വയസ്സ് 111 ആയെങ്കിലെന്താ, ഈ അപ്പൂപ്പൻ സൂപ്പറാ!

വ്യായാമം ചെയ്യാൻ മടി പിടിച്ചിരിക്കുന്നവര്‍ ദാ, ഈ അപ്പൂപ്പനെ ഒന്നു പരിചയപ്പെടണം.111–ാമത്തെ വയസ്സിലും ഹെൻറി സെൻഗ് എന്ന ഈ അപ്പൂപ്പന് എല്ലാ ദിവസവും ജിമ്മില്‍ പോയി വര്‍ക്ക്‌ ഔട്ട്‌ ചെയ്തില്ലെങ്കില്‍ ഒരു സമാധാനവുമില്ല. കലിഫോര്‍ണിയയിലെ കോളിന്‍സ് ആന്‍ഡ്‌ കാറ്റ്സ് ഫാമിലി ജിമ്മില്‍ ദിവസവും മുപ്പതു മിനിറ്റാണ് ഹെൻറി അപ്പൂപ്പന്റെ വര്‍ക്ക്‌ ഔട്ട്‌.

ജപ്പാനില്‍ ജനിച്ച ഹെൻറി 1975 ലാണ് ലൊസാഞ്ചലസിലേക്കു വന്നത്. ചെറുപ്പം മുതല്‍ ആരോഗ്യകാര്യങ്ങളിൽ വളരെയധികം ശ്രദ്ധ നല്‍കിയിരുന്നു. 80 കളില്‍ അദ്ദേഹം തല കീഴായിനിന്ന് യോഗ ചെയ്യുമായിരുന്നു. എയറോബിക്സ് ക്ലാസ്സുകളും നടത്തിയിരുന്നു.

ഇപ്പോള്‍ ഹെൻറി അപ്പൂപ്പന്‍, മക്കളും കൊച്ചു മക്കളുമായി കലിഫോര്‍ണിയയിലാണ് താമസം. മുടങ്ങാത്ത വ്യായാമവും പോസിറ്റീവ് മനസ്സുമാണ്  ഈ ചുറുചുറുക്കിന്റെ രഹസ്യം എന്നാണ് അപ്പൂപ്പന്‍ പറയുന്നത്. മാതാപിതാക്കളുടെ ജീവിതശൈലിയാണ് പ്രചോദനം. മദ്യപാനം, പുകവലി എന്നിവയൊന്നും അവര്‍ക്ക് ഇല്ലായിരുന്നു. ഞാനും അതു തന്നെയാണ് ജീവിതത്തില്‍ പിന്തുടരുന്നത്.- ബിസ്സിനസ്സുകാരനായിരുന്ന ഹെൻറി അപ്പുപ്പന്‍ പറയുന്നു.

ഭാര്യ ആനിയും ആരോഗ്യകാര്യങ്ങള്‍ ശ്രദ്ധിച്ചിരുന്ന ആളായിരുന്നു. 2013 ല്‍ നൂറാം വയസ്സിലാണ് ആനി മരിച്ചത്. നേരത്തെ ജിമ്മിലേക്ക് തനിയെ കാര്‍ ഓടിച്ചായിരുന്നു ഹെൻറി അപ്പൂപ്പന്‍ വന്നിരുന്നത്. എന്നാല്‍ അടുത്തിടെ ഒരു ഡ്രൈവറുടെ സഹായം തേടി. സമയം കിട്ടുമ്പോള്‍ ഡ്രൈവറെ വ്യായാമം പരിശീലിപ്പിക്കുന്നത് അപ്പുപ്പന്റെ വിനോദമാണ്.

ജിമ്മില്‍ വരുന്ന മറ്റുള്ളവര്‍ക്കു കൂടി ഹെൻറി പ്രചോദനമാണെന്നാണ് ജിം ഉടമ പറയുന്നത്.

തന്റെ ജീവിതചര്യ തന്നെയാണ് 111–ാ മത്തെ വയസ്സിലും ആരോഗ്യത്തോടെ കഴിയാന്‍ സഹായിക്കുന്നതെന്ന് ഹെൻറി പറയുന്നു. എല്ലാവരെയും പോലെ പ്രായത്തിന്റെ അവശതകള്‍ എനിക്കുമുണ്ട്. പക്ഷേ അതിനെയൊക്കെ അവഗണിച്ചു മനസ്സിനെ പോസിറ്റീവായി വയ്ക്കാന്‍ ശ്രമിക്കാറുണ്ട്.

Read More : Fitness Tips