സിറ്റിക്ക് എതിരാളിയായി ടൊയോട്ട യാരിസ് എത്തി: വിഡിയോ

മിഡ് സൈസ് സെഡാൻ സെഗ്‌മെന്റിൽ ഹോണ്ട സിറ്റിക്കും മാരുതി സിയാസിനും ഹ്യുണ്ടേയ് വെർണയ്ക്കും എതിരാളിയായി  ടൊയോട്ടയുടെ യാരിസെത്തി. പതിനാലാമത് ന്യൂഡൽഹി ഓട്ടോഎക്സ്പോയിൽ ടൊയോട്ട വാഹനത്തെ പ്രദർശിപ്പിച്ചു.

2020 ൽ  ഉത്പാദനം അവസാനിപ്പിക്കുന്ന എറ്റിയോസിന്റെ പകരക്കാരൻ ആയിട്ടാണ് യാരിസിനെ പ്രതീക്ഷിച്ചിരുന്നതെങ്കിലും പ്രീമിയം വിഭാഗത്തിൽ മത്സരിക്കാനാണ് യാരിസ് എത്തുക . വാട്ടർഫോൾ ഡിസൈൻ സെന്റർ ക്ളസറ്ററാണ് വാഹനത്തിനുള്ളത്.

യാരിസ് സെ‍ഡാൻ‌ സിറ്റി, സിയാസ്‍, വെർണ, വെന്റോ തുടങ്ങിയ വാഹനങ്ങളുമായി ഏറ്റുമുട്ടും. നിലവിൽ തായ്‍‌ലാന്റ് വിപണിയിലുള്ള വാഹനത്തിൽ 87 ബിഎച്ച്പി കരുത്തുള്ള 1.2 ലീറ്റർ പെട്രോൾ എൻജിൻ മാത്രമേയുള്ളു എന്നാൽ ഇന്ത്യയിലെത്തുമ്പോള്‍ 1.5 ലീറ്റർ പെട്രോൾ എൻജിനുമുണ്ടാകും. ഡീസൽ എഞ്ചിൻ ലഭിക്കില്ല. 7 എയർബാഗുകള്‍ വാഹനത്തിലുണ്ടാകും. ടോപ്പ് മൗണ്ട‍‍ഡ് റിയർ എസി വെന്റുകളുണ്ട്.

യാരിസ് സെഡാൻ ഇന്ത്യയിൽത്തന്നെയാവും കമ്പനി നിർമ്മിക്കുക. ഹോണ്ട സിറ്റിയേക്കാൾ വില കുറവായിരിക്കും വാഹനത്തിനെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇന്ത്യയ്ക്കു വേണ്ടി വികസിപ്പിച്ച് 2010 ൽ പുറത്തിറക്കിയ എറ്റിയോസ് നിലവിൽ ഇന്തോനേഷ്യ, ബ്രസീൽ, സൗത്ത് ആഫ്രിക്ക തുടങ്ങിയ വിപണികളിൽ വിൽപ്പനയ്ക്കുണ്ട്. 1999 മുതൽ രാജ്യാന്തര വിപണിയിലുള്ള യാരിസ് ടൊയോട്ടയുടെ ജനപ്രിയ കാറുകളിലൊന്നാണ്.