പ്ലസ് സൈസ് ഉള്ളവർ കവർഗേൾ ആയാൽ ആർക്കാണു കുഴപ്പം?

മെലിഞ്ഞു കൊലുന്നനെയുള്ള സുന്ദരികള്‍ക്ക് മാത്രമാണ് ഫാഷന്‍ ലോകത്ത് ഡിമാൻഡെന്നു കരുതിയെങ്കില്‍ തെറ്റി. ആരും കൊതിക്കുന്ന ആകാരവടിവ് സ്വന്തമായില്ലെന്നു വിഷമിക്കുന്നവര്‍ ടെസ്സ് ഹോളിഡേ എന്ന പ്ലസ്‌ സൈസ് മോഡലിന്റെ വിജയകഥ കൂടി കേള്‍ക്കണം.

അമേരിക്കയിലെ ലൊസാഞ്ചല്‍സില്‍ നിന്നുള്ള മോഡലാണ് ടെസ്സ്. എഴുത്തുകാരി കൂടിയായ ടെസ്സ് അമേരിക്കയിലെ പ്രശസ്ത ഫാഷന്‍ മാഗസിനായ സെല്‍ഫിന്റെ കവര്‍ മോഡലായിരിക്കുകയാണ് ഇപ്പോള്‍. ആദ്യമായാണ് ഒരു പ്ലസ്‌ സൈസ് മോഡല്‍ ഇത്തരത്തിലൊരു മാസികയുടെ കവര്‍ മോഡല്‍ ആകുന്നത്. 

ഒരാളുടെ ശരീരപ്രകൃതി വച്ചുകൊണ്ടു മാത്രം അയാള്‍ ആരോഗ്യവാനാണോ അല്ലയോ എന്ന് നിര്‍ണയിക്കാന്‍ സാധിക്കില്ല എന്ന ആശയമാണ് ടെസ്സിനെ മോഡലാക്കിയതിലൂടെ മാഗസിന്‍ ഉദേശിക്കുന്നത്. അതുപോലെ ഒരാളുടെ ശരീരം നോക്കി ഒരാളെ വിലയിരുത്തുന്നത് എത്രത്തോളം വലിയ മണ്ടത്തരമാണെന്ന് കൂടി പറയാതെ പറയുകയാണ്‌ ഇവര്‍.

ഫാറ്റ് ആയിരിക്കുക എന്നത് ഒരിക്കലും ഒരു മോശപ്പെട്ട കാര്യമല്ല എന്നാണു തന്റെ വിശ്വാസമെന്ന് യുഎസ് ടിവി ഷോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ടെസ്സ് പറയുന്നു. ഞാനൊരു അമ്മയാണ്, ബിസ്സിനസ്സുകാരിയാണ് എന്നൊക്കെ പറയുന്നത്ര ലാഘവം മാത്രമാണ് ഇതിലുമുള്ളത്. അതില്‍ നാണിക്കേണ്ട കാര്യമില്ല. എന്റെ ജീവിതത്തില്‍ ഞാന്‍ സന്തോഷവതിയാണ്, മാത്രമല്ല ഇപ്പോള്‍ ഉള്ള ഒന്നും മാറ്റാനും ഞാന്‍ ഉദേശിക്കുന്നില്ല–ടെസ്സ് പറയുന്നു.

അമിതവണ്ണം എന്നാല്‍ അനാരോഗ്യകരമാണ് എന്നാണ് മിക്കവരും കരുതുന്നത്. എന്നാല്‍ ഒരാളെ അയാളുടെ ശരീരത്തിന്റെ പേരു പറഞ്ഞ് അപമാനിക്കുന്നതും സോഷ്യല്‍ മീഡിയയില്‍ അപമാനിക്കുന്നതും നിങ്ങളുടെ മാനസികവൈകല്യമാണെന്നു ടെസ്സ് പറയുന്നു. എന്നാല്‍ ടെസ്സിനെ പോലെ ഒരു പ്ലസ്‌ സൈസ് മോഡലിനെ കവര്‍ മോഡലാക്കിയത് വഴി മാസിക അമിതവണ്ണത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നതെന്നാണു ചിലരുടെ വിമര്‍ശനം. എന്നാല്‍ ടെസ്സ് മറ്റുള്ള പലര്‍ക്കും നാണക്കേട്‌ കൂടാതെ തങ്ങളുടെ ശരീരത്തെ ആഘോഷിക്കാന്‍ ആത്മവിശ്വാസം നൽകുകയാണ് ചെയ്യുന്നതെന്ന് മറ്റൊരു കൂട്ടര്‍ വാദിക്കുന്നു. 

അമിതവണ്ണം ഒരിക്കലും ആരോഗ്യപരമായി നല്ലതല്ലെങ്കിലും ഈ അവസ്ഥയിലൂടെ കടന്നു പോകുന്ന ഒരുപാടു പേര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതാണ് ടെസ്സിന്റെ ഈ ചുവടുവയ്പ്പ്. എന്റെ ജീവിതം എന്റെ തീരുമാനമാണ് അതില്‍ കൈകടത്താന്‍ നിങ്ങൾക്ക് എന്താണ് അധികാരം എന്നാണു തന്നെ വിമര്‍ശിക്കുന്നവര്‍ക്ക് ടെസ്സ് നല്‍കുന്ന മറുപടി. 

Read More : Fitness Magazine