മസ്സില്‍ പെരുപ്പിക്കാന്‍ അശാസ്ത്രീയ മരുന്നുപരീക്ഷണം; ഈ യുവാവിന്റെ അവസ്ഥ കണ്ടോ?

ശരീരഭാരം വര്‍ധിപ്പിക്കാനും മസ്സില്‍ വളര്‍ത്താനുമെല്ലാം കൃത്രിമമാര്‍ഗ്ഗങ്ങള്‍ തേടുന്ന ചെറുപ്പക്കാര്‍ നമ്മുക്കിടയിലുണ്ട്. ഇത്തരം പ്രവര്‍ത്തികള്‍ ഭാവിയില്‍ ഉണ്ടാക്കാവുന്ന ദൂഷ്യവശങ്ങളെ കുറിച്ചു പലപ്പോഴും ഇവര്‍ ബോധാവാന്മാരാകില്ല. ഇതിനെതിരെ മുന്നറിയിപ്പു നൽകാറുണ്ടെങ്കിലും  മിക്കവരും ഇത് അവഗണിക്കുകയാണ് പതിവ്. എന്നാല്‍ റഷ്യയിലെ ഈ ബോഡി ബില്‍ഡറുടെ അനുഭവം ഇത്തരത്തില്‍ മസ്സില്‍ പെരുപ്പിക്കാന്‍ നെട്ടോട്ടമോടുന്നവര്‍ക്കൊരു മുന്നറിയിപ്പാണ് .

സ്വന്തമായി തയാറാക്കിയ മരുന്നുകള്‍ കൈകളിലെ മസ്സിലില്‍ കുത്തിവെച്ചു കൊണ്ടാണ് 21 കാരനായ കിറില്‍ ത്രെഷര്‍ കൈകളിലെ മസ്സില്‍ വികസിപ്പിക്കാന്‍ ശ്രമിച്ചത്. റഷ്യന്‍ മാര്‍ക്കറ്റില്‍ 400,000 റൂബിളിനു മേല്‍ വിലവരുന്ന സിന്തോള്‍ (Synthol) എന്ന കെമിക്കലാണ് പരീക്ഷണത്തിനു കിറില്‍ ഉപയോഗിച്ചതെന്നു പറയുന്നു. ഒരു മാസത്തിനിടയില്‍ പത്തോളം ഇന്‍ജെക്ഷനുകളാണ് കിറില്‍ സ്വന്തമായി പരീക്ഷിച്ചത്. ഇതുപോലെ ആറു ലീറ്റര്‍ ആണ് ശരീരത്തില്‍ കിറില്‍ കുത്തിവെച്ചത്.  

താന്‍ ആരാധിക്കുന്ന ബോഡി ബില്‍ഡറുമാരെപ്പോലെ ആകാനാണ് കിറിൽ ഈ പരീക്ഷണം നടത്തിയത്. ഇതിന്റെ അന്തരഫലം കടുത്തതായിരുന്നു. 

അശാസ്ത്രീയ പരീക്ഷണങ്ങളുടെ ഫലമായി കിറിലിന്റെ ഇരുകൈകളിലെയും മസ്സില്‍ അസ്വാഭാവികമായി തടിച്ചു വീര്‍ക്കാന്‍ തുടങ്ങി. 23 ഇഞ്ച് വരെയാണ് ഇപ്പോള്‍ ഇയാളുടെ മസ്സിലുകള്‍ വീര്‍ത്തിരിക്കുന്നത്. എന്നാല്‍ ഇതൊന്നും തനിക്ക് പ്രശ്നമല്ല എന്നതാണ് കിറിലിന്റെ നിലപാട്.

27 ഇഞ്ച്‌ വലുപ്പമാണ് തന്റെ സ്വപ്നം എന്നാണ് ഇയാള്‍ പറയുന്നത്. ഇപ്പോഴത്തെ ചിത്രങ്ങള്‍ കിറില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ഇൻസ്റ്റഗ്രാം ആരാധകര്‍ ഒരു കോടിയ്ക്ക് മുകളില്‍ എത്തുകയാണത്രേ ലക്ഷ്യം. ഒരു പോണ്‍ സിനിമയില്‍ നായകനാകാനും അവസരം ലഭിച്ചിട്ടുണ്ടെന്ന് ഇയാള്‍ പറയുന്നു. വൈകാതെ ഈ പരീക്ഷണം മാറിലും തോളിലുമെല്ലാം നടത്താന്‍ ഒരുങ്ങുകയാണ് കിറിൽ.

കിറില്‍ നടത്തുന്ന ഈ അശാസ്ത്രീയ നടപടികള്‍ ഭാവില്‍ ഇയാള്‍ക്ക് പരാലിസിസ് പിടിപെടാനോ അല്ലെങ്കില്‍ കൈകള്‍ മുറിച്ചു മാറ്റേണ്ട അവസ്ഥയിലേക്കോ  എത്തിക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഈ മരുന്ന്പ്രയോഗത്തിന്റെ അംശങ്ങള്‍ ഏഴു വർഷംവരെ ശരീരത്തില്‍ നില്‍ക്കുമെന്നും അവര്‍ പറയുന്നു. ഇത് മാരകമായ ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുക. 

85 ശതമാനം എണ്ണയും  7.5 ശതമാനം ലിഡോകൈന്‍ (lidocaine), ആല്‍ക്കഹോള്‍ , തെറിഷിന്‍ (Tereshin) എന്നിവ അടങ്ങിയതാണ് സിന്തോള്‍ എന്ന കെമിക്കല്‍. നല്ല വിലയുള്ള ഇത് അശാസ്ത്രീയമായി നിർമിച്ചാണ് കിറില്‍ ഉപയോഗിക്കുന്നത്. ഇവ മസ്സിലിലെ സാധാരണ കോശങ്ങളെ നശിപ്പിച്ച് അമിതമായി വികസിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത്ആരോഗ്യപരമല്ലെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. എന്നാല്‍ തന്റെ മണ്ടന്‍ പരിപാടികളുമായി  മുന്നോട്ടു പോകാന്‍ തന്നെയാണ് ഈ ചെറുപ്പക്കാരന്റെ തീരുമാനം. 

Read More : Health and Fitness Tips