ഉറങ്ങുന്നതിനു മുന്‍പ് ഇതു കഴിച്ചു നോക്കൂ; വണ്ണം അടിപൊളിയായി കുറയ്ക്കാം

ഉറങ്ങാന്‍ കിടക്കും മുന്‍പ് എന്തെങ്കിലുമൊന്നു വെറുതെ കഴിക്കുന്ന ശീലം നമുക്കെല്ലാമുണ്ട്. അത്താഴമൊക്കെ കഴിഞ്ഞു ചുമ്മാ ഇരിക്കുമ്പോള്‍ കൊറിക്കാന്‍ എന്തേലും കിട്ടുമോയെന്നു നോക്കി വീട്ടിലെ ടിന്നുകൾ തപ്പുന്നവരുടെ ശ്രദ്ധയ്ക്ക്. അമിത കാലറിയുള്ള പലഹാരങ്ങളും മധുരവുമൊക്കെ അകത്താക്കുന്നവര്‍ ശ്രദ്ധിക്കുക ഇതെല്ലാം പൊണ്ണതടിക്കു കാരണമാകുന്നവയാണ്. എന്നാല്‍ വണ്ണം കൂട്ടാതെ വണ്ണം കുറച്ചു കൊണ്ട് കഴിക്കാവുന്ന ഒരു സ്നാക് കിട്ടിയാലോ ? സംഗതി കൊള്ളാം അല്ലെ ? 

എങ്കില്‍ കേട്ടോളൂ പനീറാണ് ആ വിഭവം. കോട്ടേജ് ചീസ് എന്നും ഇതിനു പറയാറുണ്ട്‌. യുകെയിലെ ഒരു സര്‍വകലാശാലയില്‍ നടത്തിയ ഒരു പഠനത്തിൽ കോട്ടേജ് ചീസ് സ്ഥിരമായി കഴിക്കുന്നവരില്‍ ഭാരം കുറയുന്നതായി കണ്ടെത്തിയിരുന്നു. ഇത് ശരീരത്തിലെ മെറ്റബോളിസം വര്‍ധിപ്പിക്കുകയും ഫാറ്റ് പുറംതള്ളാൻ സഹായിക്കുകയും ചെയ്യുമെന്നാണു കണ്ടെത്തല്‍. 

പത്ത് സ്ത്രീകളിലാണ് ഈ പഠനം നടന്നത്. ഇവര്‍ ഉറങ്ങാന്‍ പോകുന്നതിനു മുപ്പതു മിനിറ്റ് മുൻപ് സ്ഥിരമായി കോട്ടേജ് ചീസ് കഴിച്ചിരുന്നു. ഉറങ്ങി ഉണര്‍ന്ന ശേഷം ഇവരുടെ എനര്‍ജി ലെവല്‍ വളരെ ഉയര്‍ന്ന നിലയിലാണെന്നു തെളിഞ്ഞിരുന്നു. ഇവരിലെ മെറ്റബോളിക് നിരക്ക് കൂടുതലായിരുന്നെന്നും കണ്ടെത്തി. 

ധാരാളം പ്രോട്ടീന്‍ അടങ്ങിയതാണ് കോട്ടേജ് ചീസ്. Casein  എന്നാണ് ഈ പ്രോട്ടീനെ വിളിക്കുന്നത്‌. ചില പ്രോട്ടീന്‍ ഷേക്കുകളിലും ഇത് ചേർക്കുന്നുണ്ട്. ഭാരം കുറയ്ക്കാന്‍ ഏറെ സഹായകമായ ഈ പനീർ ലോ കാര്‍ബോ ഡയറ്റ് പിന്തുടരുന്നവരില്‍ ഫലപ്രദമാണ്. ലോ ഫാറ്റ് കോണ്‍സന്‍ട്രേറ്റ് ധാരാളമുള്ളതാണ് ഈ കോട്ടേജ്  ചീസ്.