ഒരു ജീവിതം എങ്ങനെ എളുപ്പത്തിൽ ഇല്ലാതാക്കാം ?

Illustration: Ajo Kaitharam

മരണം ഹോളി ആഘോഷിച്ചതുപോലെ, നിരഞ്ജന്റെ വൈറ്റ് കുർത്തയിലും ബ്ളൂ ജീൻസിലും ചോരയുടെ ചുവപ്പു പടർന്നിരുന്നു. കുസൃതി നിറഞ്ഞ അവന്റെ കണ്ണുകൾ മാത്രം ജീവൻ പൊലിഞ്ഞിട്ടും അതേ പോലെ.. റോഷ്നിയോട് വഴക്കിട്ട് മരണത്തിലേക്ക് ഡ്രൈവ് ചെയ്തതായിരുന്നു നിരഞ്ജൻ. മുംബൈയിലെ വാഷിയിൽ നിന്ന് ഞായറാഴ്ച രാവിലെ അവർ ഒരുമിച്ചിറങ്ങുമ്പോൾ കാര്യങ്ങൾ കൂളായിരുന്നു. ഇടയ്ക്കു വച്ച് ഒന്നും രണ്ടും പറഞ്ഞ് തമ്മിൽ വഴക്കായി. ആ ദേഷ്യം കാറിന്റെ സ്പീഡിൽ തീർത്തപ്പോൾ അവൾ പറ‍‍ഞ്ഞു: എനിക്ക് എന്റെ ജീവൻ വലുതാണ്. നിന്റെ ഈ ഭ്രാന്തിന് ഞാനില്ല കൂടെ.

എന്നാൽ ഇവിടെ ഇറങ്ങിക്കോ എന്നായി നിരഞ്ജൻ. വിത് പ്ളഷർ എന്ന് അവളുടെ മറുപടി. ഹൈവേയുടെ നടുവിൽ കോംപസ്കൊണ്ട് വാശിക്കൊരു യുടേൺ വരച്ച് നിരഞ്ജൻ കാർ ഇരമ്പിച്ചു നിർത്തി. ടയറുകളുടെ ചീറലിൽ റോഡിന്റെ നെഞ്ച് കറുത്ത നിറത്തിൽ മാന്തിക്കീറി.
റോഷ്നിയെ വഴിയിൽ ഇറക്കിവിട്ട് നാസിക്കിലേക്കുള്ള ഹൈവേയിലൂടെ പാഞ്ഞു പോയതാണ് നിരഞ്ജൻ. അവധി ദിവസങ്ങളിൽ റോഷ്നിയും നിരഞ്ജനും മുംബൈ നഗരത്തിൽ നിന്ന് കാറെടുത്ത് എവിടേയ്ക്കെങ്കിലും ഒളിച്ചോടുക പതിവായിരുന്നു. കുറെ ദൂരം ഡ്രൈവ് ചെയ്യും. ഹൈവേയുടെ അരികിലെ പഞ്ചാബി ധാബകളിൽ കയറി ചിക്കൻ പഹാഡിയും മട്ടൻ ഹണ്ടിയും പാലക് രാജ്മാ മസാലയും ദാൽ മഖാനിയുമൊക്കെ കഴിക്കും. ഓടിച്ചു മടുക്കുമ്പോൾ തിരിച്ചു പോരും. പൂത്തുനിൽക്കുന്ന യൗവനങ്ങളിലൂടെയുള്ള പ്രണയസഞ്ചാരങ്ങൾ..
അന്നും അതുപോലെ ഇറങ്ങിയതാണ് അടി വച്ചു പിരിഞ്ഞത്.

അവൻ തന്നെ വഴിയിലിറക്കി വിട്ടിട്ടു പാഞ്ഞു പോകുമെന്ന് റോഷ്നിയും കരുതിയില്ല. ആ ദേഷ്യത്തിന് റോഷ്നി മുംബൈയ്ക്ക് തിരിച്ചു പോന്നു. രാത്രി എപ്പോഴോ അവൾക്ക് വാട്സാപ്പിൽ ഒരു പിക്ചർ മെസേജ് വന്നു. പതിവായി കയറാറുള്ള ശ്രീകൈലാസ്നാഥ് ധാബയുടെ ദൃശ്യം. റോട്ടിയും ചിക്കൻ പഹാഡിയും കഴിക്കുന്ന നിരഞ്ജൻ. നിനക്കുള്ള ഭക്ഷണം ഞാൻ വാങ്ങി വച്ചിട്ടുണ്ട് എന്നൊരു ടെക്സ്റ്റ് മെസേജും. അത് വേസ്റ്റ് ബിന്നിൽ ഇട്ടേക്കൂ എന്നായിരുന്നു റോഷ്നിയുടെ മറുപടി. അതിന്റെ വാശിയിലുള്ള ഡ്രൈവിങ്ങാണ് ട്രെയ്‌ലർ ലോറിയിൽ ചെന്ന് തീർത്തത്. നേർരേഖ പോലുള്ള റോഡിൽ നേർക്കു നേരെയുള്ള ഇടിയായിരുന്നു. കാർ ഒരു കടലാസു പെട്ടി പോലെ ചളുങ്ങിപ്പോയി.

നാസിക്കിൽ നിന്ന് ഷിർദിയിലേക്കുള്ള ഹൈവേയുടെ അരികിൽ സിമിന്റ് കൊണ്ട് കെട്ടി ഉയർത്തിയ ഒരു പ്ളാറ്റ് ഫോമിൽ നിരഞ്ജന്റെ കാർ അതേപടി സൂക്ഷിച്ചിട്ടുണ്ട്. ആ കാറിനരികിൽ വണ്ടി നിർത്തിയിട്ട് ഡ്രൈവർ സുനിൽ ബാബു പറഞ്ഞു.. സാബ്, ഇതിനൊപ്പം നിന്ന് പലരും സെൽഫിയെടുക്കാറുണ്ട്.. ഇതിനൊരു കഥയുണ്ട്. രാത്രിയിൽ ആ ഹൈവേയിൽ വലിയ അപകടങ്ങൾ ഉണ്ടാവാറുണ്ട്. അത്തരം അപകടങ്ങളിൽ ഇടിച്ചു തകർന്ന വാഹനങ്ങൾ അതേപടി കൊണ്ടു വന്ന് ചതുരത്തിൽ കെട്ടിയ പ്ളാറ്റ് ഫോമുകളിൽ ഡിസ്പ്ളേ ചെയ്യും. വണ്ടികൾ പറപ്പിക്കാൻ വെമ്പുന്ന ഡ്രൈവർമാർക്ക് മഹാരാഷ്ട്രയിലെ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിന്റെ മുന്നറിയിപ്പാണത്.

നിരഞ്ജന്റെ കാറിനരികിൽ നിൽക്കെ സുനിൽ ബാബു പറഞ്ഞു.. ഇവിടെ ഒരു പെൺകുട്ടിയുടെ കണ്ണീര് വീഴാറുണ്ട്. നിരഞ്ജൻ മരിച്ചതിന്റെ ഓർമദിവസങ്ങളിൽ റോഷ്നി അവിടെ വരാറുണ്ട്. സന്ധ്യയ്ക്ക്.. ആ കൽക്കെട്ടിൽ ചെറിയ ചെറിയ വിളക്കുകൾ കൊളുത്തിവയ്ക്കാൻ. ടൂറിസ്റ്റുകളുമായി ആ വഴി പോകുന്നതിനിടെ ഒന്നോ രണ്ടോ തവണ സുനിൽ ബാബുവും റോഷ്നിയെ അവിടെ കണ്ടിട്ടുണ്ട്. ചീറിപ്പായുന്ന വണ്ടികളുടെ കാറ്റിൽ പേടിച്ചു വിറയ്ക്കുന്ന ദീപനാളങ്ങളുടെ വെളിച്ചത്തിൽ, ജീവിതത്തിലെ വെളിച്ചം കെട്ടുപോയ ആ പെൺകുട്ടിയെ.