ആ 18 കിലോ കരീന കുറച്ചത് എങ്ങനെ?

സീറോ സൈസ് ഫിഗറിൽനിന്ന് ഗർഭകാലത്തെ ഗുണ്ടുമണി ഫിഗറിലേക്ക് കരീന കപൂർ ഒരു ചാട്ടമായിരുന്നു. 54 കിലോഗ്രാമിൽനിന്ന് 72 കിലോയിലേക്ക്. ഇഷ്ട ഭക്ഷണം കഴിച്ചും വിശ്രമിച്ചും ഗർഭകാലം ശരിക്കും ആസ്വദിക്കുകയായിരുന്നു കരീന. അങ്ങനെ 18 കിലോഗ്രാം തൂക്കമാണ് കരീനയ്ക്ക് അധികം വച്ചത്. കൊതി മൂത്ത് അന്നു കഴിച്ച പറാത്തയുടെയും നെയ്യുടെയും ബിരിയാണിയുടെയും ഗുണം! 

ഇരട്ടത്താടിയും തുടുത്ത കവിളുകളുമായി ഗുണ്ടുമണിയായി കരീന. പക്ഷേ തൂക്കം വയ്ക്കുന്നത് ടെൻഷനേ ആയിരുന്നില്ല കരീനയ്ക്ക്. കാരണം വച്ച തൂക്കം കുറയ്ക്കാൻ ഈ പഴയ സീറോ സൈസ് ഫിഗറുകാരിക്ക് നന്നായി അറിയാം. 

ഡയറ്റീഷ്യൻ: അധികം വച്ച 18 കിലോഗ്രാം ഒറ്റയടിക്കു കുറയ്ക്കാൻ പറ്റില്ലല്ലോ. സ്റ്റെഡിയായി ഹാപ്പിയായി ആ വെയ്റ്റ് കുറച്ചെടുക്കുകയായിരുന്നു ലക്ഷ്യം. അതിൽ ഏറ്റവുമധികം സഹായിച്ചത് ഡയറ്റീഷ്യൻ രുജുത ദിവേകറും. 

∙കാൽസ്യം:   സ്ത്രീയുടെ ശരീരത്തിൽ അഞ്ചു വർഷം കൊണ്ടു സംഭരിച്ചു വച്ചിരിക്കുന്ന കാൽസ്യമാണു ഗർഭകാലത്ത് നഷ്ടപ്പെടുന്നത്. ഈ കാൽസ്യം ലെവൽ കൃത്യമാക്കുകയാണ് കരീനയുടെ കാര്യത്തിൽ ആദ്യം ചെയ്തത്. ദിവസവും രാത്രി ഒരു വലിയ ഗ്ലാസ്സ് നിറയെ പാൽ കുടിച്ചാണ് കാൽസ്യം ശരീരത്തിൽ ഉറപ്പാക്കിയത്. 

∙അയൺ, വൈറ്റമിൻ ബി12: പ്രസവശേഷം ശരീരത്തിലുണ്ടായ കറുത്ത കലകൾ നീക്കാൻ അയൺ, വൈറ്റമിൻ ബി12 എന്നിവ ഉറപ്പാക്കുകയാണു ചെയ്തത്. വെണ്ണ, എള്ള് എന്നിവ ദിവസവും കഴിച്ചു. തേങ്ങയും ശർക്കരയും ചേർത്തു കഴിച്ചതും നെയ് പുരട്ടിയ ബജ്റ ചപ്പാത്തിയും അയണിന്റെ അളവ് ഉറപ്പാക്കി. 

∙ചോറ്: വേഗത്തിൽ വെയ്റ്റ് കുറയ്ക്കാൻ കരീനയെ  മുൻപു സീറോ സൈസ് ഫിഗറിലെത്തിച്ച ടഷാൻ ഡയറ്റിലേക്കു തിരിച്ചു പോകാൻ കരീന ആഗ്രഹിച്ചെങ്കിലും ഡയറ്റീഷ്യൻ സമ്മതിച്ചില്ല. പകരം രണ്ടു നേരം ചോറുണ്ണണമെന്നു കരീനയോടു നിർദേശിക്കുകയും ചെയ്തു. ചോറുണ്ടാൽ വിശപ്പു മാറുമെന്നു മാത്രമല്ല, പ്രസവം വഴി ശരീരത്തിൽനിന്നു നഷ്ടപ്പെട്ട ചില നല്ല ബാക്ടീരിയകളെ തിരിച്ചു കൊണ്ടുവരാനും കഴിയും. (നമ്മുടെ നാട്ടിലും പ്രസവശേഷം ചോറുണ്ണണം എന്നാണല്ലോ മുത്തശ്ശിമാർ പറയുന്നത്).

∙നോ ക്രാഷ് ഡയറ്റ്: ഭക്ഷണം ഉപേക്ഷിച്ചുള്ള തടികുറയ്ക്കൽ നടത്തിയാൽ ശരീരത്തിനു വേണ്ട വൈറ്റമിനുകളും മിനറലും മറ്റും ലഭിക്കാതാകും. പ്രത്യേകിച്ച്  കുഞ്ഞിനെ മുലയൂട്ടുമ്പോൾ. പോഷകങ്ങളുടെ അളവു കുറയ്ക്കാതെ ഇഷ്ടമുള്ളതെല്ലാം കുറഞ്ഞ അളവിൽ കഴിക്കുകയാണ് ഡയറ്റിങ്ങിലെ ആദ്യ പാഠമെന്നു കരീന പറയുന്നു. 

∙മസിൽ വുമൺ:   വെയ്റ്റ് കുറയ്ക്കുക എന്നു വച്ചാൽ  മസിലുകളും എല്ലുകളും സ്ട്രോങ് ആക്കി തന്നെ അധിക ഭാരം കുറയ്ക്കണം. മസിലിന്റെ ബലം കൂടുന്തോറും ശരീരം ഒതുങ്ങും. ഭക്ഷണം ഉപേക്ഷിച്ചു വെയ്റ്റ് കുറച്ചാൽ തൂക്കം കുറയുമെങ്കിലും മസിൽ ബലം നഷ്ടപ്പെടുന്നതിനാൽ ശരീരത്തിൽ മാംസം തൂങ്ങിക്കിടക്കും. 

∙നല്ല നടപ്പ്: എക്സർസൈസ് ചെയ്യുന്നത് ഒരു ഭാരമാകാതെ നോക്കിയാൽ മതിയെന്നാണു കരീന സ്ത്രീകളോടു പറയുന്നത്. ദിവസവും അര മണിക്കൂർ നടക്കുക. അതിനെക്കാൾ നല്ല എക്സർസൈസ് ഇല്ല. വീട്ടിൽ ട്രെഡ്മിൽ ഉണ്ടെങ്കിലും അതു വേണ്ടെന്നു വച്ചു വഴിയിലിറങ്ങാനാണ് കരീനയുടെ ഉപദേശം. നടക്കാൻ വേണ്ടി നാടു മുഴുവൻ ചുറ്റുകയൊന്നും വേണ്ട. വീടിനു മുൻപിലെ ചെറിയ വഴിയിലൂടെ പല പ്രാവശ്യം നടന്നാൽ മതിയാകും. 

Read More : Fitness Tips