ആ രണ്ടു ദിവസം; റാണാ ദഗുബാട്ടി എന്തും കഴിക്കും

ഇഷ്ടമുള്ളതെല്ലാം കഴിക്കാൻ റാണാ ദഗുബാട്ടിക്ക് വർഷത്തിൽ ആകെ രണ്ടു ദിവസമാണ് അനുവദിച്ചിരിക്കുന്നത്. പുതുവൽസര ദിനത്തിലും പിന്നെ മക്കാവുവിനു യാത്ര പോകുമ്പോഴും. അന്ന് പിസയും ബർഗറും ഉൾപ്പെടെയുള്ള ജങ്ക് ഫുഡ് കഴിക്കും. പിന്നെ കൊതി തീരെ മദ്യപാനവും.

പക്ഷേ അല്ലാത്ത സമയം റാണാ ദഗുബാട്ടിയുടെ ദിനചര്യ കണ്ടാൽ നമ്മൾ ഞെട്ടും. ആ മസിൽ ബോഡിയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സമ്പാദ്യം. വെറുതെയല്ല, ബാഹുബലി എത്ര വിയർപ്പൊഴുക്കിയിട്ടാണ് ബെല്ലാല ദേവനെ കീഴ്പ്പെടുത്താനായത്. ബാഹുബലിയെ ഒരുപാടു ദ്രോഹിച്ച ആ വില്ലനോട് നമുക്ക് ആരാധന തോന്നാൻ ആ മസിൽ ബോഡി മാത്രം മതി. 

സിനിമാ കുടുംബത്തിൽ പിറന്ന റാണാ ദഗുബാട്ടി സിനിമയെക്കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചു ചിന്തിച്ചിട്ടു പോലുമില്ല. സിനിമയിൽ എത്താനാണ് ജിമ്മിൽ പോയത്. സിനിമയിൽ എത്താൻ വേണ്ടിയായിരുന്നു മസിൽമാനായത്. ആറടി മൂന്നിഞ്ച് ഉയരവും 102 കിലോ തൂക്കവുമുള്ള ഈ ഹൈദ്രാബാദുകാരൻ ജീവിതത്തിൽ ഏറ്റവുമധികം ശ്രദ്ധ വയ്ക്കുന്നതും ബോഡി ബിൽഡിങ്ങിൽ തന്നെ. 

വർക് ഔട്ട് 

രാവിലെ ആറു മണിക്ക് തുടങ്ങും ജിമ്മിൽ വർക് ഔട്ട്. സ്ട്രെങ്ത് എക്സർസസ്, പുഷ് അപ്, പുൾ അപ്... അങ്ങനെ രണ്ടു മണിക്കൂർ ജിമ്മിൽ. വൈകുന്നേരം രണ്ടു മണിക്കൂർ വർക് ഔട്ട് വേറെ. അപ്പോൾ കഠിനമായ വെയ്റ്റ് ട്രെയിനിങ് ആണു നിർദേശിച്ചിരിക്കുന്നത്. 

ഡയറ്റ് 

വർക്ഔട്ടിനു ശേഷമുള്ള ബ്രേക്ഫാസ്റ്റ് തന്നെ പ്രധാനം. വലിയ ബൗൾ നിറയെ നട്സ് തൂകിയ ഓട് മീൽ, എട്ട് മുട്ടയുടെ വെള്ള, അഞ്ച് സ്ലൈസ് ബ്രൗൺ ബ്രെഡ്, വേവിച്ച പച്ചക്കറികൾ, അര മുറി പപ്പായ അല്ലെങ്കിൽ തണ്ണിമത്തൻ. 11 മണിക്ക് പ്രോട്ടീൻ ഷേക്കും ഫ്രൂട്ട് ജ്യൂസും.  ഗ്രിൽഡ് ഫിഷാണ് റാണാ ദഗുബാട്ടിയുടെ ഇഷ്ട ഭക്ഷണം. സാലഡും വേവിച്ച പച്ചക്കറിയും ഒപ്പം. 

വൈകുന്നേരം വർക്ഔട്ടിനു പോകും മുൻപ് നാലു സ്ലൈസ് ബ്രൗൺ ബ്രെഡും നാല് ഏത്തപ്പഴം പുഴുങ്ങിയതും കഴിക്കും.  രാത്രി ഭക്ഷണത്തിലും പ്രോട്ടീൻ വേണ്ടത്ര ഉണ്ടായിരിക്കും. ഗ്രിൽഡ് ഫിഷ്, വേവിച്ച പച്ചക്കറി, ഫ്രൂട്ട് ജ്യൂസ്, ഡ്രൈ ഫ്രൂട്ട്, ഒരു വലിയ പ്ലേറ്റ് സാലഡ്, മുട്ടയുടെ വെള്ള, മുളപ്പിച്ച പയർ എന്നിവ ഉണ്ടായിരിക്കും. 

ആഴ്ചയിൽ ആറു ദിവസങ്ങളിലാണ് വർക്ഔട്ടും കടുത്ത ഡയറ്റും. ഏഴാം ദിവസം ഫ്രീയാക്കി വിട്ടിരിക്കുന്നു. ഇഷ്ടമുള്ളതൊക്കെ കഴിക്കാം. പക്ഷേ അപ്പോഴും ജങ്ക് ഫുഡ് കഴിച്ച് രോഗം വരുത്തി വയ്ക്കില്ല. അതാണ് റാണാ ദഗുബാട്ടിയുടെ വാക്ക്.  

Read More: Celebrity Fitness, Health and fitness Tips