ബുള്ളറ്റ് തന്നെ പ്രൂഫ് ഈ ധൈര്യത്തിന് !

ബൈക്കിന്റെ നൊസ്റ്റാൾജിയ കാൽവണ്ണയിലെ പൊള്ളലാണ്.

ലാൽ ജോസിന്റെ നീനയെന്ന സിനിമയിലൂടെ മലയാളത്തിലെ പുതിയ തരംഗമായ നടി ദീപ്തി സതിക്കും അതുണ്ട്.

കൂതിരകളും ബൈക്കും ഒരേ സ്വഭാവക്കാരാണ്. ആദ്യം ഒന്നു പേടിപ്പിക്കും. രണ്ടു മൂന്നു തവണ മറിച്ചിടാൻ നോക്കും. കാലു പൊള്ളിക്കും. എന്നിട്ടും പേടിക്കാതെ ധൈര്യപൂർവം പുറത്തു കയറി സവാരി ചെയ്യുന്ന ആൾക്കു മുന്നിൽ കീഴടങ്ങും. പിന്നെ നന്നായി മെരുങ്ങും.

നല്ലൊന്നാന്തരം ബൈക്കറാണ് ദീപ്തി സതി.

മുംബൈയിൽ വച്ച് ദീപ്തിയെയും വിരട്ടാൻ നോക്കിയിട്ടുണ്ട്. അച്ഛൻ ദിവ്യേഷിന്റെ യൂണികോൺ ബൈക്ക് ഓടിച്ചു നോക്കുമ്പോഴായിരുന്നു അത്.

അന്ന് ദീപ്തി സ്കൂളിലാണ്.

രണ്ടോ മൂന്നോ തവണ വീണു, സൈലൻസറിൽ തട്ടി കാലുപൊള്ളി. അതിന്റെ പാടുകളുമുണ്ട് — ദീപ്തി ആവേശത്തോടെ പറയും.

വിട്ടുകൊടുത്തില്ല. അച്ഛന്റെ ബൈക്കെടുത്ത് മുംബൈ നഗരത്തിലൂടെ ഓടിക്കാൻ തുടങ്ങി. കോളജിലെത്തിയപ്പോൾ കൂട്ടുകാരുടെ മോഡിഫൈഡ് ബൈക്കുകൾ അവിടെ കാത്തിരിക്കുന്നു. മുംബൈയിൽ ബാന്ദ്ര മുതൽ വർളി വരെ കടലിനു മുകളിലൂടെയുള്ള റോഡുണ്ട് — സീലിങ്ക് റോഡ്. ഇന്ത്യയിലെ അത്ഭുതങ്ങളിൽ ഒന്നാണ് ഈ പാത. 5.6 കിലോമീറ്റർ ദൂരം. ഷൂമാക്കർ 200 കിലോമീറ്ററിലധികംവേഗത്തിൽ കാറോടിച്ചിട്ടുള്ള റോഡാണിത്. രാത്രിയിൽ തിരക്കൊഴിയുന്ന നേരം നോക്കി ഈ റോഡിലൂടെ അച്ഛനോടും ഫ്രണ്ട്സിനോടുമൊപ്പം ബൈക്ക് ഓടിക്കുന്നതായിരുന്നു ദീപ്തിയുടെ ഹോബി.

അപ്പോഴാണ് ലാൽ ജോസ് വിളിച്ചത് നീനയിലെ നായികയാകാൻ..

രണ്ടു കണ്ടിഷൻ.

ഭംഗിയുള്ള മുടി കഴുത്തിനൊപ്പിച്ചു മുറിക്കണം. ബുള്ളറ്റ് ഓടിക്കണം.

രണ്ടിനും റെഡി.

അഞ്ചടി ഏഴിഞ്ച് ഉയരവും മുല്ലവള്ളി പോലെ മെലിഞ്ഞ ശരീരവുമുള്ള ദീപ്തി ആദ്യമായി ബുള്ളറ്റ് ഓടിക്കുന്നത് നീനയുടെ ഷൂട്ടിങ്ങിന്റെ തലേന്നാണ്.

കൊച്ചിയിലെ മരട് എന്ന സ്ഥലത്തെ ഒരു മൈതാനത്തു വച്ച് കീ കൈയിൽക്കൊടുത്തിട്ടു ലാൽ ജോസ് ചോദിച്ചു : ബുള്ളറ്റിനെ പേടിയുണ്ടോ ?

നോ സാർ.

മറിഞ്ഞു വീഴുമോ ?

ബൈക്ക് മറിച്ചിടാൻ നോക്കിയാലും ഞാൻ വീഴില്ല സാർ.

അങ്ങനെ മഴ പെയ്തു തോർന്ന സമയത്ത്, പുല്ലും ചെളിയും നിറഞ്ഞ മൈതാനത്തിലൂടെ ഒരു മണിക്കൂർ ദീപ്തി കൂളായി ബുള്ളറ്റോടിച്ചു.

പിറ്റേന്നു മുതൽ ഷൂട്ടിങ്.

കൊച്ചിയിൽ നല്ല ട്രാഫിക്കുള്ള സമയത്ത് പനമ്പിള്ളി നഗറിലും തേവരയിലുമൊക്കെ റോഡിലൂടെ ബൈക്ക് ഓടിക്കണം. പിന്നാലെ ഇന്നൊവ കാറിൽ ജോമോൻ ടി. ജോണിന്റെ നേതൃത്വത്തിൽ ക്യാമറാ സംഘം പിന്തുടരും. അങ്ങനെയായിരുന്നു ഷൂട്ടിങ്.

ഇടത്തുവശത്തൂടെ ഓട്ടോറിക്ഷകളും പ്രൈവറ്റ് ബസുകളും ഓവർടേക്ക് ചെയ്യുമ്പോൾ ആദ്യമൊക്കെ പേടി തോന്നി. പിന്നെ കൂളായി.

സിനിമയിലെ നായകൻ വിജയ് ബാബുവിനെ ബൈക്കിനു പിന്നിലിരുത്തി ഓടിക്കുന്ന രംഗങ്ങളുണ്ട്. വിജയിന് ആദ്യം നല്ല പേടിയായിരുന്നു. എനിക്ക് ഒരു മകനുണ്ട്. അവനെ അനാഥനാക്കരുത് — എന്നു തമാശയായി പറയുമായിരുന്നുവെന്ന് ദീപ്തി ഓർമിക്കുന്നു.

വിജയ് ബാബുവിന്റെ പേടി മാറിയെങ്കിലും ദീപ്തിയുടെ അമ്മ മാധുരിക്ക് മകളുടെ ബൈക്ക് യാത്ര ഇപ്പോഴും പേടിയാണ്.

ദീപ്തിയുടെ കഥാപാത്രത്തെപ്പറ്റി ലാൽ ജോസ് പറയുന്നതു കേട്ടപ്പോൾ അമ്മ ആദ്യമൊന്നു പേടിച്ചു — ദീപ്തിയുടെ കഥാപാത്രം മദ്യപിക്കും, പുകവലിക്കും, ബുള്ളറ്റ് ഓടിക്കും !

അമ്മ പറഞ്ഞു : ഞങ്ങളുടെ ഒരേയൊരു മകളാണ് ദീപ്തി.

മദ്യവും സിഗററ്റുമൊന്നും ഒറിജിനൽ വേണ്ടി വന്നില്ല. പക്ഷേ ബുള്ളറ്റ് ഒറിജിനൽ തന്നെ.. ! ആസ്വദിച്ച് ഓടിച്ചു — ദീപ്തി പറഞ്ഞു.

ഇനി ഇന്ത്യയൊട്ടാകെ ബൈക്കിൽ ഒന്നു കറങ്ങണമെന്ന മോഹം മനസ്സിൽ വച്ചിട്ടുണ്ട് ദീപ്തി.

ലോകമൊട്ടാകെ കാറിൽ കറങ്ങിയ സംവിധായകന്റെ നായിക ഇന്ത്യയൊട്ടാകെ ബൈക്കിലെങ്കിലും കറങ്ങിയില്ലെങ്കിൽ അതു മോശമല്ലേ.. !