ആകാരവടിവ് സ്വന്തമാക്കണോ? വെറും 15 മിനിറ്റ് മാത്രം മതി

ശരീരത്തിനു കൃത്യമായ ആകാരവടിവ് കാത്തുസൂക്ഷിക്കണമെന്ന് ആഗ്രഹിക്കാത്തവർ ആരെങ്കിലുമുണ്ടാകുമോ? എന്നാൽ കൺമുന്നിൽ രുചിയേറും ആഹാരം കാണുമ്പോൾ ശരീരത്തെ ഒരു നിമിഷം മറന്നു പോകുകയും ചെയ്യും. ഫലമോ അമിതമായി വണ്ണവും വച്ച് വയറും ചാടി കോലംകെട്ട അവസ്ഥയിലേക്കെത്തും. ചിലർ ആകാരവടിവ് നേടാൻ ഫിറ്റ്നസ് സെന്ററുകളെ ആശ്രയിക്കും. ഇതിൽത്തന്നെ ആദ്യത്തെ ആവേശത്തിന് ഇറങ്ങി പുറപ്പെട്ട് പകുതിക്കുവച്ച് എല്ലാം മതിയാക്കി തിരിച്ചെത്തുന്നവരുമുണ്ട്. എന്നാൽ കൈയിലെ കാശു മുടക്കാതെ ആരോഗ്യം നിലനിർത്തി ആകാരവടിവ് സ്വന്തമാക്കാൻ നിങ്ങൾ ദിവസവും വെറും 15 മിനിറ്റ് മെനക്കെട്ടാൽ മാത്രം മതി.

ഹാർവാർഡിന്റെ ഏറ്റവും പുതിയ പഠനം പറയുന്നത് ദിവസവും 15 മിനിറ്റ് നടന്നാൽ വർഷങ്ങളുടെ ആയുസ്സ് നിങ്ങൾക്ക് സ്വന്തമാക്കാമെന്നാണ്.

പഠനത്തിലെ മറ്റു വിവരങ്ങൾ

∙ 30 വയസ്സു കഴിയുന്നതോടെ പലരുടെയും എല്ലുകളുടെ ശക്തി കുറയുകയും ഇതുമായി ബന്ധപ്പെട്ട രോഗങ്ങൾ പിടിപെടുകയും ചെയ്യുന്നു. ബോൺ ഡെൻസിറ്റി കുറയുന്നതാണ് ഇതിനു കാരണം. ദിവസവുമുള്ള നടത്തം എല്ലുകളുടെ ഡെൻസിറ്റി കൂട്ടുന്നതിനു സഹായിക്കും.

∙ ടെന്നസി സർവകലാശാലയുടെ പഠനം പറയുന്നത് വർക്ഔട്ട് ചെയ്യുന്ന സ്ത്രീകളെക്കാൾ ദിവസവും നടക്കുന്ന സത്രീകളിൽ കൊഴുപ്പിന്റെ അളവു കുറവായിരിക്കുമെന്നാണ്. 

∙ കോളജ് വിദ്യാർഥികളിൽ അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷൻ നടത്തിയ ഗവേഷണത്തിൽ ദിവസവും നടപ്പ് ശീലമാക്കിയവരുടെ മാനസികാവസ്ഥ വളരെ പോസിറ്റീവ് ആയി കാണപ്പെട്ടു.

∙ ഇരുന്നുള്ള മീറ്റിങ്ങുകളെക്കാൾ കൂടുതലായി ക്രിയേറ്റീവ് ആശയങ്ങൾ ഉണ്ടാകുന്നത് വാക്കിങ് മീറ്റിങുകളിലാണത്രേ.

∙ തലച്ചോറിന്റെ വിവിധ ഭാഗങ്ങൾ തമ്മിലുള്ള ഏകോപനത്തിനു വോക്കിങ് എക്സൈസ് ഉപകാരപ്പെടും. പ്രായവുമായി ബന്ധപ്പെട്ട് തലച്ചോറിലുണ്ടാകാൻ സാധ്യതയുള്ള രോഗങ്ങളെ പ്രതിരോധിക്കാനും ഇത് ഉപകരിക്കും.