ചെറിയ പ്ലേറ്റിൽ ഭക്ഷണം കഴിച്ചാൽ ശരീരഭാരം കുറയുമോ?

പ്ലേറ്റിന്റെ വലുപ്പവും കഴിക്കുന്ന ഭക്ഷണത്തിന്റെ അളവും തമ്മിൽ വല്ല ബന്ധവുമുണ്ടോ? പ്ലേറ്റ് ചെറുതാണെങ്കിൽ ഭക്ഷണം കുറച്ചേ കഴിക്കൂ എന്നും അങ്ങനെ ശരീരഭാരം കുറഞ്ഞോളും എന്നുമാണ് കരുതുന്നതെങ്കിൽ തെറ്റി. നമ്മുടെ തലച്ചോറിനെ അങ്ങിനെയിങ്ങനെയൊന്നും പറ്റിക്കാൻ സാധിക്കില്ല. എത്ര വിളമ്പിയാലും നമുക്ക് ആവശ്യമുള്ളതെത്ര എന്നു തിരിച്ചറിയാനും വേണ്ടാത്തത് കഴിക്കാതിരിക്കാനും കഴിയുമെന്ന് ആപ്പിറ്റൈറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

‘Delboeuf illusion’  എന്ന ഒരു ഡയറ്റ് ടിക്ക് ഉണ്ട്. അതു പറയുന്നത് വലുതോ ചെറുതോ ആയ ഒരു വസ്തുവിൽ വയ്ക്കുന്ന സാധനത്തിന്റെ വലുപ്പം ഓരോന്നും വ്യത്യസ്തമായാണ് നമുക്ക് തോന്നുന്നത് എന്നാണ്. പുതിയ പഠനം ഈ ഇല്യൂഷൻ തെറ്റാണെന്ന് തുറന്നു കാട്ടുന്നു. പ്ലേറ്റിന്റെ വലുപ്പം ഒരു വിഷയമേയല്ല എന്നാണ് ഇസ്രയേലിലെ ഗവേഷകർ തെളിയിക്കുന്നത്. 

നമ്മൾ വിശന്നിരിക്കുകയാണെങ്കിലും ഭക്ഷണം ഒന്നും കഴിച്ചിട്ടില്ലെങ്കിലും ഭക്ഷണം കുറയ്ക്കാൻ ആഗ്രഹിക്കുന്നെങ്കിലും, നിങ്ങളുടെ മുന്നിൽ വലിയ പാത്രത്തിൽ കുറച്ചു മാത്രമോ ചെറിയ  പാത്രത്തിൽ നിറയെയോ ഭക്ഷണം വിളമ്പിയാൽ അത് ഒരേ പോലെ തന്നെ തോന്നുമെ ന്നാണ് ആപ്പിറ്റൈറ്റ് ജേണലിലെ ഈ പഠനം പറയുന്നത്. ചെറിയ പാത്രത്തിലേത് നിറയെ ഉണ്ടെന്നും, വലിയ പാത്രത്തിൽ കുറച്ചേ ഉള്ളൂ എന്നും നമ്മൾ കരുതില്ല എന്നു സാരം. 

സാധാരണയായി ഡയറ്റിങ് ശീലമാക്കിയവർ  കഴിക്കാനായി തിരഞ്ഞെടുക്കുന്ന ആ പ്ലേറ്റിൽ കൊള്ളുന്നത്രയും ഭക്ഷണം കഴിക്കും. അപ്പോൾ നിങ്ങൾ ധാരാളം ഭക്ഷണം കഴിച്ചതായി തലച്ചോറിലേക്ക് ഒരു സന്ദേശം അയയ്ക്കുകയും അങ്ങനെ കുറച്ച് ഭക്ഷണം കഴിച്ചാല്‍ക്കൂടി വയറു നിറഞ്ഞു എന്ന തോന്നൽ ഉണ്ടാകും. നമ്മൾ വലിയ പ്ലേറ്റ് ആണ് ഭക്ഷണം കഴിക്കാൻ തിരഞ്ഞെടുക്കുന്നതെങ്കിലോ, അതിൽ അൽപം മാത്രം ഭക്ഷണമേ ഉള്ളൂ എന്ന തോന്നലിൽ വീണ്ടും കഴിക്കുകയും അമിതമാകുകയും ചെയ്യും. ഇതാണ് എല്ലാവരും കരുതിയിരുന്നത്. എന്നാൽ വാസ്തവം ഇതല്ല. എന്നാണ് ഇസ്രയേലിലെ ഗവേഷകർ തെളിയിച്ചത്. 

രണ്ടു തരം ആളുകളിൽ പരീക്ഷണം നടത്തി. പരീക്ഷണത്തിന് അര മണിക്കൂർ മുൻപ് ഭക്ഷണം കഴിച്ചവരായിരുന്നു ഒരു കൂട്ടർ. മറ്റുള്ളവർ മൂന്നുമണിക്കൂർ മുൻപ് ഭക്ഷണം കഴിച്ചവരും. രണ്ടു ട്രേകളിൽ പിസ വിളമ്പി. ഇതിൽ കറുത്ത വളയങ്ങളുടെ ചിത്രങ്ങളും ഉണ്ടായിരുന്നു. ഈ പാത്രങ്ങളുടെ വലുപ്പം താരതമ്യപ്പെടുത്താൻ രണ്ടു കൂട്ടുകാരോടും ആവശ്യപ്പെട്ടു. കുറെ സമയമായി ഭക്ഷണം കഴിക്കാതിരുന്നവർ അൽപം മുൻപു മാത്രം ഭക്ഷണം കഴിച്ചവരെക്കാൾ കൃത്യമായി പറഞ്ഞു.  

വിശക്കുമ്പോൾ വിശകലനം ചെയ്യാനുള്ള കഴിവ് കൂടുന്നു എന്നാണ് പഠനം തെളിയിച്ചത്. ചെറിയ പ്ലേറ്റിൽ വിളമ്പിയാലും വലിയ പ്ലേറ്റിൽ വിളമ്പിയാലും അത്ര പെട്ടെന്ന് നമ്മുടെ തലച്ചോറിനെ പറ്റിക്കാൻ സാധിക്കില്ലെന്നു ഗവേഷ കർ പറയുന്നു. വിശക്കുന്നവരെയും ശരീരഭാരം കുറയ്ക്കാൻ ഡയറ്റിങ്ങിൽ ആയവരെയും പാത്രത്തിന്റെ വലുപ്പം കൂട്ടിയിട്ടോ കുറച്ചിട്ടോ ഒന്നും പറ്റിക്കാൻ സാധിക്കില്ലെന്നും പഠനം പറയുന്നു.

Read More : Health and Fitness