പ്രമേഹത്തെ പേടിച്ച് ഈ 23 കാരന്‍ കുറച്ചത് 31 കിലോ

Image Courtesy : Facebook

അമിതവണ്ണവും ആഹാരത്തിലെ നിയന്ത്രണമില്ലായ്മയുമൊക്കെ നമ്മളെ ഭയപ്പെടുത്തിത്തുടങ്ങുന്നത് എപ്പോഴാണ്? എന്തെങ്കിലും രോഗങ്ങള്‍ കണ്ടെത്തുമ്പോള്‍ എന്നാകും മിക്കവരുടെയും ഉത്തരം. അതുവരെ നമ്മള്‍ ഒന്നിനും ഒരു ശ്രദ്ധയും നല്‍കില്ല. എന്നാല്‍ രോഗങ്ങള്‍ കീഴടക്കിയേക്കാം എന്നു തോന്നിത്തുടങ്ങുമ്പോഴാണ് ഓരോരുത്തരും ജീവിതചര്യ വിലയിരുത്തുന്നത്.

രാജ് ജെസാനി എന്ന 23 കാരനും ഇങ്ങനെയൊക്കെയായിരുന്നു. ആഹാരകാര്യത്തില്‍ യാതൊരു ശ്രദ്ധയും നല്‍കാതെ കിട്ടുന്നതെല്ലാം വാരിവലിച്ചു കഴിച്ചു. 23–ാം വയസ്സില്‍ രാജിന്റെ ഭാരം 105 കിലോയില്‍ എത്തി. എന്നിട്ടും രാജ് അതൊന്നും കാര്യമാക്കിയില്ല. എന്നാല്‍  രക്തത്തില്‍ പഞ്ചസാരയുടെ അംശം കൂടിയെന്നു തിരിച്ചറിഞ്ഞതോടെയാണ് രാജിന്റെ ജീവിതം മാറിമറിഞ്ഞത്. തന്റെ രോഗത്തിനു കാരണം അമിതവണ്ണമാണെന്നു മനസ്സിലാക്കിയതോടെ അതിനൊരു മാറ്റം വേണമെന്ന് രാജ് ആഗ്രഹിച്ചു. അതിനായി ഡോക്ടറുടെ നിര്‍ദേശപ്രകാരം ആഹാരം നിയന്ത്രിക്കാന്‍ തുടങ്ങി. 

എണ്ണമയമുള്ളതും വറുത്തതും പൊരിച്ചതും എല്ലാം ഒഴിവാക്കി. ഫാറ്റ് അടങ്ങിയ ആഹാരങ്ങള്‍ക്കു പകരം പനീര്‍ കഴിക്കാന്‍ തുടങ്ങി. ഒപ്പം കഴിവതും വീട്ടില്‍ നിന്നുള്ള ആഹാരം മാത്രമാക്കി. ദാല്‍, റൊട്ടി, സബ്ജി ഒക്കെയായി ഉച്ചഭക്ഷണം. പിസ്സയും ബര്‍ഗറുമൊക്കെ ഏറെ ഇഷ്ടപെട്ടിരുന്ന രാജ് അതൊക്കെ ഉപേക്ഷിച്ചു. ഇഡ്‌ഡലി, ഒരു ഗ്ലാസ്സ് പാല്‍ എന്നിവ മാത്രമാക്കി പ്രാതല്‍.

ജിമ്മില്‍ പോയി കുറഞ്ഞത്‌ നാല്പത്തിയഞ്ചു മിനിറ്റ് വ്യായാമം ശീലമാക്കി. ചില ദിവസങ്ങളില്‍ മൂന്നു മണിക്കൂര്‍ കാര്‍ഡിയോ വ്യായാമവും തുടങ്ങി. ചിട്ടയായ ജീവിതചര്യ കൊണ്ട് ഒന്നരവര്‍ഷത്തിനകം രാജ് കുറച്ചത് 31 കിലോയാണ്. 

അമിതവണ്ണത്തിന്റെ പേരില്‍ നേരിട്ട കളിയാക്കലുകളെക്കാള്‍ രാജിനെ ആശങ്കപ്പെടുത്തിയത് തനിക്കു പ്രമേഹം പിടിപെടാം എന്ന ഭയമായിരുന്നു. 

വണ്ണം കുറയ്ക്കണം എന്നു കരുതുന്നവരോടു രാജിനു പറയാനുള്ളത് ആദ്യം ക്ഷമ ഉണ്ടാകണം എന്നാണ്. മരുന്നിനോ ഡയറ്റുകള്‍ക്കോ നിങ്ങളുടെ വണ്ണം കുറയ്ക്കാന്‍ സാധിക്കില്ല. അതിനു ഏറ്റവും ആവശ്യം നിങ്ങളുടെ കഠിനാധ്വാനമാണ്. അതുണ്ടായാല്‍ മാത്രമേ മറ്റെന്തു ചെയ്തിട്ടും ഫലമുള്ളു– രാജ് പറയുന്നു. 

Read More : Fitness Magazine