ബിആർ-വിയോ അതോ ക്രേറ്റയോ?

ഇന്ത്യൻ വാഹന വിപണിയിലെ ഏറ്റവും ചടുലമായ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന സെഗ്‍മെന്റാണ് കോംപാക്റ്റ് എസ് യു വി. റൊനോയുടെ കോംപാക്റ്റ് എസ് യു വി ഡസ്റ്ററാണ് സെഗ്‌മെന്റിന്റെ ജൈത്രയാത്രയ്ക്ക് തുടക്കമിട്ടതെങ്കിലും ഇപ്പോള്‍ ഹ്യുണ്ടേയ്‌യുടെ ക്രേറ്റയാണ് താരം. ജനുവരിയിലെ വിൽപ്പന കണക്കുകൾ മാത്രം നോക്കുകയാണെങ്കില്‍ 6589 ക്രേറ്റകളാണ് ഇന്ത്യയിൽ ആകമാനം വിറ്റത്. കോംപാക്റ്റ് എസ് യു വി സെഗ്‌മെന്റിലെ ഒന്നാം സ്ഥാനം ലക്ഷ്വമിട്ട് ഹോണ്ട ഉടൻ പുറത്തിറക്കുന്ന വാഹനമാണ് ബിആർ-വി.

Creta

പതിമൂന്നാമത് ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച വാഹനത്തെ ഈ വർഷം പകുതിയോടെ ഹോണ്ട വിപണിയിലെത്തിക്കും എന്നാണ് അറിയുന്നത്. ക്രേറ്റയാണോ അതോ ബിആര്‍-വിയാണോ കൂടുതൽ മികച്ചത്? ഇരു വാഹനങ്ങളുടേയും ഫീച്ചർ, സ്പെസിഫിക്കേഷൻ, ഡിസൈൻ, വില എന്നിവ സംബന്ധിച്ച ഒരു താരതമ്യം?

ഡിസൈൻ

ഹോണ്ടയുടെ ചെറു ഹാച്ചായ ബ്രിയോ, എംയുവി മൊബീലിയോ തുടങ്ങിയ വാഹനങ്ങൾ നിർമിച്ച അതേ പ്ലാറ്റ്ഫോമിൽ തന്നെയാണ് ബി ആർ വിയുടേയും നിർമാണം. എസ് യു വി ലുക്ക് നൽകുന്നതിനായി ബോഡിയിൽ കറുത്ത നിറത്തിലൂള്ള ക്ലാഡിംഗ് നൽകിയിട്ടുണ്ട്. ഫ്ല്യൂയിഡിക് സൗന്ദര്യം വേണ്ടുവോളമുള്ള വാഹനമാണ് ക്രേറ്റ. ഹ്യുണ്ടേയ്‌യുടെ ഫുൾസൈസ് എസ് യു വി സാന്റാഫേയോടെ ചെറിയ സാമ്യം തോന്നിയേക്കാം.

Honda BR-V

എൻജിൻ

1.5 ലിറ്റർ പെട്രോൾ, ഡീസൽ എൻജിനുകളാണ് ബിആർവിയ്ക്ക് കരുത്തേകുന്നത്. അമേയ്സ്, സിറ്റി, മൊബീലിയോ എന്നീ വഹനങ്ങളിൽ ഉപയോഗിക്കുന്ന 1.5 ലിറ്റർ ഡീസൽ എൻജിന് 99 ബിഎച്ച്പി കരുത്തും 200എൻഎം ടോർക്കുമുണ്ട്. 1.5 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ എൻജിനാകട്ടെ 117 ബിഎച്ച്പി കരുത്തും 145 എൻഎം ടോർക്കുമുണ്ട്. നിലവിൽ ഓട്ടോമാറ്റിക്ക് ഗിയർബോക്സുണ്ടാകില്ല എന്ന് കമ്പനി അറിയിച്ചിട്ടുണ്ടെങ്കിലും പിന്നീട് ഓട്ടോമാറ്റിക്ക് മോഡലും പുറത്തിറങ്ങിയേക്കാം.

Hyundai Creta

പെട്രോൾ, ഡീസൽ മോഡലുകൾ കൂടാതെ ഡീസൽ ഓട്ടോമാറ്റിക്ക് മോഡലുമുണ്ടെന്നത് ക്രേറ്റയുടെ കരുത്താണ്. 1.6 ലിറ്റർ പെട്രോൾ എൻജിൻ 122 ബിഎച്ച്പി കരുത്തും 154 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. 1.4 ലിറ്റർ ഡീസൽ എൻജിൻ 89 ബിഎച്ച്പി കരുത്തും 224എൻഎം ടോർക്കുമാണ് ഉൽപാദിപ്പിക്കുന്നത്. 1.6 ലിറ്റർ ഡീസൽ ഓട്ടോമാറ്റിക്ക് മോഡലിന് 126 ബിഎച്ച്പി കരുത്തും 295 എൻഎം ടോർക്കുമുണ്ട്.

ഫീച്ചറുകൾ

Honda BR-V

മറ്റ് കോംപാക്റ്റ് എസ് യു വികളെ അപേക്ഷിച്ച് ബി ആർ-വിക്ക് മൂന്ന് നിര സീറ്റുകളുണ്ടാകും, ഏഴ് പേർക്ക് സഞ്ചരിക്കാം. 16 ഇഞ്ച് വീലുകൾ, പവർ വിന്റോസ്, റിയർ പാർക്കിംഗ് സെൻസറുകൾ, ടച്ച് സ്ക്രീൻ ഓഡിയോ/വീഡിയോ നാവിഗേഷൻ സിസ്റ്റം, കീലെസ് എൻട്രി, പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എയർബാഗുകൾ, എബിഎസ്, ഇബിഡി തുടങ്ങിയ സംവിധാനങ്ങൾ ബിആർവിയുണ്ട്.

ടച്ച് സ്ക്രീൻ ഇൻ‌ഫോടൈൻമെന്റ് സിസ്റ്റം, പുഷ് ബട്ടൺ സ്റ്റാർട്ട്, 17 ഇഞ്ച് വീൽസ്, പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ലാമ്പുകൾ, സൈഡ്-കർട്ടൻ എയർബാഗുകൾ, എബിഎസ്, ഇഎസ്‌സി, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, എന്നീ സംവിധാനങ്ങളാണ് ക്രെറ്റയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Hyundai Creta

വില

8.98 ലക്ഷം മുതൽ 14.15 ലക്ഷം വരെയാണ് ക്രേറ്റയുടെ കൊച്ചി എക്സ് ഷോറൂം വിലകൾ. ഏകദേശം 10 ലക്ഷം മുതലായിരിക്കും ഹോണ്ട ബിആർവിയുടെ വില എന്നാണ് കരുതുന്നത്.