ഹൃദയത്തെ കാക്കാൻ ചോക്കളേറ്റ് കഴിക്കാം

ചോക്കളേറ്റ് കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരെങ്കിലും ഉണ്ടാകുമോ? എന്നാൽ ഇതാ ചോക്കളേറ്റ് കഴിക്കാൻ മറ്റൊരു കാരണം കൂടി. ഡാർക്ക് ചോക്കളേറ്റ് ഹൃദയാരോഗ്യത്തിന് ഉത്തമമാണെന്ന് ന്യൂട്രീഷനിസ്റ്റ്സ് കണ്ടെത്തിയിരിക്കുന്നു. രക്തധമനികൾ ദൃഡമാകുകയും കൊഴുപ്പടിഞ്ഞ് ചുരുങ്ങുകയും ചെയ്യുന്ന അവസ്ഥയെ കുറയ്ക്കാൻ ഡാർക്ക് ചോക്കളേറ്റിനു സാധിക്കുമത്രേ. ധമനികളെ വഴക്കമുള്ളതാക്കുകയും ശ്വേതരക്താണുക്കളെ വഹിക്കുന്ന ധമനികൾധമനീഭിത്തികളിൽഒട്ടിപ്പിടിക്കുന്നത് തടയുകയും ചെയ്യുക വഴി കൊഴുപ്പടിഞ്ഞ് ചുരുങ്ങുന്ന അവസ്ഥ ഇല്ലാതാക്കുന്നു.

നെതർലൻഡ്സ് വഗേനിഗൻ യൂണിവേഴ്സിറ്റിയിലെ ന്യൂട്രീഷനിസ്റ്റുകളാണ് ഈ കണ്ടുപിടിത്തത്തിനു പിന്നിൽ. 45നും 70നും ഇടയിൽ പ്രായമുള്ള അമിതവണ്ണക്കാരായ പുരുഷൻമാരെയാണ് ഇതിനായി നിരീക്ഷണ വിധേയമാക്കിയത്. ഇവർക്ക് സാധാരണ ഡാർക്ക് ചോക്കളേറ്റും ഫ്ളവനോൾസ് അടങ്ങിയ ഡാർക്ക് ചോക്കളേറ്റും നൽകുകയായിരുന്നു. നിരീക്ഷണ വിധേയമാക്കിയ കാലയളവിൽ കൂടുതൽ കാലറി അടങ്ങിയ ആഹാരപദാർഥങ്ങൾ ഒഴിവാക്കണമെന്ന നിർദേശവും ഇവർക്കു നൽകിയിരുന്നു.

ഫ്ളവനോൾസിന്റെ അളവുകൂടിയ ചോക്കളേറ്റ് സെൻസറി സ്റ്റിമുലേഷൻ വർധിപ്പിക്കുന്നു. ഈ രണ്ടു ചോക്കളേറ്റും ഹൃദയാരോഗ്യത്തിന് ഒരേ ഫലം തന്നെയാണ് നൽകുന്നതെന്നും ഗവേഷകർ കണ്ടെത്തുകയായിരുന്നു. ദിവസവും രണ്ടു കപ്പ് ചോക്കളേറ്റ് കുടിക്കുകയാണെങ്കിൽ ഓർമക്കുറവിനെ പ്രതിരോധിക്കാൻ സാധിക്കും. പക്ഷാഘാതം പിടിപെടാനുള്ള സാധ്യത കുറയ്ക്കാനും ചോക്കളേറ്റിനു കഴിയുമെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.