ഇത് സോനം കപൂറിന്റെ ഫിറ്റ്നസ് സീക്രട്ട്, കുറച്ചത് 32 കിലോയും

അനില്‍കപൂറിന്റെ മകളാണെന്നു പറഞ്ഞിട്ടെന്താ കാര്യം ബോളിവുഡ് സിനിമയിലേക്കു കടക്കാൻ യാതൊരു പ്ലാനുമില്ലായിരുന്നു സോനം കപൂറിന്. സിംഗപ്പൂരിലെ പഠനകാലത്ത് കൂട്ടുകാരുമൊത്ത് ഇഷ്ടംപോലെ കഴിച്ച് തിമിർത്തു നടന്നു. അങ്ങനെ ഗുണ്ടുമണിയായി നടക്കുമ്പോഴാണ് ഹിന്ദി സിനിമ സാവരിയയിലേക്ക് ആദ്യ ഓഫർ. പക്ഷേ ഈ ഫിഗർ വച്ചു പറ്റില്ല. നന്നായി മെലിയണം. അങ്ങനെ സോനം കടുത്ത ഡയറ്റിലേക്കും വർക്ഔട്ടിലേക്കും കടന്നു. സിനിമയുടെ ഷൂട്ട് തുടങ്ങുമ്പോഴേക്കും സ്ലിം ബ്യൂട്ടിയായി സോനം റെഡി. കുറച്ച വെയ്റ്റ് എത്രയാണെന്നോ– 32 കിലോ. 177 സെന്റീമീറ്റർ ഉയരത്തിൽ 55 കിലോ തൂക്കവുമായി പെർഫെക്ട് ഫിഗറിന് ഉടമയായി കഴിഞ്ഞിരുന്നു സോനം. 

അഞ്ചു നേരം ഭക്ഷണം 

അഞ്ചു നേരമാണ് പ്രധാനമായും കഴിക്കുന്നത്. ഇതിനിടയ്ക്കുള്ള സമയം വിശന്നാൽ എനർജി ബാർ അല്ലെങ്കിൽ ഡ്രൈ ഫ്രൂട്സ് കഴിക്കും. ഡാർക് ചോക്കലേറ്റ് കഴിക്കുന്നതാണു മറ്റൊരു സന്തോഷം. കരിക്കിൻ വെള്ളം, കുകുംബർ ജ്യൂസ്, ബട്ടർ മിൽക്ക് ഇവയും ഇടയ്ക്കിടെ കുടിക്കും. പട്ടിണി കിടന്നു മെലിയാനൊന്നും സോനത്തിനെ കിട്ടില്ല. 

ഉണർന്ന ഉടൻ  ചെറു ചൂടുവെള്ളത്തിൽ നാരങ്ങയും തേനും ചേർത്തു കഴിക്കും. ഓട്മീലും ഏതെങ്കിലും ഫ്രൂട്ടും ഉൾപ്പെടുന്നതാണു ബ്രേക് ഫാസ്റ്റ്. ഇടനേരം നട്സ്, ഫ്രഷ് ജ്യൂസ് അല്ലെങ്കിൽ കരിക്കിൻ വെള്ളം. 

ഉച്ചഭക്ഷണം ലാവിഷാണ്. ചപ്പാത്തി, ദാൽ, ഗ്രിൽഡ് ഫിഷ് അല്ലെങ്കിൽ ചിക്കൻ, വെജിറ്റബിൾ കറി, സാലഡ് എന്നിവ ഉൾപ്പെടുത്തി രുചിക്കങ്ങു കഴിക്കും.  മുട്ടയുടെ വെള്ളയും ചിക്കൻ ഫിൻഗേഴ്സ് എന്നിവയാണു നാലുമണിക്ക്. രാത്രി ഭക്ഷണം അത്ര ഹെവിയല്ല.  ഗ്രിൽഡ് ചിക്കൻ അല്ലെങ്കിൽ ഫിഷ് ഒപ്പം സൂപ്പും സാലഡും. 

പൊട്ടറ്റോ ചിപ്സ്, പീറ്റ്സ, ബർഗർ, വറുത്ത പലഹാരങ്ങൾ, പായ്ക്കറ്റ് ജ്യൂസ് തുടങ്ങിയവയൊന്നും തൊടില്ല. സ്കൂൾ കാലത്തു  ബാസ്കറ്റ്ബോൾ, റഗ്ബി പ്ലേയർ ആയിരുന്നതുകൊണ്ട് ഫിഗർ മെയിന്റെയ്ൻ ചെയ്യുന്നത് ഒരു വിഷയമേയല്ല.

ദിവസവും ഒരു മണിക്കൂർ ജിമ്മിൽ  വർക്ഔട് ചെയ്യും. സമയം പോലെ അര മണിക്കൂർ സ്വിമ്മിങ്. വൈകുന്നേരങ്ങളിൽ യോഗയും മെഡിറ്റേഷനും. സ്ക്വാഷ് കളിക്കാനും ഇഷ്ടം. ആഴ്ചയിൽ രണ്ടു ദിവസം കഥക് പ്രാക്ടീസ് ചെയ്യും. പിന്നെ എട്ടു മണിക്കൂർ ഉറക്കം. 32 വയസ്സിലും സുന്ദരിയായിരിക്കാൻ ഇതിൽപരം എന്തു വേണം.