20 വയസ്സിൽ 157 കിലോ; ആരോഗ്യപ്രശ്നങ്ങൾ ഈ  26 കാരിയുടെ ജീവിതം മാറ്റിയത് ഇങ്ങനെ

ആറുവര്‍ഷങ്ങള്‍ക്കു മുൻപ് അൻജ ടെയ്‌ലര്‍ എന്ന ഇരുപതുകാരിയുടെ ജീവിതം ഒട്ടും സുഖകരമാല്ലായിരുന്നു. 20–ാം വയസ്സില്‍ അവളുടെ ഭാരം 157 കിലോയായിരുന്നു. ഒരുവര്‍ഷം കൊണ്ട് 45 കിലോ വരെ വർധിച്ച കാലം. അമിതഭാരനിമിത്തം കഴുത്തിലും പുറത്തുമെല്ലാം അസഹ്യമായ വേദന അവള്‍ അനുഭവിച്ചിരുന്നു. കൂടാതെ ആര്‍ത്രൈറ്റിസ് രോഗവും.

ജീവിതം എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്നറിയാതെ കടുത്ത നിരാശയിലായിരുന്നു അൻജ. ധാരാളം ജങ്ക് ഫുഡും കൊഴുപ്പുള്ള ഭക്ഷണവും കഴിക്കുന്ന ശീലക്കാരിയായിരുന്നു അവള്‍. ഭക്ഷണകാര്യത്തില്‍ യാതൊരു നിയന്ത്രണവുമില്ലാതെ കഴിഞ്ഞതാണ് ഈ അമിതഭാരത്തിനു കാരണമായതെന്ന് അൻജ പറയുന്നു. കൂട്ടുകാര്‍ കളിയാക്കുമ്പോഴോ പ്ലസ്‌ സൈസ് വേഷങ്ങള്‍ ഇടേണ്ടി വന്നപ്പോഴോ ഒന്നും അവള്‍ അത്ര കാര്യമാക്കിയില്ല. എന്നാല്‍ 22 വയസ്സില്‍ കടുത്ത  ആരോഗ്യപ്രശ്നങ്ങള്‍ തലപൊക്കിയപ്പോഴാണ് അൻജ ബോധാവതിയായത്.

പലരോഗങ്ങള്‍ക്കു പുറമേ  പോളിസിസ്റ്റിക്ക് ഓവറി സിൻഡ്രോ  (polycystic ovarian syndrome, PCOS). ഇതുകാരണം ആർത്തവം ക്രമരഹിതമായി. ഡിസംബര്‍ 2015ലാണ് തനിക്കൊരു മാറ്റം വേണമെന്ന് അവള്‍ തീരുമാനിക്കുന്നത്. എന്നാല്‍ എങ്ങനെ എവിടെ തുടങ്ങണം എന്നൊന്നും ആദ്യം ഒരു ഊഹവുമില്ലായിരുന്നു. 

ആദ്യം അവള്‍ ഒരു ജിമ്മില്‍ പോകാന്‍ തീരുമാനിച്ചു. ഒപ്പം ധാരാളം പച്ചക്കറികളും കുറഞ്ഞ കൊഴുപ്പുമടങ്ങിയ ഭക്ഷണവും ശീലിച്ചു. ജങ്ക് ഫുഡ്‌ തീര്‍ത്തും ഉപേക്ഷിച്ചു. ഇത്രയുമായപ്പോഴേക്കും അൻജയുടെ ഭാരം കുറഞ്ഞു തുടങ്ങി. ഭാരക്കൂടുതല്‍ നിമിത്തം ഉണ്ടായ കാലുവേദനയും ക്രമരഹിത ആര്‍ത്തവവും ഒരു പരിധി വരെ ശരിയായി. 

ഇടയ്ക്ക് ഭാരം  വീണ്ടും കൂടിയെങ്കിലും അൻജ ഊര്‍ജസ്വലയായി വ്യായാമങ്ങള്‍ ആരംഭിച്ചു.  ഇപ്പോള്‍ 26 കാരിയായ അൻജയ്ക്ക്  104 കിലോയാണ് ഭാരം. 23 കിലോ കൂടി കുറയ്ക്കണം എന്നാണു അൻജ പറയുന്നത്. അടുത്തിടെ പുതിയ ചില വ്യായാമമുറകളും ആരംഭിച്ചിട്ടുണ്ട്. ഒപ്പം പുറത്തുനിന്നുള്ള ആഹാരം ഒഴിവാക്കി വീട്ടില്‍തന്നെ ഭക്ഷണം പാകം ചെയ്യാനും തുടങ്ങി.

എന്ത് കാര്യം ചെയ്താലും അത് പൂര്‍ണ്ണമായി ആസ്വദിച്ചു ചെയ്യുന്നതാണ് തന്നെ പോലുള്ളവര്‍ക്ക് മുന്നിലെ വഴി. വ്യായാമം ആരംഭിച്ചപ്പോള്‍ ആദ്യം അതിലൊന്നും താല്‍പര്യമില്ലായിരുന്നു. എന്നാല്‍ ക്രമേണ ഞാന്‍ അതിനെ സ്നേഹിച്ചു തുടങ്ങി. ജിമ്മില്‍ കണ്ടുമുട്ടിയ കൂട്ടുകാര്‍ വലിയ പ്രചോദനം ആയിരുന്നു. അവരുടെ ആഹാരശീലങ്ങളും ജീവിതചര്യകളും മനസ്സിലാക്കാനും അതുവഴി കൂടുതല്‍ മെച്ചപ്പെടാനും സാധിച്ചെന്ന് അൻജ പറയുന്നു. 

Read More : Fitness Tips