ഇലക്ട്രിക് എക്സ്പൊ

e-survivor

ഓട്ടോ എക്സ്പൊയുടെ ആദ്യ മാധ്യമദിനം സംഭവബഹുലമായിരുന്നു. രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെ ഒരു സെക്കൻഡിെൻറ പോലും ഇടവേളയില്ലാതെ 26 പത്ര സമ്മേളനങ്ങൾ. 1996 മുതൽ ഇന്നു വരെ പോയിട്ടുള്ള ഓട്ടോ എക്സ്പൊകളുടെ ചരിത്രത്തിലാദ്യം പത്ര സമ്മേളന മാരത്തൺ. പവിലിയനിൽ നിന്നു പവിലിയനുകളിലേക്ക് ഒാടിത്തളർന്ന പത്രക്കാരോട്, എന്തായിരുന്നു സംഭവം എന്നു ചോദിച്ചാൽ ഒറ്റ വാക്കിൽ ഉത്തരമെഴുതാം- ഇലക്ട്രിക്.

ഓട്ടോ എക്സ്പൊ മാധ്യമദിനം ഒന്നാം ദിവസം കറന്റടിക്കുകയായിരുന്നു. ഇലക്ട്രിക് വാഹനങ്ങളാണ് െെഹ െെലറ്റ്. എത്ര ഇലക്ട്രിക് വാഹനങ്ങളുണ്ടെന്ന് എണ്ണിയില്ല. എന്നാലും ടാറ്റ, മഹീന്ദ്ര, മാരുതി, ലെയ്‌ലൻഡ്... പിന്നെ ഏതാണ്ടെല്ലാവരും ഇലക്ട്രിക്കിലാണ് പിടിച്ചത്.
ടാറ്റയുടെ പവിലിയനിൽ ഏതാണ്ടെല്ലാ മോഡലുകൾക്കും ഇലക്ട്രിക് വെർഷനുകളെത്തി. ടിയാഗോ, മാജിക് ഐറിസ്, ഏയ്സ്, മാർക്കൊപോളോ ബസ് എന്നു വേണ്ട, ട്രക്കുകൾ ഒഴിച്ചുള്ള എല്ലാ വണ്ടികൾക്കും ഇലക്ട്രിക് ശക്തി. എ

തിരാളികളിൽ ലെയ്‌ലൻഡ് ഒരേയൊരു ഇലക്ട്രിക് ബസിൽ സ്റ്റാൾ ഒതുക്കുമ്പോൾ ഇനി വരാനുള്ള വർഷങ്ങളിലെ പുതുമ ഇലക്ട്രിക് മാത്രമാണെന്നു എഴുതിവയ്ക്കുക കൂടിയായിരുന്നു. മഹീന്ദ്രയും ജെബിഎം എന്ന, നമ്മളാരും കേട്ടിട്ടില്ലാത്ത ഒരു കമ്പനിയും ഇലക്ട്രിക് ബസുകൾ കാണിച്ചു. ജെബിഎം ഏതാണ്ട് വോൾവോയ്ക്കും സ്കാനിയയ്ക്കും സമം. ഇന്ത്യയിൽ അടുത്തയിടെ തുടങ്ങിയ ഈ സ്ഥാപനം ലോകത്തുള്ള എല്ലാ സാങ്കേതികതയും അവരുടെ ബസിലെത്തിക്കുന്നു, ഒപ്പം ഇലക്ട്രിക്കും.

മഹീന്ദ്ര പവിലിയനിൽ സ്കൂട്ടറാണോ കാറാണോ എന്നറിയാൻ ബുദ്ധിമുട്ടുള്ള ടു സീറ്റർ ഇലക്ട്രിക് വാഹനം. ഇലക്ട്രിക്കിലോടും, വേണമെങ്കിൽ പെഡലിൽ ചവിട്ടാം, മഴയും വെയിലും കൊള്ളാത്തവിധം മൂടിയുമുണ്ട്; ചെറിയൊരു എസിയും. പേര് യുഡിഒ.  ബാറ്ററിയിൽ ഓടുന്ന ഓട്ടോറിക്ഷയ്ക്ക് പകരമെത്തുന്ന ട്രിയോ, മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് പവർ പ്ലാറ്റ്ഫോം എന്നിവയും കണ്ടു.

മാരുതിക്ക് വിടാൻ പറ്റില്ലല്ലൊ. 2020 ല്‍ മാരുതി സുസുക്കി ഇലക്ട്രിക് നാല് വീൽ െെഡ്രവ് വരും. ഇ സർെെവവർ എന്നാണു പേര്. സാധാരണ ഫോർ വീൽ െെഡ്രവുകളെ പിന്നിലാക്കുന്ന മികവുള്ള രണ്ടു സീറ്റർ. കൺസപ്റ്റ് ഫ്യുചർ എസ് എന്നൊരു വാഹനത്തിെൻറ ആഗോള പ്രീമിയറും ഇവിടെ നടന്നു. ഇത്തരമൊരു പ്രീമിയർ കൺസപ്റ്റായിരുന്നു ഇപ്പോൾ റോഡിലോടുന്ന ഇഗ്നിസ് അടക്കം പല കാറുകൾ.

New Tata H5X SUV

റേഞ്ച് റോവർ പ്ലാറ്റ്ഫോമിൽ ടാറ്റ ഇറക്കുന്ന എച്ച് െെഫവ് എക്സ് ഏതാണ്ട് ഇറങ്ങാൻ പാകത്തിൽ കണ്ടു. ഈ വാഹനം ഇവോകിന് ഒരു വെല്ലുവിളിയാകുന്നത് വിലയിലായിരിക്കും. മഹീന്ദ്രയും കാണിച്ചു, ജി 4 റെക്സ്റ്റൻ എന്ന ആഗോള വാഹനം. സാങ്യോങ് ഇറക്കുന്ന ഈ വാഹനം മഹീന്ദ്രയാണ് ഇനി ഇന്ത്യയിൽ കൊണ്ടുവരിക. ടാറ്റയെ വെല്ലാനുള്ള മഹീന്ദ്രയുടെ ആയുധം.

New Amaze

ഹോണ്ട അമേയ്സ് നിലവിൽ ഉള്ളവർക്ക് പുതിയ മോഡൽ കണ്ടാൽ തെല്ലു മനസ്താപമുണ്ടായേക്കും. പഴയ മോഡൽ ഇനി വരാൻ പോകുന്ന മോഡലിന്റെ വെറും നിഴലായിരുന്നു, കാഴ്ചയിലും സ്റ്റൈലിങ്ങിലും ഫിനിഷിങ്ങിലും മാത്രമല്ല, എല്ലാത്തിലും പുതിയ മോഡൽ ഒരു റോൾ മോഡലായിരിക്കും. അടുത്ത സാമ്പത്തിക വർഷം അമേയ്സിനൊപ്പം പുതിയ സിവിക്കും ഹോണ്ട പുറത്തിറക്കി വെടിക്കെട്ടു നടത്താനാണു തീരുമാനിച്ചിരിക്കുന്നത്.

എല്ലാം കഴിഞ്ഞെന്നു തോന്നുന്നു. ഇനി നാളെ പുതിയ വിശേഷങ്ങള്‍...

റിവേഴ്സ് ഗിയർ: പത്രക്കാരുടെ തള്ള് ഇത്തവണയും പ്രശ്നമായിത്തുടർന്നു. പത്രസമ്മേളനങ്ങൾ കഴിഞ്ഞ് പ്രസ് കിറ്റ് വാങ്ങാനാണ് പതിവു പോലെ വൻ ഇടി. ഇത്രയ്ക്കു പത്രക്കാരോ എന്നമ്പരന്നു. കുറച്ചു കഴിഞ്ഞപ്പോൾ സംഗതി പിടി കിട്ടി. പത്രക്കാർ മാത്രമല്ല ഇടിയൻമാർ. പവിലിയനുകളിൽ പണിക്കെത്തിയവരും മറ്റുള്ളവരുമൊക്കെക്കൂടിയാണ് കൂട്ടപ്പൊരിച്ചിൽ.

കിറ്റ് കിട്ടിയ പാടെ പ്രസ് റിലീസും മറ്റു കാര്യങ്ങളും വലിച്ചെറിഞ്ഞ്, സൗജന്യമായിക്കിട്ടുന്ന പേനയും മെമ്മറി സ്റ്റിക്കുമൊക്കെ പെറുക്കി പോക്കറ്റിലിടുന്ന പരിപാടി. എന്തൊരു കഷ്ടം.  ഇതിനൊരു തടയിട്ടാൽ ആവശ്യക്കാർക്കെങ്കിലും പ്രസ് റിലീസ് കിട്ടിയേനേ. അല്ലെങ്കിൽ പ്രസ് റിലീസിനൊപ്പം ഗുഡീസ് വേണ്ടെന്നു കമ്പനികൾ തീരുമാനിക്കണം. അവരോടൊന്നു പറഞ്ഞു നോക്കാം.