടത്തിൽ നിന്ന് ഒരാൾ ഗ്ലാസുമായി ഓടി വന്നു : ചൂടുവെള്ളം..

മുകേഷ് വേണ്ടെന്നു പറഞ്ഞിട്ടും അയാൾ വഴങ്ങിയില്ല. ആ വളവിൽ വണ്ടി മറിയുമ്പോൾ സ്ഥിരമായി ചൂടുവെള്ളം കൊടുക്കുന്നത് അയാളാണ്. വീട്ടിലെ ഫ്ളാസ്കിൽ എപ്പോഴും ചൂടുവെള്ളം റെഡിയാണ്, വണ്ടി മറിഞ്ഞു കിട്ടിയാൽ മതി !മുഖത്തെ മഞ്ഞത്തിരശ്ശീല മാറ്റാതെ മുകേഷ് വെള്ളം കുടിച്ചു.

അതുവഴി വന്ന ഒരു ടാക്സി കൈകാണിച്ചു നിർത്തി ചാടിക്കയറിയിട്ടു ഡ്രൈവറോടു പറഞ്ഞു : തോമസ്കുട്ടീ വിട്ടോടാ..!

അന്ന് മുകേഷ് ഒരു പരുക്കുപോലുമില്ലാതെ രക്ഷപ്പെട്ട സ്ഥലത്താണ് കുറെ നാൾ കഴിഞ്ഞ് നടി മോനിഷ കാർ അപകടത്തിൽ മരിച്ചത് — ചേർത്തലയിലെ എക്സ്റേ കവല.

പുത്തൻ മാരുതിയിൽ നിന്ന് മുകേഷ് കോൺടെസയിൽ കയറി. പിന്നെ ബലേനോ ആയി. പിന്നീട് ഫോർഡ് എൻഡവർ പോലുള്ള എസ്യുവികളിലേക്കു മാറി.ബിഎംഡബ്ലിയു എക്സ് ത്രീ വന്നു... ത്രീ കഴിഞ്ഞാൽ താഴേക്കു പോകാൻ പാടില്ലല്ലോ. — അതുകൊണ്ട് 5 ! ഔഡി ക്യൂ 5.ഇനി മോഹം ലെക്സസിന്റെ എസ്യുവി ആണ്.

ഒരുപാട് പണമുണ്ടായിട്ടൊന്നുമല്ല, ലോൺ എടുത്താണ് എല്ലാ വണ്ടികളും വാങ്ങുന്നത് എന്ന കാര്യം പ്രത്യേകം എഴുതണമെന്ന് മുകേഷ് ഓർമിപ്പിച്ചു.