പ്രഷര്‍ തടയാന്‍ ആയുര്‍വേദം

ചിട്ടയില്ലാത്ത ഭക്ഷണം, പുകവലി, വ്യായാമമില്ലായ്മ എന്നിവയാല്‍ രക്തസമ്മര്‍ദവും കൊളസ്ട്രോളുമൊക്കെ കൂടി ദശലക്ഷക്കണക്കിനാളുകള്‍ മരിക്കാനിടവരുന്നതിനെ ജൂലിയന്‍ വിറ്റേക്കര്‍ എന്ന അമേരിക്കന്‍ കാര്‍ഡിയോളജിസ്റ്റ് റിവേഴ്സിംഗ് ഹാര്‍ട്ട് ഡിസീസസ് എന്ന പുസ്തകത്തില്‍ വിശേഷിപ്പിക്കുന്നത് ദി അമേരിക്കന്‍ വേ റ്റു ഡൈ (അമേരിക്കന്‍ മരണരീതി) എന്നാണ്. ലോകമെമ്പാടുമുള്ള ആളുകള്‍ ഈ രീതിയിലാണ് ഇപ്പോള്‍ ദിനംപ്രതി മരിച്ചുകൊണ്ടിരിക്കുന്നത്. പഥ്യാഹാരവും ചിട്ടയായ ജീവിതരീതികളുമില്ലാതെ രക്തസമ്മര്‍ദം പോലുള്ള രോഗങ്ങള്‍ നിയന്ത്രിക്കുക മരുന്നുകള്‍ കൊണ്ടു മാത്രം സാധ്യമല്ലെന്നു ചുരുക്കം.

ഇന്തുപ്പും സംഭാരവും

നമ്മള്‍ ഭക്ഷ്യവസ്തുക്കളായി ഉപയോഗിക്കുന്ന കുരുമുളകിനും മഞ്ഞളിനും കുടമ്പുളിക്കും വെളുത്തുള്ളിക്കും ചുക്കിനുമൊക്കെ രക്തസമ്മര്‍ദം കുറയ്ക്കാന്‍ കഴിയും. സംഭാരം അല്ലെങ്കില്‍ വെണ്ണ മാറ്റിയ മോരില്‍ ഉള്ളിയും ഇഞ്ചിയും കാന്താരിമുളകും കറിവേപ്പിലയുമൊക്കെ ഇട്ട്, ആവശ്യമെങ്കില്‍ കുറച്ച് ഇന്തുപ്പും ഇട്ടു കുടിക്കുന്നതു രക്തത്തിലെ കൊഴുപ്പിനെ അലിയിക്കും എന്നു പഴമക്കാര്‍ പറയാറുണ്ട്.

കറിയുപ്പിനു പകരം ഇന്തുപ്പ് എന്ന പൊട്ടാസ്യം ക്ളോറൈഡ് ഉപയോഗിക്കുന്നതാണു നüല്ലത്. ഉപ്പുകളില്‍ ശ്രേഷ്ഠം ഇന്തുപ്പാണെന്ന് ആയുര്‍വേദം പറയുന്നു.

ഔഷധപ്രയോഗങ്ങള്‍

ഭക്ഷണക്രമീകരണം കൊണ്ട് രക്തസമ്മര്‍ദം കുറയുന്നില്ലെങ്കില്‍ തീര്‍ച്ചയായിട്ടും ഔഷധപ്രയോഗങ്ങള്‍ വേണ്ടിവരും.

അഷ്ടവര്‍ഗം കഷായം, വരണാദി കഷായം, രസോനാദി കഷായം, സര്‍പ്പഗന്ധചൂര്‍ണം, ത്രിഫലാചൂര്‍ണം, ഗുഗ്ഗുലു ചേരുന്ന യോഗങ്ങള്‍ എന്നിവ രക്തസമ്മര്‍ദത്തില്‍ സര്‍വസാധാരണമായി വൈദ്യന്മാര്‍ നിര്‍ദേശിക്കുന്ന ഔഷധങ്ങളാണ്. അതുപോലെ തന്നെ മുരിങ്ങവേരിന്മേല്‍ തൊലി കഷായം വച്ച് സേവിക്കാനും വാഴപ്പിണ്ടി (ഉണ്ണിപിണ്ടി) ഇടിച്ചുപിഴിഞ്ഞ നീര് കുടിക്കാനും പേരയില ഇട്ടു വെന്തവെള്ളം കുടിക്കാനുമൊക്കെ നിര്‍ദേശിക്കാറുണ്ട്. . ഒരു നെല്ലിക്ക അളവിനു കൂവളത്തില അരച്ച് ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും ചേര്‍ത്തു ദിവസവും രാവിലെ വെറുംവയറ്റില്‍ സേവിക്കുന്നതു രക്തസമ്മര്‍ദവും കൊളസ്ട്രോളും കുറയ്ക്കും. . നീര്‍മാതളത്തിന്‍ തൊലി, വെളുത്തുള്ളി എന്നിവ പാലില്‍ തിളപ്പിച്ചു ഭക്ഷണത്തിന് അരമണിക്കൂര്‍ മുമ്പു രണ്ടുനേരം സേവിച്ചാല്‍ രക്തസമ്മര്‍ദം കുറയും. . ഒരു ടേബിള്‍സ്പൂണ്‍ വറുത്ത മുതിരയും ഒരു ടീസ്പൂണ്‍ പഞ്ചകോലചൂര്‍ണവും തേനില്‍ ചാലിച്ചു രാവിലെയും ഉച്ചയ്ക്കും ആഹാരത്തിന് അരമണിക്കൂര്‍ മുമ്പു സ്ഥിരമായി സേവിക്കുകയും മുതിരയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുകയും ചെയ്താല്‍ രക്തസമ്മര്‍ദം കുറയും. . ചെമ്പരത്തിമൊട്ട് ഏഴെണ്ണം കഞ്ഞിവെള്ളവും ചേര്‍ത്തരച്ചു രാവിലെ വെറുംവയറ്റില്‍ സേവിക്കാം. . ഒരു കഷണം ചുരയ്ക്ക, 7-10 തുളസിയില, 7-10 പുതിനയില എന്നിവ നന്നായി അരച്ച് രാവിലെ വെറുംവയറ്റില്‍ സ്ഥിരമായി സേവിക്കാം.

_ഡോ കെ ശ്രീകുമാര്‍ സ്പെഷലിസ്റ്റ്് മെഡിക്കല്‍ ഓഫിസര്‍, (മര്‍മ) ജില്ലാ ആയുര്‍വേദ ആശുപത്രി, പാലക്കാട്._