അവിശ്വസനീയം ഈ മാറ്റം; യുവാവ് കുറച്ചത് 17 കിലോ

Image Courtesy : Facebook

മാധവ് ജഗന്നാഥന്‍ എന്ന 27കാരന് തന്റെ ശരീരഭാരം അധികമാണോ എന്ന സംശയം തോന്നിത്തുടങ്ങിയത് ഇഷ്ടപ്പെട്ട വസ്ത്രം യോജിക്കാതെ വന്നതോടെയാണ്. പിഎച്ച്ഡി വിദ്യാര്‍ഥിയായ മാധവ് ഒരു പരിപാടിക്ക് അണിയാന്‍ വേണ്ടിയാണ് ഒരു ബ്ലേസര്‍ വാങ്ങാന്‍ കടയില്‍ എത്തിയത്. എന്നാല്‍ അന്ന് 105 കിലോയോളം ഭാരമുള്ള മാധവിനു യോജിച്ച വസ്ത്രം ലഭിച്ചില്ല. അന്നാണ് ഇനി വണ്ണം കുറച്ചിട്ടു തന്നെ ബാക്കികാര്യമെന്ന് മാധവ് തീരുമാനിച്ചത്. 

സൗന്ദര്യപ്രശ്നം മാത്രമല്ല ആരോഗ്യപ്രശ്നങ്ങള്‍ കൂടിയാണ് വരും കാലങ്ങളില്‍ തന്നെ കാത്തിരിക്കുന്നതെന്ന് അതോടെ മാധവ് തിരിച്ചറിഞ്ഞു. പിന്നെ നിരന്തരമായ പ്രയത്നത്തിന്റെ കാലമായിരുന്നു മാധവിന്. ഇപ്പോള്‍ 17 കിലോയാണ് കുറഞ്ഞ നാള്‍ കൊണ്ട് മാധവ് കുറച്ചിരിക്കുന്നത്. ഒന്നരവർഷം  കൊണ്ടാണ് മാധവ്17 കിലോ കുറച്ചത്. 

ഫൈബര്‍ അടങ്ങിയ ആഹാരങ്ങള്‍ കൂടുതല്‍ കഴിച്ചും കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയവ കുറച്ചുമാണ് മാധവ് തന്റെ ദിവസം ആരംഭിക്കുന്നത്. പ്രാതലില്‍ ഫൈബര്‍ അടങ്ങിയവ കൂടുതല്‍ കഴിക്കാന്‍ അതോടെ ശീലിച്ചു. ഉച്ചയ്ക്ക് ഒരു ചപ്പാത്തിയും കറിയും മാത്രമാക്കി. അത്താഴത്തിന് ഇഡലി, ദോശ എന്നിവയാക്കി. കൂടാതെ ദിവസവും മൂന്നുകിലോമീറ്റര്‍ ഓടാനും തുടങ്ങി. ക്രമേണ ഭാരം കുറഞ്ഞു തുടങ്ങിയതോടെ മാധവിനു ആത്മവിശ്വാസമായി. 

ഇപ്പോഴും ഫിറ്റ്‌നസ് യാത്രയിലാണ് മാധവ്. ഇപ്പോള്‍ ശരീരം തന്റെ നിയന്ത്രണത്തിലായി എന്ന് മാധവ് പറയുന്നു. എങ്കിലും ഒരിക്കലും ഇനി പഴയ ജീവിതചര്യയിലേക്ക് പോകാന്‍ ഉദ്ദേശമില്ലെന്നും മാധവ് പറയുന്നു.