ബസ്മതി അരി ശരീരഭാരം കുറയ്ക്കാൻ സഹായിക്കും

മലയാളികളുടെ മുഖ്യാഹാരമാണ് അരി. ഒരു നേരമെങ്കിലും അല്പം ചോറുണ്ടില്ലെങ്കിൽ ഭക്ഷണമേ കഴിച്ചിട്ടില്ല എന്ന തോന്നലുള്ളവരും ഉണ്ടാകാം. ചോറുണ്ടാൽ ശരീരഭാരം കൂടുമെന്നു പേടിച്ച് അരിയാഹാരം ഒഴിവാക്കുന്നവരും ഉണ്ടാകാം. 

ഭാരം കുറയ്ക്കുന്ന ഡയറ്റിൽ ആണ് നിങ്ങൾ എങ്കിൽ ചോറുണ്ടു കൊണ്ടുതന്നെ ഭാരം കുറയ്ക്കാം. അൾട്രാ ലോ ഫാറ്റ് മീൽ പ്ലാനിൽ വരുന്ന ഒന്നാണ് ‘റൈസ് ഡയറ്റ്’ എന്നാണ് ഡയറ്റ്സ് ഇൻ റിവ്യൂ പറയുന്നത്. 1939 ൽ ആവിഷ്കരിച്ച ഈ ഭക്ഷണരീതി പ്രമേഹം, ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദം ഇവയുള്ള രോഗികളുടെ ചികിത്സയ്ക്കും ശരീരഭാരം കുറയ്ക്കാനും ഉള്ള ഉദ്ദേശത്തോടെ ആരംഭിച്ചതാണ്. 

ലോകത്ത് മിക്കയിടത്തും പ്രത്യേകിച്ച് ഏഷ്യൻ രാജ്യങ്ങളുടെ പ്രധാന ഭക്ഷണം തന്നെ അരിയാണ്. അരിയിൽ സ്വാഭാവികമായും സോഡിയം വളരെ കുറവാണ്. കൊളസ്ട്രോളും ട്രാൻസ്ഫാറ്റുകളും അടങ്ങിയിട്ടുമില്ല. വെള്ളയോ തവിട്ടോ അരി ദിവസവും കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. തവിടു കളയാത്ത അരിയിൽ നാരുകളും ആന്റി ഓക്സിഡന്റുകളും ധാരാളമുണ്ട്.

മെലിയാൻ ആഗ്രഹമുണ്ടെങ്കിൽ ബസ്മതി റൈസ് ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ബസ്മതി റൈസിനെ അതിന്റെ മുഴുധാന്യ (whole grain) രൂപത്തിൽ ആരോഗ്യ ഭക്ഷണങ്ങളുടെ ഗണത്തിൽ കൂട്ടാം. സാധാരണ അരിയേക്കാൾ ഇതിൽ കാലറി വളരെ കുറവാണ്. ഗ്ലൈസെമിക് ഇൻഡക്സ് (GI) വളരെ കറഞ്ഞതായതിനാൽ കുടവയർ കുറച്ച് ആരോഗ്യകരമായ ശരീരഭാരം നിലനിർത്താൻ മികച്ച ഒന്നാണിത്. ബസ്മതി റൈസിന്റെ  GI 52 ആണ്. എന്നാൽ വെളുത്ത അരിയുടേത് 79 ഉം തവിടു കളയാത്ത അരിയുടേത് 55 ഉം ആണ്.  

ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങൾ സാവധാനമേ ദഹിക്കൂ. വിശപ്പ് കുറച്ച് ശരീരഭാരം കുറയ്ക്കാൻ ഇതു മൂലം സാധിക്കും. ഗ്ലൈസെമിക്  ഇൻഡക്സ് കൂടിയ ഭക്ഷണം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും. കൂടാതെ അമിതമായി ഭക്ഷണം കഴിക്കുക വഴി ശരീരഭാരം കൂടാനും ജിഐ കൂടിയ ഭക്ഷണം കാരണമാകും. ബസ്മതി റൈസ് നേരിയ സുഗന്ധമുള്ള അരിയാണ്. ശരീരഭാരം കുറയ്ക്കാൻ റൈസ് ഡയറ്റിൽ തീർച്ചയായും ബസ്മതി റൈസ് ഉൾപ്പെടുത്തണം.