അമിതവണ്ണമോ? നിങ്ങള്‍ ആഹാരം കഴിക്കുന്നത്‌ എങ്ങനെയെന്നു ശ്രദ്ധിച്ചു നോക്കൂ...

ചിലരെ ശ്രദ്ധിച്ചിട്ടില്ലേ ആഹാരം കഴിക്കാന്‍ തീന്‍മേശയിലേക്ക്‌ വരുന്നതും പ്ലേറ്റില്‍ ഉള്ളതെല്ലാം തീര്‍ത്ത്‌ എഴുന്നേറ്റു പോകുന്നതും ഒരുമിച്ചായിരിക്കും. എന്നാല്‍ മറ്റു ചിലരെ നോക്കൂ, എല്ലാവരും കഴിച്ചു കഴിഞ്ഞാലും അവര്‍ ആഹാരം കഴിച്ചു തീരില്ല. ഭക്ഷണകാര്യത്തിലെ ഈ വേഗതയും വണ്ണവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ ?

തീര്‍ച്ചയായും ഉണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. കാരണം വളരെ മെല്ലെ ആഹാരം കഴിക്കുന്നവര്‍ക്ക് അമിതവണ്ണത്തിനുള്ള സാധ്യത വളരെ കുറവാണ്. ഹൃദ്രോഗങ്ങള്‍, പ്രമേഹം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യതകളും കുറവായിരിക്കും. അതേസമയം ഭക്ഷണകാര്യത്തിലെ വേഗക്കാര്‍ക്ക് ഇവയെല്ലാം വാരാനുള്ള സാധ്യത ഏറെയായിരിക്കും.

51 വയസ്സിനടുത്ത് പ്രായമുള്ള  642 പുരുഷന്മാരിലും  441 സ്ത്രീകളിലും അഞ്ചുവര്‍ഷത്തോളം നടത്തിയ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തല്‍. ഭക്ഷണരീതിയുടെ വേഗതയനുസരിച്ച് ഇവരെ മൂന്നായി തിരിച്ചായിരുന്നു പഠനം. വേഗത്തില്‍ ഭക്ഷണം കഴിക്കുന്നവര്‍ക്ക് മെറ്റബോളിക് സിന്‍ഡ്രോം പിടിപെടാനുള്ള സാധ്യതയേറെയാണെന്ന് പഠനത്തില്‍ തെളിഞ്ഞു. 

അതേസമയം സാവധാനം ഭക്ഷണം കഴിക്കുന്നവരില്‍ ഇതെനെല്ലാമുള്ള സാധ്യത തീരെ കുറവായിരുന്നു. 

വേഗത്തില്‍ ഭക്ഷണം കഴിക്കുന്നവര്‍ക്ക് അമിതവണ്ണത്തിനുള്ള സാധ്യത കൂടുതലാണ്. ഇവര്‍ക്ക് ഇടുപ്പില്‍ കൊഴുപ്പടിയുന്നതും സാധാരണമാണ്. എന്നാല്‍ എത്ര തിരക്കിനിടയിലും ആസ്വദിച്ചു ഭക്ഷണം കഴിക്കുന്നവരില്‍ ഇതൊന്നും ഉണ്ടാകുന്നുമില്ല. 

വേഗത്തില്‍ ആഹാരം കഴിക്കുന്നവര്‍ക്ക് നന്നായി കഴിച്ചില്ല എന്നൊരു തോന്നല്‍ സ്വാഭാവികമാണ്. അതുകൊണ്ടുതന്നെ അമിതമായി ഇവര്‍ ആഹാരം കഴിക്കുകയും ചെയ്യും. വാരിവലിച്ചു കഴിക്കുന്നത്‌ രക്തത്തിലെ ഗ്ലൂക്കോസ് നില ക്രമാതീതമായി ഉയര്‍ത്തും, ഇത് പിന്നീട് പ്രമേഹത്തിന് തുടക്കമിടുകയും ചെയ്യും. അപ്പോള്‍ ഇനി ആഹാരം കഴിക്കുമ്പോള്‍ ഇതെല്ലാമൊന്നു ശ്രദ്ധിച്ചോളൂ..

Read More : Fitness Tips