ബലേനോയ്ക്കും ക്രേറ്റയ്ക്കും എതിരാളികളുമായി ടാറ്റ; എച്ച് 5 എക്സ്, ഫോർ5എക്സ്

Tata H5X

എച്ച്5എക്സ്  എന്ന കൺസെപ്റ്റ് എസ്​യുവിയും അതോടൊപ്പം പ്രീമിയം ഹാച്ച്ബാക്കായ കൺസെപ്റ്റ് ഫോർ5 എക്സും അവതരിപ്പിച്ച് എക്സ്പോയിൽ കൈയ്യടി നേടി ടാറ്റ. 2019ലായിരിക്കും ഇരുകാറുകളും വിപണിയിലേക്കെത്തുക. പുതിയ ഇമ്പാക്ട് ഡിസൈൻ 2.0യിലാണ് എസ്​​യുവി എത്തുമെന്ന് അറിയിച്ചിരുന്നതിനാൽ വലിയ പ്രതീക്ഷയിലായിരുന്നു വാഹനലോകം.

ഏതായാലും പ്രതീക്ഷകൾ തെറ്റിക്കാതെ ടാറ്റയിൽനിന്നും ഇതുവരെ കാണാത്ത വ്യത്യസ്തമായ ഡിസൈനിലാണ് വാഹനം എത്തിയിരിക്കുന്നത്.ലാൻഡ്റോ​വർ എൽ550 പ്ളാറ്റ്ഫോമിൽ നിർമ്മിച്ച എസ്​യുവിയായിരിക്കും ആദ്യം വിപണിയിലേക്കെത്തുക.

22 ഇഞ്ച് വീലുകളും വലിയ വീൽ ആർച്ചുകളും എച്ച്5എക്സിനെ പ്രൗഡമാക്കുന്നു. പരുക്കനായ മുഖത്ത് വളരെ മെലിഞ്ഞ എൽഇഡി ലൈറ്റുകളാണുള്ളത്. ട്രൈ ആരോ പാറ്റേണിലാണ് ഫോഗ് ലാംപുകൾ. യൂറോപ്യൻ ആഡംബര മാർക്കറ്റുകളിൽ കാണുന്ന നിലവാരമുള്ള ഇന്റീരിയറാണ് വാഹനത്തിലുളളത്. കണക്ടിവിറ്റി ഓപ്ഷനുകളുള്ള ഒരു ഡിജിറ്റൽ കൺസോൾ, ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ യാത്രക്കാർക്ക് സൗകര്യപ്രദമായി നൽകിയിരിക്കുന്നു.

45X concept

പിൻവശത്ത് രണ്ട് സീറ്റുകളാണ്  കൺ‌സെപ്റ്റിലുള്ളത് എന്നാൽ, പ്രൊഡക്ഷൻ ഘട്ടത്തിൽ മൂന്നു നിര സീറ്റുകൾ വരെ ഉണ്ടായിരിക്കും.ഹ്യുണ്ടായ് ക്രേറ്റ, ഹോണ്ട സിആർവി തുടങ്ങിയ വാഹനങ്ങളാവും വിപണിയിലെ എതിരാളികൾ. ഫിയറ്റ് 2.0 ലിറ്റർ മൾട്ടിജെറ്റ് 2 എൻജിനാണ് എച്ച്5 എസ്​യുവിക്ക് കരുത്ത് പകരുക. 10 ലക്ഷം മുതൽ 15 ലക്ഷം വരെയായിരിക്കും വില.

ബലേനോയ്ക്ക് ഒരു എതിരാളിയായി ടാറ്റ അവതരിപ്പിക്കുന്ന പ്രീമിയം ഹാച്ച്ബാക്കാണ് ടാറ്റ എക്സ് ഫോർ ഫൈവ്. ടാറ്റ നെക്സണിലെ അതേ 1.2 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ‌ എൻജിനുകളാവും ഈ വാഹനത്തിലുണ്ടാവുക.  ഓട്ടോമാറ്റിക ്ട്രാൻസ്മിഷനും വാഹനത്തിലുണ്ടാകും. 4.5 ലക്ഷം മുതൽ‌ 7.5 ലക്ഷം വരെയായിരിക്കും വിപണി വില.