പച്ചയ്ക്കു കഴിച്ചാൽ ഭാരം കുറയ്ക്കാം

ശരീരഭാരം കുറയാൻ എന്തുസാഹസവും ചെയ്യാൻ തയാറുള്ളവർ അറിയാൻ. ഒരുപാടൊന്നും മിനക്കെടേണ്ട. ചില ഭക്ഷണ സാധനങ്ങൾ വേവിക്കാനൊന്നും നിൽക്കേണ്ട പച്ചയ്ക്കു കഴിച്ചോളൂ. ശരീരഭാരം കുറയുന്നതു കാണാം. 

കേൾക്കുമ്പോൾ ദഹിക്കാൻ പ്രയാസമാണെങ്കിലും ഭക്ഷണം കഴിക്കുന്നത് എങ്ങനെ എന്നതനുസരിച്ചാകും ഭക്ഷണത്തിലെ കാലറി ഉള്ളിൽ ചെല്ലുന്നത്. വറുത്തും വേവിച്ചും ആവിയിൽ പുഴുങ്ങിയും അരച്ചും എല്ലാം നാം ഭക്ഷണം കഴിക്കുന്നു. ഓരോ രീതിയിൽ കഴിക്കുമ്പോഴും വ്യത്യസ്ത കാലറിയാകും ശരീരത്തിലെത്തുക.

ഭക്ഷണം എത്രമാത്രം പ്രോസസ് ചെയ്യുമോ അത്രമാത്രം കൂടുതൽ ഊർജ്ജം അതു പുറത്തുവിടുന്നു. പാകം ചെയ്തു കഴിക്കുന്നത്ര ശരീരഭാരവും കൂടുന്നു. ഭക്ഷണസാധനങ്ങൾ പച്ചയ്ക്കു കഴിച്ചാലോ ശരീരഭാരം കുറയ്ക്കാനും സാധിക്കുന്നു. കാരണമെന്തെന്നോ പ്രോസസ് ചെയ്ത ഭക്ഷണം കഴിക്കുമ്പോൾ അത് വേഗം ദഹിക്കുന്നു. വളരെ സോഫ്റ്റ് ആയതിനാൽ അവയെ വിഘടിപ്പിക്കാൻ ശരീരത്തിന് കുറച്ച് ഊർജ്ജം മാത്രം മതിയാകും. 

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ചില ഭക്ഷണങ്ങൾ വേവിക്കാതെ കഴിച്ചാൽ മതി. അത് ഏതൊക്കെ എന്നു നോക്കാം. 

1. തേങ്ങ : പച്ച തേങ്ങയിൽ പൊട്ടാസ്യം, മഗ്നീഷ്യം, സോഡിയം ഇവ ധാരാളമുണ്ട്. തേങ്ങാവെള്ളത്തിൽ ഇലക്ട്രോലൈറ്റുകൾ ധാരാളമുണ്ട്. ഇത് വർക്കൗട്ടിനു ശേഷം ഊർജ്ജം നൽകുന്നു. ഉണങ്ങിയ തേങ്ങയിൽ ഇതേ അളവു പോഷകങ്ങൾ ഇല്ല. അതുകൊണ്ട് തേങ്ങാവെള്ളവും പച്ചതേങ്ങയും ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ. 

2. ഉള്ളി: ആന്റിഓക്സിഡന്റുകളാൽ സമ്പന്നം. രോഗപ്രതിരോധശക്തി ഏറുന്നു. ഉള്ളി പച്ചയ്ക്ക് തിന്നുന്നത് ശ്വാസകോശാർബുദത്തിൽ നിന്നും പ്രോസ്റ്റേറ്റ് അർബുദത്തിൽ നിന്നും സംരക്ഷണമേകും.

3. ഡ്രൈഫ്രൂട്ട്സ്: പോഷകസമ്പുഷ്ടമാണ് ഉണക്കപ്പഴങ്ങൾ. അണ്ടിപ്പരിപ്പ്, ബദാം, പിസ്ത ഇവയെല്ലാം വറുക്കുമ്പോൾ പോഷകങ്ങൾ നഷ്ടപ്പെടും. കാലറിയും രുചിയും കൂടിയേക്കാം എന്നു മാത്രം. അതുകൊണ്ട് ഡ്രൈഫ്രൂട്ട്സ് പച്ചയ്ക്കു കഴിക്കാൻ ശ്രദ്ധിക്കുക. 

4. ചുവന്ന കാപ്സിക്കം: ഒരു ചുവന്ന കാപ്സിക്കം കഴിച്ചാൽതന്നെ ശരീരത്തിന് ഒരു ദിവസം ആവശ്യമുള്ള ‘ജീവകം സി’ യിൽ അധികം ലഭിക്കും. വേവിക്കുമ്പോൾ കാപ്സിക്കത്തിൽ നിന്ന് ഈ പോഷകങ്ങളെല്ലാം നഷ്ടപ്പെടും. ഒരു കാപ്സിക്കം 32 കാലറി മാത്രമേ ഉള്ളൂ. സാലഡിൽ ചേർത്ത് കഴിക്കുന്നത് ഏറെ നല്ലത്. 

5. ബ്രൊക്കോളി: പ്രോട്ടീൻ, ജീവകം സി, പൊട്ടാസ്യം ഇവ ധാരാളം. ബ്രൊക്കോളിയിൽ ഗോയ്ട്രിൻ അടങ്ങിയതിനാൽ തൈറോയിഡ് പ്രശ്നങ്ങളെ തടയുന്നു. പച്ചയ്ക്ക് തിന്നാൻ തീരെ പറ്റുന്നില്ല എങ്കിൽ മാത്രം ആവിയിൽ വേവിച്ചു കഴിക്കുക.

Read More : Health and Fitness