ഫിറ്റ്നസിനായി ഡാൻസ് ചെയ്യാം

മൽസരവേദിയിലും കൂട്ടുകാർക്കിടയിലും തിളങ്ങാൻ അൽപം ഡാൻസ് പഠിച്ചിരുന്നതൊക്കെ പഴയ കാലം. ഇപ്പോൾ ഡാൻസ് ക്ലാസുകളിൽ പതിവായി ഹാജർ വയ്ക്കുന്നവർ ഏറെയുണ്ടു നഗരത്തിൽ. ക്ലാസിക്കൽ ഡാൻസ് മാത്രമല്ല, സുംബ, സാൽസ, ഹിപ്ഹോപ് തുടങ്ങി ഒട്ടേറെ പുതുതലമുറ നൃത്തച്ചുവടുകളും കൊച്ചിക്കാർക്കു പ്രിയപ്പെട്ടതായി മാറുന്നു. വെറുമൊരു ഇഷ്ടത്തിന്റെ പേരിലല്ല ഈ ഡാൻസ് പഠനം. മികച്ച വ്യായാമമെന്ന രീതിയിലാണു ഭൂരിഭാഗം ആളുകളും നൃത്തത്തെ സമീപിക്കുന്നത്.

വിവാഹശേഷമോ കുഞ്ഞിന്റെ ജനനശേഷമോ നൃത്തം മറക്കുന്നവരായിരുന്നു മുൻപ് അധികവും. ഇന്നു സ്ഥിതി മാറി. ശരീരത്തെയും ആരോഗ്യത്തെയും മികവോടെ സംരക്ഷിക്കാൻ വിവാഹശേഷവും പ്രസവശേഷവും നൃത്തം പഠിച്ചു തുടങ്ങുന്നവരേറെ. വെസ്റ്റേൺ ഡാൻസ് രൂപങ്ങൾ കൊച്ചിയിൽ സജീവമാകുന്നതും ഇക്കാര്യത്താൽ തന്നെ. നഗരത്തിലെ മിക്ക ഡാൻസ് സ്കൂളുകളിലും ഇവ പരിശീലിപ്പിക്കുന്നുണ്ട്. എയ്റോബിക് ക്ലബുകളും സജീവമായിരിക്കുന്നു. സംഗീതവും നൃത്തവും സമന്വയിപ്പിച്ചുള്ള ഈ വ്യായാമ രീതിയുടെ ആരാധകർ തുടക്കത്തിൽ സ്ത്രീകൾ മാത്രമായിരുന്നെങ്കിൽ ഇപ്പോൾ പുരുഷൻമാരും യുവാക്കളും കുട്ടികളുമെല്ലാം ഇത്തരം ഡാൻസ് രൂപങ്ങളുടെ ആരാധകരാണ്.

എയ്‌റോബിക്‌സിലാണ് ആദ്യമായി താളച്ചുവടുകളെ കേന്ദ്രീകരിച്ചുള്ള ബോഡി ഫിറ്റ്‌നസ് ആൻഡ് ടോണിങ് അവതരിച്ചത്. അതേറെ പ്രചാരം നേടിയെങ്കിലും കൂടുതൽ കാലറി കുറയ്‌ക്കാൻ പര്യാപ്‌തമാണോ, അധികം ഹെവിനെസ് ഇല്ലാത്തതിനാൽ ഗുണം ചെയ്യുമോ തുടങ്ങിയ സംശയങ്ങളായി. തുടർന്നാണു ഡംബെൽസ് എയ്‌റോബിക്‌സ്, ബോൾ എയ്‌റോബിക്‌സ്, പ്രോപ് എയ്‌റോബിക്‌സ് തുടങ്ങിയവ വരുന്നത്. ജിംനേഷ്യവും യോഗയും സ്‌പായും ഉൾപ്പെടുന്ന പാക്കേജിനൊപ്പമാണു മിക്ക ഹെൽത്ത് ക്ലബുകളും എയ്‌റോബിക്‌സ് പരിശീലിപ്പിക്കുന്നത്.

ഇതിനു പിന്നാലെ സാൽസ, സുംബ, കണ്ടംപററി, ഹിപ്‌ഹോപ് എന്നിവയും സജീവമായി. ജോലി ചെയ്തു തളർന്ന ഒരാൾ സുംബ ക്ലാസിലെത്തി പാട്ടിനൊപ്പം ചുവടുവയ്ക്കുന്നു. അടുത്ത ദിവസത്തേക്കുള്ള ഊർജമായി അതു മാറുന്നു. സുംബ ഒരു ഫിറ്റ്നസ്- ഡാൻസ് രൂപമാണെങ്കിൽ സാൽസ, ഹിപ്പ്ഹോപ്പ് എന്നിവ വേറിട്ട നൃത്തരൂപങ്ങളെന്ന നിലയിലാണു തരംഗമാകുന്നത്.

ചെന്നൈ, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെത്തുന്ന വിദഗ്ധരാണു സാൽസ, ഹിപ്‌ഹോപ് തുടങ്ങിയവ പരിശീലിപ്പിക്കുന്നത്. മാസം രണ്ടായിരം രൂപ മുതൽ ആരംഭിക്കുന്നു വിവിധ ഡാൻസ് സ്കൂളുകളിലെ ഫീസ് നിരക്കുകൾ. ക്ലാസുകളുടെ എണ്ണം അനുസരിച്ചു നിരക്കുകൾ വ്യത്യാസപ്പെടും.

നൃത്തമെന്ന വ്യായാമ രീതി

ഹൃദയത്തെ കാത്തുസൂക്ഷിക്കുന്ന സൈക്ലിങ്, നീന്തൽ തുടങ്ങിയ വ്യായാമമുറകൾ നൽകുന്ന അതേഫലം തന്നെയാണു നൃത്തവും നൽകുന്നത്. ചെറിയ ചുവടുകളും ചലനങ്ങളുമായി വാം അപ് ചെയ്‌താണു നൃത്തവും തുടങ്ങുന്നത്. എയ്‌റോബിക്‌സിലാണെങ്കിൽ ആദ്യ സ്‌റ്റെപ്പുകൾ വാം അപ് ആയിത്തന്നെയാണു രൂപകൽപന ചെയ്‌തിരിക്കുന്നത്.

വെസ്‌റ്റേൺ നൃത്തരൂപങ്ങൾ എക്‌സർസൈസ് ആയി ചെയ്യുമ്പോൾ ആദ്യം പതിയെ തുടങ്ങി പിന്നീടു വേഗത്തിലാക്കുകയാണ്. പതിവായി നൃത്തംചെയ്‌താൽ അമിതവണ്ണം കുറയും. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം കാര്യക്ഷമമാകും. നൃത്തത്തിലെ അംഗചലനങ്ങൾ ശരീരത്തിലെ പേശികൾക്കും സന്ധികൾക്കും ഗുണകരമാകുന്നു. സന്ധിവേദന, ബലക്ഷയം എന്നീ പ്രശ്‌നങ്ങൾ പരിഹരിക്കാനും നൃത്തത്തിലൂടെ കഴിയും.