അറിയാം 33 കിലോ ഭാരം കുറച്ച സപ്നയുടെ ഫിറ്റ്നസ് ടിപ്സ്

സപ്ന ശരീരഭാരം കുറച്ചതിനു ശേഷവും അതിനു മുന്‍പും

ചബ്ബി ഗേൾ എന്നു വിളിച്ച് എല്ലാവരും കൊഞ്ചിച്ച കുട്ടിക്കാലത്തു സപ്ന സന്തോഷവതിയായിരുന്നു. ചബ്ബി ഗേൾ വളർന്നു കൗമാരത്തിലെത്തിയപ്പോഴും ചബ്ബിനെസ് കൂടെപ്പോന്നു. ഇരുപതുകളിലെത്തുംമുൻപേ സപ്നയുടെ ഭാരം 86 കിലോ. ഗുജറാത്ത് മുൻ ആരോഗ്യമന്ത്രിയുടെ മകൾ സപ്ന വ്യാസ് പട്ടേലിനു പൊതുവേദിയിൽ പ്രത്യക്ഷപ്പെടാൻ പോലും മടിയായി. 

അങ്ങനെയിരിക്കുമ്പോഴാണ് ഭാരം കുറയ്ക്കണമെന്ന ചിന്ത മനസ്സിലുറച്ചത്. ട്രെൻഡി ഡ്രസുകളണിഞ്ഞു പറന്നുനടക്കുന്നതും സ്വപ്നം കണ്ട് 2009ൽ ഫിറ്റ്നെസ് തീരുമാനമെടുത്തു. 

കുറേനാൾ പട്ടിണി കിടന്നു. ഭക്ഷണം കഴിക്കാതിരുന്നിട്ടും ഭാരം കുറയുന്നില്ലെന്നു കണ്ട സപ്ന ലൈഫ്സ്റ്റൈലാണ് മാറ്റേണ്ടത് എന്നു തിരിച്ചറിഞ്ഞു. ഭക്ഷണക്രമീകരണവും സ്ഥിരമായ വർക്ക്ഔട്ടും കൃത്യമായി കഴിക്കേണ്ട പോഷകാഹാരങ്ങളും പിന്നെ, കുറച്ച് സൈക്കോളജിയും. 

ജിമ്മിൽ പോയി. വെയ്റ്റ് എടുത്തു. ദിവസവും കുറഞ്ഞത് ഒരു മണിക്കൂർ നടന്നു. കൃത്യമായ പോഷകാഹാരങ്ങളും കഴിച്ചു. ഓരോ ദിവസം കഴിന്തോറും ഭാരം കുറയുന്നത് സപ്നയുടെ ആത്മവിശ്വാസം കൂട്ടി. ഒരു വർഷം കഴിഞ്ഞപ്പോൾ കുറഞ്ഞത് 33 കിലോ. സ്ട്രെച് മാർക്ക് ഇല്ലാതെ, സ്കിൻ ഗ്ലോ നഷ്ടപ്പെടാതെ, ബ്ലാക് സ്പോട്ട് ഇല്ലാതെ സപ്ന മെലിഞ്ഞു സുന്ദരിയായി. ഇപ്പോൾ റിബോകിന്റെ സർട്ടിഫൈഡ് ട്രെയിനറാണ് സപ്ന.  

ഫിറ്റ്നെസ് വിഡിയോ ചാനലിൽ രണ്ടു ലക്ഷത്തിലേറെ സന്ദർശകർ. ഫെയ്സ്ബുക്കിൽ 75,000 ഫോളോവേഴ്സ്. ട്വിറ്ററിലും ഇൻസ്റ്റയിലും നിറയെ ആരാധകർ. സോഷ്യൽ മീഡിയയിൽ മാത്രം അയ്യായിരത്തിലേറെ പേരാണ് സപ്നയുടെ സൗജന്യ ഫിറ്റ്നസ് ക്ലാസ്സിലൂടെ ഭാരം കുറച്ചത്.

FITNESS MANTRA

എന്നും കൃത്യമായ സമയത്ത് വർക്ക്ഔട്ട് ചെയ്താൽ ശരീരത്തിന് അതിനോട് അ‍ഡിക്‌ഷൻ തോന്നും. അതാണ് ഫിറ്റ്നസിലെ സൈക്കോളജി.