ഒരു സിക്സ് പായ്ക്ക് വിജയകഥ

ഹബീബ് അഞ്ജു

ഓഗസ്റ്റ് ഒന്നിന് മലയാള മനോരമ പത്രവും കയ്യിൽ പിടിച്ച് ഹബീബ് അഞ്ജു സോഷ്യൽമീഡിയയിൽ ഒരു പബ്ലിക് ചാലഞ്ച് പ്രഖ്യാപിച്ചിരുന്നു. ശരീരഭാരം കൂടിയതും വയറു ചാടിയതുമാണ്, എൽഐസി ആലത്തൂർ ബ്രാഞ്ചിൽ ഓഫിസറായ ഹബീബിനെ ഇതിനു പ്രേരിപ്പിച്ചത്. 'അഞ്ച് മാസം കഴിഞ്ഞ് 2019 ജനുവരി ഒന്നാം തീയതി അനാവശ്യ ഫാറ്റ് മുഴുവനും കളഞ്ഞ് സിക്സ് പാക്കൊക്കെ എണ്ണിയെടുക്കാൻ പറ്റുന്ന സെക്‌സി ഫോട്ടൊ ഇവിടെത്തന്നെ ഇടും' എന്ന ദൃഢപ്രതിജ്ഞയും എടുത്തിരുന്നു. 'ഇതൊക്കെ നടക്കുമോടേ എന്നു ചോദിച്ച് നിരുത്സാഹപ്പെടുത്താൻ ശ്രമിച്ചവരെ നിരാശരാക്കി എണ്ണിയെടുക്കാൻ പറ്റുന്ന പാക്കുകളുമായി, നേരത്തെ പറഞ്ഞ ആ സെക്സി ലുക്കിൽ, ഡിസംബർ 25 ക്രിസ്മസ് ദിനത്തിൽ മറ്റൊരു മനോരമ പത്രവും കയ്യിൽ പിടിച്ച് ഹബീബ് എത്തി. ഒപ്പം, മറ്റു നൂറോളം പേരുടെ ആത്മവിശ്വാസം വീണ്ടെടുത്ത് ശരീരഭാരം കുറച്ച് സ്‌ലിം ബ്യൂട്ടി ആക്കിയതിന്റെ കൃതാർത്ഥതയോടെയും.

എന്തായിരുന്നു ഇങ്ങനെ ഒരു തീരുമാനത്തിനു പിന്നിലെന്നും അഞ്ചുമാസത്തിനുള്ളിൽ ഉണ്ടായ മാറ്റങ്ങളെക്കുറിച്ചും ഡയറ്റ് പ്ലാനുകളെയും വർക്ക്ഔട്ടുകളെയും കുറിച്ചും ഹബീബ് മനോരമ ഓൺലൈനോടു പറയുന്നു.

സ്വന്തം പ്ലാനിങ്
2013-14 കാലത്തും ഞാൻ തടിച്ച് വീപ്പക്കുറ്റി പോലെയായിരുന്നു, വയറും ചാടി ഡ്രസ്സൊക്കെ ടൈറ്റായി, ഒരു രണ്ട് നില സ്റ്റെപ്പ് കേറിയാൽ പോലും കിതച്ച് ശ്വാസം നിൽക്കുന്ന കണ്ടീഷൻ. ഇനിയും എന്തെങ്കിലും ചെയ്യാൻ വൈകിയാൽ കാര്യങ്ങളൊക്കെ കൈവിട്ട് പോകുമെന്ന അവസ്ഥയിൽ ഈ വിഷയവും അതിലെ പ്രശ്നങ്ങളും പോസിബിൾ സൊലൂഷനുകളും ചർച്ച ചെയ്തിരുന്നു. അന്നെത്തിയ നിഗമനങ്ങൾ ചുരുക്കത്തിൽ ഇതാണ് :

ഒരു പരിധിക്കപ്പുറം സമയമോ എഫർട്ടോ ആവശ്യമായ ഒരു വർക്കൗട്ട് പ്ലാനും സാധാരണക്കാരന് എടുത്താൽ പൊങ്ങൂല്ല. ഒറ്റയടിക്ക് എല്ലാം ശരിയാവുകയുമില്ല. നിലവിലുള്ള ജിവിതരീതിയിൽനിന്ന് വളരെയധികം മാറ്റങ്ങളില്ലാത്ത എന്തെങ്കിലും പ്ലാനുകൾ തുടങ്ങിയാൽ മാത്രമെ കുറച്ച് ദിവസത്തിനപ്പുറം അത് മുന്നോട്ട് പോവൂ. പലപ്പോഴും ചെയ്യുന്ന വർക്കൗട്ടുകൾ എങ്ങനെയാണ് ശരീരത്തെ ഫിറ്റ് ആക്കാൻ സഹായിക്കുന്നത് എന്നറിയാതെയാണ് മിക്കവരും അതൊക്കെ ചെയ്യുന്നത്. വർക്കൗട്ട് എന്തൊക്കെ എന്ന് മനസ്സിലാക്കുന്നതിനു മുൻപ് വർക്കൗട്ട് എന്തിന് എന്ന് കൂടി മനസ്സിലാക്കുക. വർക്കൗട്ട് അടിസ്ഥാനപാഠങ്ങൾ വളരെ ലളിതമായ കുറച്ചെണ്ണമേയുള്ളൂ. കൂടാതെ, ഒരു പ്രത്യേക സ്ഥലമോ, ഉപകരണമോ ഒന്നും ആശ്രയിക്കാതെ ഏത് സാഹചര്യത്തിലും തുടരാൻ പറ്റുന്ന സബ്സ്റ്റിയൂട്ട് വർക്കൗട്ടുകൾ അറിഞ്ഞാൽ ഇതെല്ലാം മുടങ്ങാതെ കൊണ്ടൂപോവാനും എളുപ്പമാണ്. കാരണം തുടർച്ചയായ വർക്കൗട്ടുകൾ മാത്രമേ റിസൽറ്റ് നൽകൂ... ഇക്കാര്യങ്ങളൊക്കെ പരിഗണിച്ച് ഒരാവേശത്തിൽ ഇതിന്റെ‌മേൽ അത്യാവശ്യം റിസർച്ച് ചെയ്ത് ഒരു വർക്കൗട്ട് പ്ലാനുണ്ടാക്കി ചെയ്യാൻ തുടങ്ങി... കൃത്യമായ റിസൽറ്റ് കിട്ടുകയും ചെയ്തു.

ഭാര്യയോടൊപ്പം ഞാനും വയറൊന്നു വലുതാക്കി
ഈ വർക്ക്ഔട്ട് തുടർന്നു പോകുകയായിരുന്നു. ഈ വർഷം ജനുവരി മുതലാണ് വീണ്ടും ആ പഴയകാലത്തേക്കു പോയത്. അഞ്ജുവിന്റെ ഗർഭത്തിന്റെ അവസാന മാസങ്ങളായതോടെ ജിമ്മിൽ പോക്കും വർക്ക്ഔട്ടുമെല്ലാം നിന്നുപോയി. വയറു ചാടിയെന്നു പറഞ്ഞവരോടൊക്കെ ഒട്ടും ആശങ്കയില്ലാതെ ഞാനും പറഞ്ഞു ഭാര്യ അഞ്ജുവിന് ഒരു കമ്പനി കൊടുത്തതാന്ന്. എന്നാൽ അവളുടെ വയറിലെ കുഞ്ഞാവ പുറത്തു വന്നിട്ടും എന്റേത് വീർത്തുവീർത്തു വരികയായിരുന്നു. അങ്ങനെ ഇരുന്നപ്പോഴാണ് ഞങ്ങൾ ആ തീരുമാനമങ്ങ് എടുത്തത്... ഇനിയും ഇവനെ അങ്ങനെ അങ്ങ് വീർക്കാൻ വിട്ടുകൂടാ... പിടിച്ചുനിർത്തണം.

എന്നാൽ, പിന്നെ അങ്ങ് ചെയ്തേക്കാം
ഇപ്പോഴത്തെ ഈ മാറ്റത്തിന്റെ പ്രധാന ആശയം മുന്നോട്ടുവച്ചത് അഞ്ജുവാണ്. അവൾ വീണ്ടും വർക്കൗട്ട് തുടങ്ങാൻ പോകുന്നെന്ന് പറഞ്ഞപ്പോൾ ഞാനും കൂടെ കൂടാമെന്ന് തീരുമാനിച്ചു. സ്വയം തീരുമാനമെടുത്ത് വയറുകുറയ്ക്കാന്നു വച്ചാൽ ഇടയ്ക്ക് മടി കാരണം നിർത്തിയാലും ആരും അറിയാൻ പോകുന്നില്ല. എന്നാൽ മടി കൂടാതെ വയറുകുറച്ച് ഫിറ്റായേ പറ്റൂ എന്ന ഉറച്ച തീരുമാനമെടുത്തപ്പോൾ പ്രിയസുഹൃത്ത് ഡോ. ഷിംന അസീസും അഞ്ജുവുമാണ് ഫോട്ടോയെടുത്ത് സോഷ്യൽമീഡിയയിൽ പോസ്റ്റു ചെയ്യുന്ന ആശയം മുന്നോട്ടുവച്ചത്. വിശ്വാസം ഒന്നുകൂടെ കൂട്ടാനായി ആ ദിവസത്തെ മനോരമ പത്രവും കയ്യിൽ പിടിച്ചായി പോസിങ്. 2019 ജനുവരിക്കു മുൻപ് കുടവയർ കളഞ്ഞ് ഫ്ലാറ്റ് ആക്കും എന്നതായിരുന്നു വെല്ലുവിളി. ഇതാവുമ്പോൾ കുറച്ച് നാൾ കഴിയുമ്പോൾ എല്ലാവരും എന്തായി എന്തായി എന്ന് ചോദിക്കുമ്പോൾ ഉത്തരം പറയണമല്ലോ...

വയർ കുറയ്ക്കുന്നതിനു മുൻപും ശേഷവും മനേരമ പത്രവും കയ്യിൽ പിടിച്ച് ഹബീബ്

ഞെട്ടിപ്പിച്ചു വന്ന ആ പ്രതികരണങ്ങൾ
ആ പോസ്റ്റ് കണ്ട് കൂടെ വർക്കൗട്ട് ചെയ്യാൻ താല്പര്യമുണ്ടെന്ന് പറഞ്ഞ് കുറേപ്പേർ മുന്നോട്ടു വന്നു. അങ്ങനെയാണ് പഴയ നോട്ടുകൾ പൊടി തട്ടിയെടുത്ത് എഫ്ബിയിൽ ഇടാമെന്നും എല്ലാവർക്കും വർക്കൗട്ട് ചെയ്യാൻ ഒരു പ്ലാറ്റ്ഫോം ആയി ഒരു ഫേസ് ബുക്ക് ഗ്രൂപ്പ് ഉണ്ടാക്കിയാലോ എന്ന ആശയങ്ങൾ അഞ്ജു മുന്നോട്ടു വയ്ക്കുന്നതും പ്രാവർത്തികമാക്കുന്നതും. അഞ്ജുവിന്റെ ഒപ്പം അഡ്മിനുകളായി ഷിംനയും ജീനയും ഉണ്ടായിരുന്നു. ഇവർ മൂന്നു പേരും ആയിരുന്നു ഗ്രൂപ്പിന്റെ കോർഡിനേഷനും മോണിറ്ററിങ്ങും. ചുമ്മ എന്താണിത് എന്ന് നോക്കാൻ ആയി വന്നവരെ ഒക്കെ ഫിൽറ്റർ ചെയ്ത് വർക്കൗട്ട് ചെയ്യാൻ സീരിയസ് ആയി ആഗ്രഹത്തോടെ വന്ന ആളുകൾ മാത്രം ബാക്കിയാക്കിയപ്പോൾ നൂറിൽ താഴെ ആളുകളുള്ള, അതിൽ തന്നെ അഞ്ചാറ് ഡോക്ടർമാർ അടക്കം ആധികാരികമായ സംശയനിവാരണവും കൃത്യമായ വർക്കൗട്ട് ഡയറ്റ് നിർദ്ദേശങ്ങളും മോട്ടിവേഷനും കൊടുത്ത് ഉള്ള പരിമിതികൾക്കുള്ളിൽ നിന്ന് എല്ലാവരും ചിട്ടയായി വർക്കൗട്ട് ചെയ്യുന്ന ഒരു ഗ്രൂപ്പായി ഇത് മാറി... നാല് മാസം കൊണ്ട് തന്നെ ഗ്രൂപ്പിലെ പകുതിയിലധികം പേർ വിജയകരമായി അഞ്ച് കിലോയിലധികം കുറച്ചു കഴിഞ്ഞു... മിക്കവരും അവരുടെ വെയ്റ്റ് ലോസ് ഗോൾ എത്തി, അസുഖങ്ങൾ കൊണ്ടും മറ്റ് ചില വ്യക്തിപരമായ കാരണങ്ങൾ കൊണ്ടും ഇടയ്ക്ക് മുടങ്ങിപ്പോയ ബാക്കിയുള്ളവർ അടുത്ത മാസങ്ങളിൽ അവരവരുടെ ഗോളിൽ എത്തും എന്നത് നൂറു ശതമാനം ഉറപ്പുള്ള കാര്യവുമാണ്.... ഇതിന്റെ ഒക്കെ ഒപ്പം ചാലഞ്ച് ചെയ്തത് പോലെ എന്റെ ടാർഗറ്റിൽ ഞാനും എത്തി....

നേടിയെടുത്തേ... നേടിയെടുത്തേ...
ഓഗസ്റ്റ് ഒന്നിനു 58 കിലോഗ്രാമായിരുന്നു എന്റെ ശരീരഭാരം. അഞ്ചു മാസമായപ്പോഴേക്കും ഞാൻ 51 കിലോയിലെത്തി. കാര്യമായ മാറ്റം ഉണ്ടായത് എന്റെ വയറിനുതന്നെ. മക്കളായ തൻമയ്‌യും നൈതിക്കും എന്റെ വയറ് തലയിണ ആക്കുമായിരുന്നു. വയറു കാണുമ്പോള്‍ ഒന്നു പിടിച്ചു വലിയ്ക്കാനും ഇടിക്കാനുമൊക്കെ ഓടിവരും. ഇപ്പോൾ ഏറ്റവും പ്രശ്നം അവർക്കാ. വയറിൽ തല വയ്ക്കുമ്പോൾ ആ പഴയ സുഖം കിട്ടണില്ലാന്നാ പരാതി. വലിക്കാനൊന്നും കിട്ടുന്നില്ലാത്രേ... അവർക്ക് അറിയില്ലല്ലോ ഇതിനായി ഈ പപ്പ സഹിച്ച ത്യാഗങ്ങൾ. 32 ആയിരുന്ന പാന്റ് സൈസ് 28 ആയി എന്നു പറയുമ്പോൾ നിങ്ങൾക്കും ഓർക്കാമല്ലോ എനിക്കുണ്ടായ ആ മാറ്റം.

ഡയറ്റ് പ്ലാൻ

(ഈ ഗ്രൂപ്പിൽ ശരീരഭാരം കുറച്ചവരുടെ വിജയകഥകൾ പിറകേ വരുന്നുണ്ട്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറെ പ്രചോദനകരമായ ടിപ്സുകൾ അറിയാനും അവരുടെ ഡയറ്റുകളെക്കുറിച്ചും അറിയാനും സന്ദർ‍ശിക്കൂ www.manoramaonline.com/health)