അമിതവണ്ണം കുറയ്ക്കാൻ ഓട്സ് ഈ രീതിയിൽ കഴിച്ചു നോക്കൂ; ഫലം ഉറപ്പ്

അമിതവണ്ണം കുറയ്ക്കാൻ പല വഴികൾ പരീക്ഷിച്ച് മടുത്തവർക്ക് ഇതാ ഡയറ്റീഷ്യൻമാർ നൽകുന്ന പുതിയ നിർദേശം. ഭക്ഷണക്രമത്തിൽ ഓട്സ് ബേസ്ഡ് ഡയറ്റ് പരിശീലിച്ചാൽ രണ്ടാഴ്ചയ്ക്കകം ശരീരഭാരം കുറഞ്ഞു തുടങ്ങുമത്രേ. ഓട്സ് ‍ഞങ്ങൾ പലവട്ടം ട്രൈ ചെയ്തതാണ് എന്നു പറഞ്ഞു മുഖം തിരിക്കാൻ വരട്ടെ. ഓട്സ് എങ്ങനെ കഴിക്കുന്നു എന്നതാണ് ഈ ഡയറ്റിൽ പ്രധാനം. ഈ ഡയറ്റ് പരിശീലിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള നിർദേശങ്ങൾ ഇതാണ്.

∙ഓട്സ് ബേസ്ഡ് ഡയറ്റ് എന്നാൽ രണ്ടാഴ്ചത്തേക്ക് നിങ്ങളുടെ പ്രധാനഭക്ഷണം ഓട്സ് മാത്രമായിരിക്കും.

∙രാവിലെ പ്രഭാതഭക്ഷണത്തിന് പാലിൽ കുറുക്കിയ ഓട്സ് കഴിക്കാം. പാലിൽ കഴിവതും മധുരം കുറച്ച് ഉപയോഗിക്കുകയോ തീരെ ഉപയോഗിക്കാതിരിക്കുകയോ ചെയ്യുക. മധുരം നിർബന്ധമുള്ളവർ തേൻ ചേർത്താലും മതി

∙ഓട്സ് മിൽക്ക് മിക്സ് തയാറാക്കുമ്പോൾ രുചിക്കും പോഷകഗുണങ്ങൾക്കും വേണ്ടി ഫ്രൂട്ട് ജ്യൂസ് ക്യൂബുകൾ ചേർക്കാം. പഴവർഗങ്ങൾ മധുരം കുറച്ചു തയാറാക്കിയ സിറപ്പ് ഫ്രിഡ്ജിൽ ഐസ് ക്യൂബ് രൂപത്തിൽ സൂക്ഷിച്ചുവച്ചാൽ ഓരോ ദിവസവും പ്രാതലിന് ഇത് ഓട്സിനൊപ്പം ചേർക്കാം. 

∙ ഓട്സിനൊപ്പം പഴങ്ങൾ സാലഡിനെന്നവണ്ണം അരിഞ്ഞ് ചേർക്കുന്നതും നല്ലതാണ്. പുളിയുള്ള പഴവർഗങ്ങൾ ഒഴിവാക്കാം

∙ഉച്ചഭക്ഷണത്തിന് ഓട്സ് കൊണ്ട് തയാറാക്കിയ ഉപ്പുമാവോ പുട്ടോ കഴിക്കുക.ഇതിനൊപ്പം നോൺ വെജ് കറികൾ വേണ്ട. പച്ചക്കറികൾ പാതിവേവിച്ച സ്റ്റ്യൂ ആണ് ഉത്തമം. ഇടയ്ക്ക് ഒരു മാറ്റം വേണമെന്നു തോന്നുന്നുണ്ടെങ്കിൽ മീനോ കോഴിയിറച്ചിയോ കറിവച്ച് ഉപയോഗിക്കാം.

∙വൈകുന്നേരം ചായയ്ക്കൊപ്പം ഓട്സ് പലഹാരങ്ങൾ കഴിക്കാം. ഓട്സ് കൊണ്ട് തയാറാക്കിയ വടയോ അടയോ നല്ലതായിരിക്കും. ഇതിൽ പഞ്ചസാരയ്ക്കു പകരം ശർക്കര ചേർക്കാൻ മറക്കേണ്ട.

∙രാത്രിഭക്ഷണത്തിനും ഓട്സ് തന്നെ ശരണം. മൂന്നുനേരവും ഓട്സ് കഴിച്ചു മടുത്താൽ ആഴ്ചയിൽ ഒരു ദിവസവും ഓട്സ് ഒഴിവാക്കി മറ്റു ഭക്ഷണം കഴിക്കാം. അമിത  കലോറി ഭക്ഷണം പൂർണമായും ഒഴിവാക്കുക.

Read More : Fitness Tips