ഒാട്ടൊ എക്സ്പൊയുടെ സാമ്പത്തികവും രസതന്ത്രവും

ഒാട്ടൊ എക്സ്പൊയ്ക്ക് തിരക്കേറി. പൊതുജനങ്ങൾക്ക് പ്രവേശനം കിട്ടിയ ആദ്യ ദിനം തന്നെ കയറിയത് ഒരു ലക്ഷം പേർ. ശരിക്കും കയറി ഇറങ്ങുകയാണ്. പവിലിയനുകളിൽ കാലു കുത്താനിടമില്ല. ആളുകൾ തലങ്ങും വിലങ്ങും പായുന്നു. ചരിത്രത്തിലാദ്യമായി 32 നിർമാതാക്കൾ വിട്ടു നിന്ന ഒാട്ടൊ എക്സ്പൊയ്ക്ക് തെല്ലും ജനശ്രദ്ധ കുറഞ്ഞില്ലെന്നു സാരം.

Shah Rukh Khan, Corporate Brand Ambassador, Hyundai with facelift of "Elite i20''

ഇതൊരു ഉത്സവമാണ്. എത്ര പേർ പങ്കെടുക്കുന്നു, എത്ര പേരില്ല എന്നതൊക്കെ സാധാരണക്കാരനെ ബാധിക്കുന്ന പ്രശ്നങ്ങളല്ല. അവന് എക്സ്പൊ ഒരു ഗ്ലാമർ വേദിയാണ്. വണ്ടികളും വണ്ടിക്കരികിൽ നിൽക്കുന്ന വിദേശികളും സ്വദേശികളുമായ സുന്ദരികളും ഇടയ്ക്കിടയ്ക്ക് ഫ്ലാഷ് മോബുകളും നൃത്തം കളിക്കുന്ന യന്ത്രങ്ങളും തിരനോട്ടം നടത്താനെത്തുന്ന താര രാജാക്കന്മാരുമൊക്കച്ചേർന്നുള്ള വലിയ ഉത്സവം.

എന്നാൽ അണിയറയ്ക്കു പിന്നിൽ സ്ഥിതി വിഭിന്നമാണ്. നിർമാതാക്കൾ പലരും എക്സ്പൊയിലെ സാന്നിധ്യത്തിൽ വലിയ കാര്യമൊന്നുമില്ലെന്നു വിശ്വസിക്കുന്നു. പങ്കെടുക്കുന്നില്ലെങ്കിലും ബിസിനസ് വിസിറ്ററായെത്തി കാഴ്ചകൾ കണ്ടു നടക്കുന്ന സിഇഒ മാർ പലരും അഭിപ്രായം പങ്കു വച്ചു.

കഴിഞ്ഞ തവണത്തെക്കാൾ നാലിരട്ടി വർധന എക്സ്പൊ ചെലവിലുണ്ട്. 10 കോടി മുതൽ 30 കോടി വരെ മുടക്കിയാലേ എക്സ്പൊയിൽ ഒരു ചെറിയ സാന്നിധ്യമാകാൻ പറ്റൂ. ഇത് വലിച്ചു നീട്ടി എത്ര കോടി വരെയും എത്തിക്കാം. ഉദാഹരണം ടാറ്റ. ഒരു സ്റ്റാൾ കെട്ടിടം ഏതാണ്ടു പൂർണമായും ടാറ്റ സ്വന്തമാക്കിയിരിക്കയാണ്. മിച്ചം വന്ന സ്ഥലത്ത് മെഴ്സെഡിസും ബിഎംഡബ്ല്യുവും ഞെരുങ്ങുന്നു. എത്ര കോടി മുടക്കിയെന്ന് അറിയില്ല, ചോദിച്ചാൽ പറയുകയുമില്ല. മഹീന്ദ്രയും ഏതാണ്ട് സമാന സാന്നിധ്യമായപ്പോൾ അശോക് ലെയ്‌ലൻഡ് വിട്ടു നിന്നതാണ്. അവസാന നിമിഷം സമ്മർദ്ദങ്ങൾക്കു വഴങ്ങി ഒരു ഇലക്ട്രിക് ബസിൽ ഒതുങ്ങി. മാരുതിയുടെ പാതി സ്ഥലം കൊണ്ട് ഹോണ്ടയും ടൊയോട്ടയും തൃപ്തരായി.

പവിലിയൻ ചെലവു പോലെതന്നെയാണ് മറ്റു ചെലവുകളും. റാഡിസൻ ബ്ളൂവിൽ ഒരു മുറിക്ക് 80,000 രൂപ വരെ കയറിയത്രെ. പത്തിലൊന്നാണ് സാധാരണ നിരക്ക്. എക്സിക്യുട്ടീവുകൾ മുതൽ മുകളിലേക്ക് എത്ര പേരെ താമസിപ്പിക്കേണ്ടി വരും? വണ്ടികൾക്ക് ചന്തം കൂട്ടാൻ നിൽക്കുന്ന സുന്ദരിമാർക്ക് ഒരു ലക്ഷം വരെ ദിവസക്കൂലിയുണ്ട്. ഇനി താരങ്ങൾ ഫ്ലാഷ് വിസിറ്റിനെത്തിയാൽ ചെലവിനത്തിൽ രണ്ടു കോടി മുതൽ എട്ടു കോടി വരെ കൂട്ടിക്കോളൂ. ഷാരൂഖ് ഖാൻ, രൺബീർ കപൂർ, സച്ചിൻ തെണ്ടുൽക്കർ, സോനാക്ഷി സിൻഹ എന്നിവരൊക്കെ ഇങ്ങനെ എക്സ്പൊയിൽ ചെറു തിരനോട്ടങ്ങൾ നടത്തി പോക്കറ്റ് വീർപ്പിച്ചു മടങ്ങിയവരിൽപ്പെടും.

ബജാജ്, ജാഗ്വാർ, ലാൻഡ് റോവർ, ഫോക്സ് വാഗൻ, സ്കോഡ, ഒൗഡി, ഡുക്കാട്ടി, മാൻ, സ്കാനിയ, പോർഷെ, ലംബോർഗിനി, നിസ്സാൻ, ഡാറ്റ്സൻ, ഹാർലി ഡേവിഡ്സൻ, റോയൽ എൻഫീൽഡ്, ഫിയറ്റ്, ജീപ്പ് എന്നിവരൊക്കെ കാശു കളയാനില്ലെന്ന തീരുമാനത്തിലെത്തിയത് ഇതു കൊണ്ടാണ്.

മാത്രവുമല്ല ഇത്തരമൊരു മേളയ്ക്ക് ലഭിക്കുന്ന മാധ്യമശ്രദ്ധ 35–50 ലക്ഷം രൂപ മുടക്കി ഒരു പത്രസമ്മേളനമോ പുറത്തിറക്കൽ ചടങ്ങോ വച്ചാൽ കിട്ടുമെന്നാണ് ഒരു സിഇഒ പറഞ്ഞത്. പുറമെ മാസങ്ങൾ നീളുന്ന കഷ്ടപ്പാടും ഒഴിവാകും. ചില്ലറ കാര്യമൊന്നുമല്ല ഇത്തരമൊരു മേളയിൽ പങ്കെടുക്കുകയെന്നത്.

ഒരേയൊരു ആശങ്കയേയുള്ളൂ. കാര്യമായി ഒന്നും കാണിക്കാനില്ലെങ്കിൽ എക്സ്പൊയിൽ കാഴ്ചക്കാരായെത്തി കാശു ലാഭിക്കുന്ന തന്ത്രം എല്ലാവരും പയറ്റിയാൽ എക്സ്പൊ ഇല്ലാതാകാൻ അധിക വർഷം വേണ്ടി വരില്ല.