118–ൽ നിന്ന് 55 ലേക്ക്; ഭാരം കുറച്ചതിന്റെ ക്രെഡിറ്റ് കുക്കറിനും

Image Courtesy : Instagram

കുറച്ചു നാളുകള്‍ക്കു മുന്‍പ് വരെ കലിഫോര്‍ണിയ സ്വദേശിനിയായ ബ്രിട്ടനി വില്യംസ് ഏറ്റവുമധികം പരിഹാസം കേട്ടത് തന്റെ അമിതഭാരത്തിന്റെ പേരിലായിരുന്നു. എന്നാല്‍ ഇന്ന് ബ്രിട്ടനിയ്ക്ക് സോഷ്യല്‍ മീഡിയയില്‍ മുഴുവന്‍ ആരാധകരാണ്, ബ്രിട്ടനിയുടെ റെസിപ്പികള്‍ വായിക്കാനും അത് പിന്തുടരാനും. ഈ മാറ്റങ്ങളെല്ലാം  ബ്രിട്ടനിയുടെ ജീവിതത്തിലേക്ക് കൊണ്ട് ഒരു ഇന്‍സ്റ്റന്റ് പോട്ട് ആണ്, അതെ നമ്മുടെ ഇലക്ട്രിക് കുക്കര്‍ തന്നെ.

തുടരെത്തുടരെയുള്ള പ്രസവങ്ങളും ക്രമം തെറ്റിയ ആഹാരശീലങ്ങളുമാണ് ബ്രിട്ടനിയുടെ അമിതവണ്ണത്തിനു കാരണമായത്. ഏകദേശം 260 പൗണ്ട്സ് അതായത് 118 കിലോയോളമായിരുന്നു ഈ സമയത്ത് ബ്രിട്ടനിയുടെ ഭാരം. അതിനൊപ്പം തന്നെ തൈറോയ്ഡ് ബാധ കൂടി പിടികൂടിയതോടെ ബ്രിട്ടനി ആകെ വിഷമത്തിലായി. 

ആ സമയത്താണ് ബ്രിട്ടനിയ്ക്ക് ഭര്‍ത്താവ് ഒരു ഇലക്ട്രിക്ക് കുക്കര്‍ വാങ്ങി നല്‍കിയത്. 

2010 മുതല്‍ ഈ തരത്തിലെ കുക്കെറുകള്‍ അമേരിക്കയില്‍ പ്രചാരത്തിലായിരുന്നു. മുന്‍പ് ഫ്രിഡ്ജില്‍ വച്ചുപയോഗിച്ചതും തണുത്തതുമായ ആഹാരസാധനങ്ങള്‍ ആയിരുന്നു ബ്രിട്ടനിയുടെ മെനുവില്‍ അധികവും. എന്നാല്‍ ഇതു വന്നതോടെ കൂടുതല്‍ പോഷകസമ്പന്നമായ ആഹാരം പാകം ചെയ്യാന്‍ ബ്രിട്ടനി തീരുമാനിച്ചു. ഒപ്പം തന്റെ കുക്കര്‍ വിഭവങ്ങളുടെ റെസിപ്പികളും വിശേഷങ്ങളും പങ്കുവയ്ക്കാനായി ഒരു ബ്ലോഗും ഇവര്‍ ആരംഭിച്ചു. 75,472 പേര്‍ നിലവില്‍ ഇത് പിന്തുടരുന്നുണ്ട്.  ഇൻസ്റ്റഗ്രാം പേജില്‍ 23,000 ഫോളോവേസുമുണ്ട്.

നേരത്തെ കൊഴുപ്പു കൂടുതലടങ്ങിയ ഭക്ഷണമായിരുന്നു കൂടുതലും പാകം ചെയ്തിരുന്നതെന്ന് ഇവര്‍ പറയുന്നു. ചീസും സോസും നെയ്യുമെല്ലാം അമിതമായി ഉപയോഗിച്ചിരുന്നു. എന്നാല്‍ ഇന്‍സ്റ്റന്റ് കുക്കര്‍ തന്റെ ജീവിതം മാറ്റിമറിച്ചുവെന്ന് ബ്രിട്ടനി പറയുന്നു. 

കഴിഞ്ഞ ജനുവരില്‍ ബ്രിട്ടനിയുടെ മകള്‍ക്ക് റുമാറ്റോയിഡ് ആര്‍ത്രൈറ്റിസ് കണ്ടെത്തിയിരുന്നു. ഒപ്പം തന്റെ രോഗവും കൂടി ആയപ്പോള്‍ ആകെ തളന്നു പോയി. നിലവില്‍  ഓട്ടോ ഇമ്യൂണ്‍ പ്രോടോക്കോള്‍ ഡയറ്റ് (Autoimmune Protocol (AIP) ) ആണ് ബ്രിട്ടനി പിന്തുടരുന്നത്. 

ഇന്‍സ്റ്റന്റ് പോട്ടിന്റെ സഹായം ഇവിടെയാണ്‌ തനിക്ക് ഏറ്റവുമധികം ഉള്ളതെന്ന് ബ്രിട്ടനി പറയുന്നു. കാരണം മണിക്കൂറുകള്‍ നീണ്ട പാചകപരമ്പരകള്‍ നടത്തി സമയം കളയാതെ മുപ്പതു മിനിറ്റ് സമയം കൊണ്ട് പോഷകസമ്പന്നമായ ഭക്ഷണം ഒരുക്കാന്‍ സാധിക്കുന്നുണ്ട്.

ഇപ്പോള്‍ ബ്രിട്ടനിയുടെ ഭാരം 64 കിലോയാണ്. അതായത് ഏകദേശം 55 കിലോയാണ്  ബ്രിട്ടനി കുറച്ചത്. പോഷകസമ്പന്നമായ ഡയറ്റ് പിന്തുടര്‍ന്നതോടെ തന്റെയും മകളുടെയും രോഗങ്ങള്‍ കുറഞ്ഞതായി ബ്രിട്ടനി പറയുന്നു. ഇപ്പോള്‍ തങ്ങള്‍ക്കു മരുന്നുകളെ ആശ്രയിക്കേണ്ട ആവശ്യം പോലുമില്ല. എത്ര തിരക്കുള്ള അമ്മയായാലും ഈ ഇന്‍സ്റ്റന്റ് പോട്ട് നിങ്ങൾക്കു ഫലപ്രദമാകും. താന്‍ ഒരിക്കലും ഒരു കുക്കര്‍ കമ്പനിയുടെയും വക്താവല്ല മറിച്ചു തന്നെപ്പോലെ നിരവധി അമ്മമാര്‍ക്ക് ഈ ടിപ്സ് പ്രയോജനം നല്‍കുമെന്നാണ് ബ്രിട്ടനി പറയുന്നത്. 

Read More : Fitness Tips