ആറു മാസം കൊണ്ട് 45 കിലോ കുറച്ച ഈ 23കാരന്റെ ഡയറ്റ് ആർക്കും പിന്തുടരാം

ഭാരം കുറയ്ക്കണമെന്നു പലര്‍ക്കും തോന്നുന്ന ഘട്ടം ഏതാണ്? ഒന്നുങ്കില്‍ ആരെങ്കിലും കളിയാക്കുമ്പോള്‍ അല്ലെങ്കില്‍ പ്ലസ്‌ സൈസ് വേഷങ്ങള്‍ പോലും നിങ്ങൾക്ക് പാകമാകാതെ വരുമ്പോള്‍. നിഷാദ് ഖഗല്‍വാള്‍ എന്ന 23കാരനും തന്റെ അമിതഭാരം കുറയ്ക്കാന്‍ തീരുമാനമെടുത്തത് ഈ ഘട്ടത്തിലാണ്.

140 കിലോയായിരുന്നു ആറുമാസങ്ങള്‍ക്ക് മുന്‍പ് ഭാരം കുറയ്ക്കാന്‍ തീരുമാനമെടുക്കുമ്പോള്‍ സോഫ്റ്റ്‌വെയര്‍എഞ്ചിനീയറായിരുന്ന നിഷാദിന്റെ ഭാരം. പ്ലസ്‌ സൈസ് വേഷങ്ങള്‍ പോലും പാകമാകാതെ വന്നതാണ് നിഷാദിനെ വണ്ണം കുറയ്ക്കുക എന്ന തീരുമാനത്തിൽ എത്തിച്ചത്. ഇതിനായി നിഷാദ് തന്നെയൊരു ഭക്ഷണക്രമം തയാറാക്കി. അതിങ്ങനെ :

പ്രാതല്‍ - ഒരു കപ്പ്‌ ബ്ലാക്ക്‌ കോഫി, ഒരു ഗ്ലാസ്സ് പാട നീക്കം ചെയ്ത പാല്‍, രണ്ടു പുഴുങ്ങിയ മുട്ട. 

ഉച്ചയ്ക്ക് - രണ്ടു ചപ്പാത്തി,  2-4  മുട്ട, ഒരു കപ്പ്‌ ഗ്രേവി, വേവിച്ച കടല. 

അത്താഴം- ഗ്രില്‍ ചെയ്തതോ പൊരിച്ചതോ ആയ ചിക്കന്‍, കാരറ്റ്, പഴങ്ങള്‍. 

ഭക്ഷണത്തില്‍ മാത്രമല്ല വ്യായാമാത്തിലും കക്ഷി ഒട്ടും കുറവു വരുത്തിയിരുന്നില്ല. കാര്‍ഡിയോ വ്യായാമങ്ങള്‍ ആയിരുന്നു അധികവും ചെയ്തിരുന്നത്. കൂടാതെ ഭാരം ഉയര്‍ത്തുന്ന തരം വ്യായാമങ്ങളും. ആഴ്ചയില്‍ അഞ്ചു ദിവസം ഒന്നര മണിക്കൂര്‍ സമയമായിരുന്നു വ്യായാമം. 

വ്യായാമം ഇല്ലാത്ത ദിവസങ്ങളിലും പോഷകപ്രദമായ ഭക്ഷണം കഴിക്കുന്ന കാര്യത്തില്‍ നിഷാദ് പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു. 

ക്രിക്കറ്റ്‌, ഫുട്ബോള്‍ പോലുള്ള ഗെയിംസ് ആഴ്ചയില്‍ ഒരിക്കല്‍ കളിക്കുന്നത് ഒരാളുടെ സ്റ്റാമിന കൂട്ടാന്‍ സഹായിക്കുമെന്ന് നിഷാദ് പറയുന്നു. താന്‍ ഭാരം കുറയ്ക്കാനായി യാതൊരു തരം ഡയറ്റ് പ്ലാനുകളെയും അശ്രയിച്ചിരുന്നില്ല. പ്രയോജനകരമെന്നു കണ്ടെത്തിയ ഒരു ആഹാരക്രമമായിരുന്നു പിന്തുടര്‍ന്നത്‌. കാലറി കുറഞ്ഞ, ഫൈബര്‍ അടങ്ങിയ ശരിയായ പ്രോട്ടീന്‍ അടങ്ങിയ ഡയറ്റ് ആയിരുന്നു നിഷാദ് സ്വീകരിച്ചത്. 

ഇതെല്ലം ചെയ്യാന്‍ തുടങ്ങി ഏകദേശം രണ്ടു മാസങ്ങള്‍ക്കകം നിഷാദില്‍ മാറ്റങ്ങള്‍ കണ്ടു തുടങ്ങി. ഇപ്പോള്‍ പണ്ടത്തെ വലിയ സൈസ് വസ്ത്രങ്ങള്‍ കാണുന്നതും അന്നത്തെ ഫോട്ടോകള്‍ എടുത്തു നോക്കുന്നതുമെല്ലാം നിഷാദ് ആസ്വദിക്കുന്നുണ്ട്. ആറു മാസങ്ങള്‍ കൊണ്ട് 45  കിലോയാണ് നിഷാദിന് കുറയ്ക്കാന്‍ സാധിച്ചത്. എനിക്കിത് സാധിക്കുമെങ്കില്‍ മറ്റുള്ളവര്‍ക്കും കഴിയുമെന്ന് ഇദ്ദേഹം പറയുന്നു. ഇപ്പോള്‍ ജീവിതത്തെ കൂടുതല്‍ മനോഹരമായും പോസിറ്റീവ് ആയും കാണാന്‍ സാധിക്കുന്നുണ്ടെന്ന് ഈ 23  കാരന്‍ പറയുന്നു.

Read More : Health and Fitness Tips