ഭാരം കുറയ്ക്കാന്‍ ഏറ്റവും നല്ല മാസം സെപ്റ്റംബര്‍; കാരണം അറിയണ്ടേ

ഫിറ്റ്‌നസ് നിലനിര്‍ത്തണമെന്നും ജീവിതശൈലിയിലൊരു മാറ്റം വേണമെന്നുമൊക്കെ എല്ലാവർക്കും ആഗ്രഹമുണ്ട്. എന്നാല്‍ പിന്നത്തേക്കായി മാറ്റി വച്ച പലതും ഒരിക്കലും ആരംഭം കാണാതെ പോകുകയാണ് ചെയ്യുക. ഫിറ്റ്‌നസിനായുള്ള ശ്രമം ഒന്നു തുടങ്ങിക്കിട്ടിയാൽ പിന്നെ വിടാതെ പിന്തുടരുന്നവരാണ് അധികവും. അപ്പോഴും തുടങ്ങികിട്ടുക എന്നതൊരു കടമ്പയാണ്. എങ്കില്‍ കേട്ടോളൂ ,ഫിറ്റ്‌നസിനു തുടക്കമിടാന്‍ ഏറ്റവും നല്ല സമയത്തെക്കുറിച്ചു പറയുകയാണ്‌ ഫിറ്റ്‌നസ് വിദഗ്ധര്‍. അത് ഏതാണെന്നോ? സെപ്റ്റംബര്‍ തന്നെ.

പ്രമുഖ ഫിറ്റ്‌നസ് എക്സ്പേര്‍ട്ട് ആയ ആദം ഗില്‍ബെര്‍റ്റ് ആണ് ഫിറ്റ്‌നസ് ശീലത്തിനു തുടക്കമിടാന്‍ പറ്റിയ മാസത്തെക്കുറിച്ചു പറയുന്നത്. ജനുവരി  എല്ലാവരുടെയും ജീവിതത്തില്‍ പലതരം തീരുമാനങ്ങള്‍ക്കു തുടക്കമിടുന്ന കാലമാണല്ലോ. എന്നാല്‍ സെപ്റ്റംബറാണ് ആരോഗ്യസംരക്ഷണത്തിനു തുടക്കമിടാന്‍ പറ്റിയതെന്ന് ഇദ്ദേഹം പറയുന്നു. 

അതിന്റെ കാരണം ഇങ്ങനെ: കാലാവസ്ഥ മെച്ചമാണ്. മാത്രമല്ല നവംബര്‍ ജനുവരി മാസങ്ങള്‍ ഒക്കെയും മിക്കയിടത്തും ഒരല്‍പം തണുപ്പുള്ള കാലങ്ങളാണ്. എന്നാല്‍ സെപ്റ്റംബര്‍ മാസം ആകുമ്പോള്‍ കാലാവസ്ഥ ഏറെ നല്ലതാണ്. അതുകൊണ്ടുതന്നെ മടികൂടാതെ തീരുമാനങ്ങള്‍ എടുക്കാനും ഈ മാസം അടിപൊളിയാണ്.

നമുക്കെന്താണു വേണ്ടത് എന്നത് ആദ്യം സ്വയം മനസ്സിലാക്കിയാകണം ഓരോ തീരുമാനവും കൈകൊള്ളാന്‍. ഇതിനായി മറ്റുള്ളവരുടേതല്ല, നമ്മുടെ ചിട്ടകള്‍ക്കനുസരിച്ചു വേണം കാര്യങ്ങള്‍ ചെയ്യാന്‍. പുതിയൊരു തീരുമാനം എടുക്കുന്നതുതന്നെ നമ്മുടെ ജീവിതത്തില്‍ പോസിറ്റീവ് മാറ്റങ്ങള്‍ കൊണ്ടുവരും. മുന്‍പ് എടുത്ത ഫിറ്റ്‌നസ് തീരുമാനങ്ങളില്‍ എവിടെയായിരുന്നു പാകപ്പിഴ എന്നും എന്തുകൊണ്ടാണ് ഉദ്ദേശിച്ച ഫലം ലഭിക്കാതെ പോയതെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആലോചിച്ചു വേണം പുതിയ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍. എന്നാല്‍ ഇനി അത്തരം മടികള്‍ പിടികൂടില്ലെന്നും മനസ്സിനോട് ഉറപ്പിച്ചു പറയുക.

Read More : Health and Fitness