ഡീസലാണേ... ഓട്ടമാറ്റിക്കും

രസകരം. ഡീസല്‍ ഓട്ടമാറ്റിക് സെഡാനുകളുടെ ഡ്രൈവിനെ വിശേഷിപ്പിക്കാൻ ഈ വാക്കാണു ചേർന്നത്. ഡീസൽ എൻജിന്റെ കുതിപ്പും അനായാസതയും ആദ്യ കാരണം ഒന്നാന്തരം ഓട്ടമാറ്റിക് ഗീയർബോക്സുകൾ രണ്ടാമത്തെ കാരണം വിപണിയിലെ മികച്ച, അല്ലെങ്കിൽ അധികം പേരും കളത്തിലിറക്കാത്ത ഓട്ടമാറ്റിക് ഡീസൽ സെഡാന്‍ സെഗ്‌മെന്റിലെ കാറുകൾ നേർക്കുനേർ. ഹ്യൂണ്ടായ് വെർണയുടെയും ഫോക്സ്‌വാഗൻ വെന്റോയുടെയും പോരാട്ടം നോക്കാം. എന്തുകൊണ്ടു വെർണയും വെന്റോയും? ഓട്ടമാറ്റിക് സെഡാനുകളിൽ പോപ്പുലാരിറ്റിയുള്ള രണ്ടു കാറുകളാണിവ. വെർണയുടെയും വെന്റോയുടെയും ഈ രണ്ടു വേരിയന്റുകളും ഡ്രൈവിങ് അനായാസമാകണമെന്നാഗ്രഹിക്കുന്നവർക്കും കരുത്തിൽ കോംപ്രമൈസ് ചെയ്യാനിഷ്ടമില്ലാത്തവർക്കും പ്രീയപ്പെട്ടവരാണ്. വെന്റോ നാലും വേരിയന്റുകളിലും വെർണ രണ്ടു വേരിയന്റുകളിലും ഓട്ടമാറ്റിക് ഗീയർബോക്സ നൽകുന്നുണ്ട്. 

വെന്റോ

എൻജിൻ, ഡ്രൈവ്

ഇന്ധനക്ഷമതയിൽ വെർണയെക്കാൾ മുന്നിലാണെങ്കിലും കരുത്തിൽ ഇത്തിരി പിന്നിലാണ് വെന്റോ. പക്ഷേ, ടോർക്ക് നൽകുന്നതിൽ കട്ടയ്ക്കു നിൽക്കുന്നുണ്ട്. 1498 സിസി എൻജിൻ, കരുത്ത് 110 പിഎസ്. ആർപിഎം നാലായിരം കയറിയാലേ പരമാവധി കരുത്ത് വെന്റോ പുറത്തെടുക്കുകയുള്ളൂ. മൈലേജ് 22.15 kmpl. ഹെവി സ്റ്റിയറിങ് വീൽ സിറ്റിയിൽ അൽപം പ്രയാസമുണ്ടാക്കുമെങ്കിലും ഉയർന്ന വേഗത്തിലെ കൃത്യതയിൽ കിടുക്കനാണ്. വാഹനം കൈയിൽ നിൽക്കും എന്നുള്ള ആത്മവിശ്വാസമാണ് ഫ്ലാറ്റ് ബോട്ടം സ്റ്റിയറിങ്ങിന്റെ പിന്നിലിരിക്കുമ്പോൾ കിട്ടുക, സ്റ്റെബിലിറ്റി പരിശോധിക്കാനായി പെട്ടെന്നു വളച്ചു കറക്കിയെടുത്തപ്പോൾ വെന്റോ നൽകിയ ആത്മവിശ്വാസം ചെറുതല്ല. ബ്രേക്കിങ് വെർണയെക്കാൾ മെച്ചം.

ഗിയർ ബോക്സ്

ഡ്യൂവൽ ഷിഫ്റ്റ് ഗിയർബോക്സ് (ഡിഎസ്ജി) കുതിപ്പിന് ഒരു ചെറുവിരാമമിടും ഓവർടേക്കിങ്ങിൽ നന്നായി കാൽ കൊടുത്താലും ഗീയർ ഡൗൺ ഫീൽ ശരിക്കും അനുഭവപ്പെടുന്നുണ്ട്. നഗരയാത്രയിൽ, അല്ലെങ്കിൽ എൻജിന്റെ കുറഞ്ഞ കറക്കത്തിൽ വെന്റോ ഒരു മെരുങ്ങാത്ത കുതിര പോലെ ചാടിച്ചാടിയാണു നില്‍ക്കുന്നത്. സ്പോർട് മോഡ് ഇട്ടാൽ കാര്യങ്ങൾ കുറച്ചുകൂടി സ്മൂത്താകും. ഹൈവേ ക്രൂസിങ്ങിൽ സെവൻ സ്പീഡ് ഗീയർബോക്സ് സ്പോര്‍ട്ടി പെർഫോമെൻസ് ആണു നൽകുന്നത്. മാന്വൽ ആയി ഗിയർ മാറ്റുമ്പോഴും വെന്റോയുടെ പ്രകടനം രസകരമാണ്. പക്ഷേ സാധാ മോഡിൽ വെർണയുടെ അനായാസത വെന്റോ നൽകുന്നില്ല.

∙ കൂടുതൽ ഇന്ധനക്ഷമത, ഹൈവേ ക്രൂസിങ്ങിലെ മികവ്, സ്ഥിരതയാർന്ന യാത്ര, കൃത്യതയുള്ള സ്റ്റിയറിങ്.

∙ ഗീയർമാറ്റം അറിയുന്നുണ്ട്. ഓവർടേക്കിങ്ങിൽ ഒന്നു പമ്മിയ ശേഷമേ കുതിയ്ക്കുകയുള്ളൂ.

വെർണ

എൻജിൻ, ഡ്രൈവ്

വെന്റോയെക്കാൾ കരുത്തുകൂടിയ എൻജിൻ. പെർഫോമെൻസിലും ഒന്നാമൻ, 1582 സിസി, കരുത്ത് 128 പിഎസ്. ടോർക്ക് വെന്റോയെക്കാൾ ഇത്തിരി കൂടുതലാണ്. ഇന്ധനക്ഷമതയിൽ പിന്നിലല്ല. ലിറ്ററിന് 21.02 കിലോമീറ്റർ പുറത്തിറങ്ങിയാൽ എൻജിന്റെ ശബ്ദം കേൾക്കില്ല പക്ഷേ, അകത്തിരുന്നാൽ നന്നായി അനുഭവപ്പെടും എന്നതാണ് രസകരം വെന്റോയിൽ ഇതു തിരിച്ചാണ്. വെന്റോയെക്കാൾ യാത്രാസ്ഥിരത കുറവാണ് വളവുകളും മറ്റും അത്ര ആത്മവിശ്വാസത്തോടെ കറക്കിയെടുക്കാൻ വെർണ പറ്റില്ല. ഹൈവേ ക്രൂസിങ്ങിലും ഈ സ്ഥിരതക്കുറവ് വെന്റോയെ അപേക്ഷിച്ചു കുറവാണ്. എന്നാൽ പഴയതിനേക്കാൾ മെച്ചപ്പെട്ടിട്ടുണ്ട്.

ഗീയർ ബോക്സ്

വെന്റോയെക്കാളും സ്മൂത്ത് ഗീയർബോക്സ്. സിറ്റിയിൽ അനായാസം നീങ്ങുവാനും ഓവർടേക്കിങ്ങിൽ ഷിഫ്റ്റ് ലാഗ് ഇല്ലാതെ കുതിക്കാനും തയാറാക്കിയാണ് ഈ 6 സ്പീഡ് ഗീയർബോക്സ് രൂപകൽപന ചെയ്യപ്പെട്ടിരിക്കുന്നത്. ഗീയർ മാറ്റം വെന്റോയിലേതുപോലെയല്ല. സിൽക്കി സ്മൂത്ത്. സ്പോർട്ട് എന്നൊരു പ്രത്യേക മോഡിന്റെ ആവശ്യമില്ല. മാത്രമല്ല, മാന്വൽ ഗിയർ മാറ്റം അത്ര രസകരമായി തോന്നിയില്ല. അതിനെക്കാൾ നല്ലത് ഓട്ടമാറ്റിക് മോഡ് തന്നെയാണ്. ഗീയർ ഷിഫ്റ്റ് ലോക്ക് റിലീസ് ബട്ടണുണ്ട്. വാഹനം ഓഫ് ആയിരിക്കുമ്പോഴും ഗീയർ പൊസിഷൻ മാറ്റം. (വാഹനം നിന്നുപോയാൽ തള്ളണമെങ്കിൽ ന്യൂട്രലിലേക്കു ഗീയർ മാറ്റണമല്ലോ. പഴയ ഗീയർബോക്സുകളിൽ ഇതു സാധ്യമല്ലായിരുന്നു.

∙ സ്മൂത്ത് ഗീയർ ഷിഫ്റ്റ് സിറ്റിയിൽ അനായാസ റൈഡ് ഓവർടേക്കിങ്ങിൽ പുലി.

∙ യാത്രാസ്ഥിരത വെന്റോയെക്കാൾ കുറവ് ലൈറ്റ് സ്റ്റിയറിങ് സിറ്റിയിൽ രസമാണെങ്കിലും ഉയർന്ന വേഗത്തിൽ ആത്മവിശ്വാസം കുറയ്ക്കും.

രൂപകൽപന

വെന്റോയ്ക്കു മുഖവുര ആവശ്യമില്ലല്ലോ? പോളോയ്ക്ക് ബൂട്ട് വയ്പ്പിച്ചതാണെന്ന ഫീൽ നൽകാത്ത ഡിസൈൻ അതിസുന്ദരവും നല്ല അനുപാതത്തിലുള്ളതുമാണ്. ഒതുക്കമാണ് പ്രത്യേകത. എവിടെ നിന്നും ശ്രദ്ധയാകർഷിക്കുന്ന തരത്തിലുള്ള എൻഇഡി കണ്ണുകൾക്കാണ് ആദ്യ നോട്ടത്തിൽ മാർക്ക് കൊടുക്കുക. പക്ഷേ, ഒരു പുതുക്കൽ ആവശ്യമാണ്. ബോഡിക്കു നല്ല കനവും കരുത്തും ഉണ്ട്. യാത്രയിൽ ഈ കരുത്തു നൽകുന്ന സുഖവും ആത്മവിശ്വാസവും ചെറുതല്ല.

ഇന്റീരിയർ ഫീച്ചേഴ്സ്

ഫ്ലാറ്റ് ബോട്ടം സ്റ്റിയറിങ്ങിന്റെ സ്പോർട്ടിനെസ് ആണ് വെന്റോയുടെ ഇന്റീരിയറിലെ പുതുമ. പക്ഷേ, വെർണയുമായി താരതമ്യം ചെയ്യുമ്പോൾ ഫീച്ചേഴ്സ് കുറവാണെന്നു കാണാം. സ്ക്രീൻ ചെറിയതാണ്. ഇന്റീരിയർ ഡിസൈനിൽ ഒരു ഉടച്ചുവാർക്കൽ അനിവാര്യമാണ്. കൂൾഡ് ഗ്ലവ് ബോക്സ് ഉണ്ട്. ആംറെസ്റ്റിനു താഴെ മൊബൈൽ സൂക്ഷിക്കാനുള്ള ചെറു പോക്കറ്റാണുള്ളത്. ഉള്ളിൽ‌ കയറുമ്പോൾ വിശാലത കൂടുതൽ തോന്നിക്കുന്നത് വെന്റോയുടെ ഇന്റീരിയർ ആണ്. വെന്റോയിൽ ഓരോ ഡോറും മാന്വൽ ലോക്ക് ചെയ്യാനുള്ള സൗകര്യമില്ല.

∙ സ്പോർട്ടി ഫ്ലാറ്റ് ബോട്ടം സ്റ്റിയറിങ് വീൽ ടെലിസ്കോപ്പിക് അഡ്ജസ്റ്റ്മെന്റ് സൗകര്യമുണ്ട്. കൂടുതൽ വിശാലതയുള്ള ഇന്റീരിയർ വലിയതും തോളിനോടു ചേർന്നതുമായ വിൻഡോസ് കാഴ്ച സുഖകരമാക്കുന്നു.

∙ ഫീച്ചേഴ്സ് വെർണയെ അപേക്ഷിച്ചു കുറവാണ്. ചെറിയ ടച്സ്ക്രീൻ.

പിൻസീറ്റ് യാത്രയും സ്ഥലസൗകര്യവും

സ്ഥലസൗകര്യത്തിൽ ചെറിയൊരു മുൻതൂക്കം വെന്റോയ്ക്കാണ് ചന്ദനനിറമുള്ള ഇന്റീരിയറും താഴ്ന്ന വിൻഡോയും വിശാലത കൂടുതൽ തോന്നിപ്പിക്കും. സീറ്റ് ഫ്ലാറ്റ് ആണ്. അഡ്ജസ്റ്റ് ചെയ്യാവുന്ന ഹെഡ്റെസ്റ്റുമുണ്ട്. എന്നാൽ ഉയർന്ന നടുവരമ്പ് നടുവിലെ ഇരിപ്പ് അത്ര സുഖകരമാക്കുന്നില്ല. വീതിയുള്ളതാണ്. ആംറെസ്റ്റ് എസി വെന്റിനു താഴെ ഒരു കപ്ഹോൾഡർ മാത്രമേ പിന്നിൽ നൽകിയിട്ടുള്ളൂ. ഹെഡ്റൂം വെർണയെക്കാൾ കൂടുതലുണ്ട്. തൈസപ്പോർട്ടിൽ രണ്ടുപേരും ശരാശരി. യാത്രാസുഖത്തിൽ വെർണയെക്കാൾ മികവുറ്റതാണ് പിൻസീറ്റ്. പിന്നിൽനിന്നു മുൻയാത്രികന്റെ സീറ്റ് മുന്നോട്ടും പിന്നോട്ടും നീക്കാനുള്ള ലിവർ ചിലപ്പോഴെങ്കിലും പ്രയോജനപ്പെടും.

∙ നല്ല കാഴ്ച നൽകുന്ന വിൻഡോകൾ

∙ പിന്നിലെ എസി വെന്റുകൾക്ക് ഓഫ് സ്വിച്ച് ഇല്ല

രൂപകൽപന

പ്രസരിപ്പാർന്ന മുഖവും കിടിലൻ ടെയിൽലാംപുകളുമായിട്ട് പുതുമയോടെയാണു വെർണ അഞ്ചാമനെത്തിയത്. അതുകൊണ്ടുതന്നെ രൂപകൽപനയിലെ മാർക്ക് വെർണയ്ക്കു നൽകാം. എൽഇഡി പകൽനക്ഷത്രങ്ങൾ അത്ര വ്യക്തമല്ല. സ്റ്റിയറിങ് തിരിയുന്ന സ്ഥലത്തേക്കു പ്രകാശം പരത്തുന്ന കോർണറിങ് ലാംപ് സഹായകരമാണ്. വശങ്ങൾക്കും അടിസ്ഥാനരൂപത്തിനും മാറ്റമില്ല. എലാൻട്രയുടെ ചട്ടക്കൂടായതിനാൽ പഴയ വെർണെക്കാൾ സ്ഥിരതയുണ്ടെങ്കിലും വെന്റോയുടെ മുന്നിലതു പോരാ വലുപ്പക്കൂടുതൽ ഉള്ളിൽ അത്രകണ്ടു പ്രതിഫലിക്കുന്നില്ല.

ഇന്റീരിയർ ഫീച്ചേഴ്സ്

കൂടുതൽ ആധുനിക ഇന്റീരിയർ വെർണയ്ക്കാണ്. ഫീച്ചേഴ്സും ഒത്തിരിയുണ്ട്. സൺറൂഫിന്റെ ആഡംബരം വെർണയെ ഏറെ മുന്നിൽ നിർത്തുന്നു. സ്റ്റോറേജ് സൗകര്യമൊരുക്കുന്നതിലും വെർണയ്ക്കു പ്ലസ് മാർക്ക് ഉണ്ട്. കൂൾഡ് ഗ്ലവ് ബോക്സ്, ആംറെസ്റ്റിനു താഴെ വലിയ സ്റ്റോറേജ് റൂം എന്നിവ കൂടാതെ സാധ്യമായിടത്തെല്ലാം ബോട്ടിൽ ഹോൾഡറുകളും കപ് ഹോൾഡറുമുണ്ട്. മുന്നിലും പിന്നിലും യുഎസ്ബി ചാർജിങ് പോർട്ടുകൾ ഉപയോഗപ്രദമാണ്. ആപ്പിൾ കാർ പ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി എന്നിവ വെർണയുടെ ഇൻഫോടെയിൻമെന്റ് സിസ്റ്റത്തെ ആധുനികമാക്കും നാവിഗേഷനുമുണ്ട്. വെർണയിൽ ഓരോ ഡോറും പ്രത്യേകം മാന്വൽ ലോക്ക് ചെയ്യാം.

∙ ഐപിഎസ് ഡിസ്പ്ലേയുള്ള 7 ഇഞ്ച് ടച്സ്ക്രീൻ അത്യാധുനിക കണക്ടിവിറ്റി സൗകര്യങ്ങൾ സൺറൂഫിന്റെ അധിക മേൻമ

∙ സ്റ്റിയറിങ് ടെലിസ്കോപ്പിക് അല്ല വെന്റോയെ അപേക്ഷിച്ചു പുതുമയുണ്ടെങ്കിലും മറ്റു ഹ്യൂണ്ടായ് വാഹനങ്ങളിൽ നിന്നു വലിയൊരു മാറ്റം ഡാഷ് ബോർഡിനില്ല.

പിൻസീറ്റ് യാത്രയും സ്ഥലസൗകര്യവും

പഴയ വെർണയെ അപേക്ഷിച്ച് യാത്രാസുഖം കൂടിയിട്ടുണ്ടെങ്കിലും വെന്റോയ്ക്കു തന്നെയാണു മുൻതൂക്കം ഹെഡ്റൂം കുറവാണ്. വിൻഡോ കുടുസ് ആണ്. വെന്റോയെ അപേക്ഷിച്ച് നടുവരമ്പ് ഇല്ലാ എന്നു തന്നെ പറയാം. പക്ഷേ, നടുവിലെ ഇരിപ്പ് എന്നിട്ടും സുഖമില്ല. അവിടെ നന്നായി ഉയർന്നിട്ടാണ് എന്നതാണു കാരണം.

∙ പിന്നിൽ അടയ്ക്കാവുന്ന എസി വെന്റുകൾ യുഎസ്ബി ചാർജിങ് പോയിന്റ് ആംറെസ്റ്റിൽ കപ് ഫോൾ‌ഡറുകൾ.

∙ ഹെഡ് റെസ്റ്റ് അഡ്ജസ്റ്റബിൾ അല്ല.

സുരക്ഷ

വെന്റോ

ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, എബിഎസ്, കയറ്റത്തിൽ നിർത്തിയിടുമ്പോള്‍ പിന്നോട്ടുരുളാതിരിക്കാനുള്ള ഹിൽ ഹോൾഡ് വിദ്യ എന്നിവയുണ്ട്. റിവേഴ്സ് സെൻസറും ക്യാമറയുമുണ്ടെങ്കിലും അഡാപ്റ്റീവ് ദൃശ്യങ്ങളല്ല ലഭിക്കുക (കാറിന്റെ തിരിവുകൾക്കനുസരിച്ച് സ്ക്രീനിൽ ലൈനുകൾ കാണുന്ന സംവിധാനം). എയർബാഗുകൾ രണ്ട്.

വെർണ

മാന്വൽ മോഡലുകളിൽ ആറ് എയർബാഗുകളുണ്ടെങ്കിലും ഡീസൽ ഓട്ടമാറ്റിക്കിൽ രണ്ടെണ്ണമേ ഉള്ളൂ. എബിഎസ്, ഇബിഡി, അഡാപ്റ്റീവ് ലൈനുകളുള്ള ദൃശ്യം നൽകുന്ന റിവേഴ്സ് ക്യാമറ എന്നിവയാണ് സുരക്ഷയൊരുക്കുന്നത്. ഇരുവരും ഏറക്കുറേ സമം എന്നു പറയാം.

ടെസ്റ്റേഴ്സ് നോട്ട്

രണ്ടു ഡീസൽ ഓട്ടമാറ്റിക് കാറുകളും ഓരോ തരത്തിൽ മുന്തിയവരാണ്. യാത്രാസുഖത്തിന്റെയും ആത്മവിശ്വാസമാർന്ന യാത്രയുടെയും ബോഡിയുടെ കരുത്തിന്റെയും കാര്യത്തിൽ വെന്റോ മുന്നിട്ടുനിൽക്കുന്നു. എന്നാൽ പുതുമയുള്ള രൂപവും ഫീച്ചേഴ്സും നോക്കുന്നവരുടെ മുന്നിലേക്ക് ആദ്യമെത്തുക വെർണ തന്നെ സൺറൂഫും നല്ല ഇൻഫോടെയിൻമെന്റ് സിസ്റ്റവും വെർണയ്ക്കു മേൽക്കൈ നൽകുന്നു. സ്ഥല സൗകര്യത്തിലും ഇന്ധനക്ഷമതയിലും വെന്റോ ഒരു പൊടിക്കു മുന്നിലാണ്. വിലയിൽ വെർണയ്ക്കു തന്നെ മുൻതൂക്കം. ഡ്രൈവിങ് സുഖത്തിലും വെർണ പ്ലസ് മാർക്ക് നേടുന്നു. വാല്യു ഫോർ മണി ഡീസൽ ഓട്ടമാറ്റിക് എന്ന പട്ടം വെർണയ്ക്കു തന്നെ നൽകാം.