ആസ്മാരോഗിക്കും വ്യായാമം ചെയ്യാം

എല്ലാവർക്കും വ്യായാമം അനിവാര്യമാണ് ഏതു രോഗത്തിനും ഇത് പ്രസക്തമാണ്. എന്തൊക്കെ കാര്യങ്ങളാണ് ആസ്മ രോഗികൾ വ്യായാമത്തിലേർപ്പെടുമ്പോൾ അറിഞ്ഞിരിക്കേണ്ടത് എന്നു വളരെ പ്രധാനപ്പെട്ട കാര്യമാണ്. കരുത്തുറ്റ ഒരു ശരീരത്തിനു തന്നെയാണു രോഗങ്ങളെ പ്രതിരോധിക്കാനും കഴിയുക. എന്നാൽ ചില ആസ്മ രോഗികള്‍ വ്യായാമത്തിലേർപ്പെടുമ്പോള്‍ ആസ്മ കൂടാറുണ്ട്. എക്സർസൈസ് ഇന്റ്യൂസ്ഡ് ബ്രോങ്കോകൺസ്ട്രിക്ഷൻ (EIB) എന്നാണ് ഈ അവസ്ഥയെ പറയുക. മുമ്പ് ഇതിനെ എക്സർസൈസ് ഇന്റ്യൂസ്ഡ് ആസ്മ എന്നാണു വിളിച്ചിരുന്നത്. ‌

പൊതുവെ വ്യായാമം ആരു ചെയ്താലും ഒാക്സിജൻ കൂടുതൽ വേണ്ടതുകൊണ്ട് ശ്വസനപ്രക്രിയ വേഗത്തിലാകുക, കിതപ്പ് കൂടി വരിക, ശ്വാസം എടുക്കാൻ പ്രയാസമാകുക എന്നീ കാര്യങ്ങൾ സ്വാഭാവികമാണ്. ഇതിനെ തെറ്റിദ്ധരിച്ചാണ് വ്യായാമം ആസ്മയ്ക്കു കാരണമാകും എന്നു പറഞ്ഞിരുന്നത്. ഇ.ഐ.ബി ലക്ഷണങ്ങൾ ഉളള 90 ശതമാനം ആളുകളിലും ഈ പ്രതിഭാസം പതിവാണ്. എന്നാൽ പ്രത്യേക മുൻകരുതലുകളും തയാറെടുപ്പുകളും ഉണ്ടെങ്കിൽ ഇത്തരം പ്രയാസങ്ങൾ ബാധിക്കാത്ത തരത്തിൽ ആസ്മാരോഗിക്കും വ്യായാമത്തിലേർപ്പെടാനാകും.

ഇ.ഐ.ബി കാരണമറിയാം

ചുമ, കുറുങ്ങൽ, നെഞ്ചിൽ കനം, ശ്വാസം വേണ്ടത്ര കിട്ടാതെ വരൽ(Shortness of breath) തുടങ്ങിയവായാണു സാധാരണ കണ്ടുവരുന്ന ലക്ഷണങ്ങൾ. ഇത്തരക്കാരിൽ വ്യായാമം തുടങ്ങി അഞ്ചോ പത്തോ മിനിറ്റ് കഴിയുമ്പോൾ പതുക്കെ ഈ ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങും. പിന്നീട് വ്യായാമം നിർത്തി അഞ്ചോ പത്തോ മിനിറ്റ് കഴിയുമ്പോൾ കൂടുതൽ വഷളാകാം. പലപ്പോഴും 20 മുതൽ 30 മിനിറ്റു വിശ്രമത്തിനുശേഷം ഇതു കുറഞ്ഞുവരുന്നതായും കാണാറുണ്ട്. എന്നാൽ ചില ആളുകളിൽ താൽക്കാലിക ശമനത്തിനുശേഷം വീണ്ടും പതുക്കെ കൂടി വരാറുണ്ട് ഇങ്ങനെ രണ്ടാമത് വരുന്നത് അരദിവസമോ ഒരു ദിവസമോ ഒക്കെ നീണ്ടു നിന്നതിനുശേഷമാണു കുറയുക.

വ്യായാമം ചെയ്യുമ്പോഴുണ്ടാകുന്ന ആസ്മയുടെ പ്രധാനകാരണം വായിലൂടെയുളള ശ്വസനം ആണ്. കാരണം വായിലൂടെ ശ്വസിക്കുമ്പോൾ വായു ഡ്രൈ ആകാനും തണുക്കാനുമുളള സാധ്യത കൂടുതലാണ്. ഇങ്ങനെയാകുമ്പോൾ വായുസഞ്ചാരമാർഗം എളുപ്പത്തിൽ ചുരുങ്ങും (ബ്രോങ്കോ കൺസ്ട്രിക്ഷൻ). ഇത്തരക്കാർ തണുത്തതോ, ഡ്രൈ എയർ ഉളളതോ ആയ സ്ഥലങ്ങളിൽ വ്യായാമം ചെയ്യരുത്. പകരം ചൂടുളള വായു ലഭിക്കുന്ന സ്ഥലങ്ങളായിരിക്കണം വ്യായാമത്തിനായി തെരഞ്ഞെടുക്കേണ്ടത്.

അലർജി വഴിയുളള ആസ്മയുളള ആളാകുമ്പോൾ, സ്വാഭാവികമായും ഇടയ്ക്കു ചുമ, കുറുങ്ങൽ, നെഞ്ചിൽ കനം എന്നിങ്ങനെ ഒക്കെ ചില സമയങ്ങളിൽ ഉണ്ടായേക്കാം. അതുകൊണ്ട് വ്യായാമം എന്നന്നേക്കുമായി ഉപേക്ഷിക്കേണ്ട കാര്യമില്ല. അതു മറ്റു പല രോഗങ്ങൾക്കും കാരണമാക്കും. ആ സമയങ്ങളിൽ കൃത്യമായി മരുന്നുകൾ കഴിച്ച് ആശ്വാസം വരുമ്പോൾ വീണ്ടും വ്യായാമത്തിലേർപ്പെടുക.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ശ്വാസംമുട്ടുവരാനിടയുളളവർ വ്യായാമത്തിൽ പ്രഗത്ഭ്യമുളള ഡോക്ടറുടെ ഉപദേശം ആദ്യമേ തേടണം. അദ്ദേഹം ആദ്യം നിങ്ങളുടെ ശ്വാസകോശത്തിന്റെ പ്രവർത്തന പരിശോധന (Lung Function Test) വ്യായാമത്തിനു മുമ്പും ഇടയിലും ശേഷവും നടത്തി ഏത് അളവിൽ നിങ്ങൾ വ്യായാമത്തിൽ ഏർപ്പെടണം എന്നതടക്കമുളള ഒരു പ്ലാൻ രൂപപ്പെടുത്തിത്തരും. അതിലൂടെ വ്യായാമത്തിലിടയിലുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാകും.

വ്യായാമത്താൽ ആസ്മ വരുമെന്ന് ഭയക്കുന്ന എക്സർസൈസ് ഇന്റ്യൂസ്ഡ് ബ്രോങ്കോകൺസ്ട്രിക്ഷൻ (EIB) ഉളളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1. കോള്‍ഡ്/ഡ്രൈ കാലാവസ്ഥയിൽ നിന്നുളള വ്യായാമം ഒഴിവാക്കണം.

2. ദീർഘദൂരം ഒാട്ടം, ഫുട്ബോൾ പോലുളള കളികൾ നല്ലതല്ല. ഇൻഡോർ വ്യായാമങ്ങളാണ് ഉത്തമം.

3. കഴിയുന്നതും തണുപ്പില്ലാത്തതും ആർദ്രത കൂടിയതുമായ (വാം /ഹ്യുമിഡ്) അന്തരീക്ഷത്തിലേ വ്യായാമം ചെയ്യാവൂ.

4. ഇ.ഐ.ബി ലക്ഷണങ്ങൾ ഉളളപ്പോൾ വ്യായാമത്തിലേർപ്പെടരുത്.

5. ഡോക്ടർ നിർദേശിക്കുന്ന മരുന്നുകൾ എപ്പോഴും കൈവശം വേണം.

6. എപ്പോഴും ഒരു സഹായിയോടൊപ്പം വ്യായാമം ചെയ്യുന്നതായിരിക്കും നല്ലത്.

7. ഇ.ഐ.ബി യുടെ ലക്ഷണങ്ങൾ മുൻകൂട്ടി മനസ്സിലാക്കാൻ കഴിവുണ്ടായിരിക്കണം. അതിനനുലരിച്ചു വ്യായാമത്തിന്റെ തീഷ്ണത ലഘൂകരിക്കാനും വേണ്ടിവന്നാൽ നിർത്താനും കഴിയും.

8. അലർജിക്ക് കാരണമാകുന്ന ചില ഭക്ഷണപദാർത്ഥങ്ങൾ വ്യായാമത്തിനു മുമ്പും ഇടയിലും ശേഷവും കഴിക്കാൻ പാടില്ല. അത് ഏതെല്ലാമാണെന്ന് സ്വയം മനസ്സിലാക്കുകയോ അല്ലെങ്കിൽ ഒരു ന്യൂട്രീഷൻ എക്സ്പോർട്ടിന്റെ സഹായത്തോടെയോ അറിഞ്ഞിരിക്കണം.

9. അതികഠിനമായ ചൂടുകാലത്തു വ്യായാമം ചെയ്യുമ്പോൾ പ്രത്യേക ശ്രദ്ധ ഇത്തരക്കാരുടെ കാര്യത്തിൽ ഉണ്ടായിരിക്കണം.

10. ജലദോഷം, ചുമ, കഫക്കെട്ട് തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉളളപ്പോൾ വ്യായാമത്തിലേർപ്പെടരുത്.

11. വ്യായാമവേളകളിൽ ഒരിക്കലും വായയിലൂടെ ശ്വാസം എടുക്കാൻ പാടില്ല. മൂക്കിലൂടെ മാത്രമേ പാടുളളൂ. ഇതു പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ ഒന്നാണ്.

12. ഇ.ഐ.ബി യുളള കുട്ടികളെ സ്കൂളുകളിൽ വിടുമ്പോള്‍ മാതാപിതാക്കൾ അധ്യാപകരോടും കായിക പരിശീലകരോടും ആ വിവരം പ്രത്യേകം ധരിപ്പിക്കണം. ഇത്തരം കുട്ടികൾക്ക് കായിക പരിശീലനത്തിന് മുമ്പു ഡോക്ടറുടെ നിർദേശപ്രകാരം നിർബന്ധമായും മരുന്നുകൾ ആവശ്യമായിവരും.

വ്യായാമം എങ്ങനെ വേണം?

ആസ്മയുളളവർ വ്യായാമം ആരംഭിക്കുമ്പോൾ എയ്റോബിക് വ്യായാമങ്ങളിലൂടെ നല്ലൊരു വാം അപ്പു ചെയ്യണം. അതുപോലെ വ്യായാമം നിർത്തുമ്പോൾ നല്ലൊരു കൂൾഡൗണും ആവശ്യമാണ്. ഒാരോന്നും ഏകദേശം 15 മിനിറ്റ് വീതം ചെയ്യാം. ഇത് എക്സർസൈസ് ഇന്റ്യൂസ്ഡ് ആസ്മ ഉണ്ടാകാതിരിക്കാൻ സഹായിക്കും. ഒാട്ടം, സൈക്ലിങ്, ബാസ്കറ്റ്ബോൾ തുടങ്ങിയ വ്യായാമരീതികളൊന്നും ഇത്തരക്കാർക്കു യോജിച്ചതല്ല. ഇവ ആസ്മയ്ക്കു കാരണമാകും. റെസിസ്റ്റൻസ് ട്രെയിനിങ്, നീന്തൽ, ബെയ്സ് ബോൾ തുടങ്ങിയ വ്യായാമങ്ങളാണ് ഇത്തരക്കാർക്ക് അഭികാമ്യം. ക്രമേണ ക്ഷമത വർധിച്ചു വരുന്നതിനനുസരിച്ച് വ്യായാമം പരിശീലകന്റെ നിർദേശത്തോടെ അടുത്ത നിലകളിലേക്കു കടക്കാം.

രോഗത്തിനനുസരിച്ച് മാറണം

കാലം മാറി കഥ മാറി എന്നു പറയുന്നതുപോലെ ഇന്നു പല രോഗികളും ആശുപത്രികളെയും മരുന്നുകളെയും മാത്രമല്ല രോഗമുക്തിക്കായി ആശ്രയിക്കുന്നത്. ധാരാളം പേർ ഹെൽത് ക്ലബകളെയും അവിടുത്തെ വ്യായാമങ്ങളെയും നല്ല രീതിയിൽ പ്രയോജനപ്പെടുത്തുന്ന കാലം കൂടിയാണ് ഇന്ന്. ഇവരുടെ കാര്യത്തിൽ അതീവശ്രദ്ധയും ജാഗ്രതയും വളരെ ആവശ്യമാണ്. കാരണം പലരും ഗുരുതരമായ പല രോഗങ്ങൾക്കും അടിമപ്പെട്ടിട്ടുളളവരായിരിക്കും. സ്ട്രോക്ക്, ഹൃദയാഘാതം, സർജറി, ക്രോണിക് ഡയബറ്റിസ്, രക്താതിസമ്മർദം, കൊളസ്ട്രോൾ, സ്പോണ്ടിലോസിസ്, ബാക്ക്പെയിൻ, മുട്ടുവേദന തുടങ്ങിയ നിരവധി ചെറുതും വലുതുമായ രോഗങ്ങൾ ഉളളവർ പലരും ഇന്നു വ്യായാമത്തിലേർപ്പെടുന്ന കാലമാണ്. ഇവരിൽ പലർക്കും എല്ലാത്തരം വ്യായാമങ്ങളും യോജിക്കില്ല. ചികിത്സിക്കുന്ന ഡോക്ടറുടെ നിർദേശം, പരിചയ സമ്പത്തും അറിവുമുളള ട്രെയ്നറുടെ നിർദേശം തുടങ്ങിയ കാര്യങ്ങളൊക്കെ ഇവരുടെ കാര്യത്തിൽ വളരെ പ്രാധാന്യമുളളതാണ്. ഇവരുടെ ഒാരോരുത്തരുടെയും രോഗസ്വഭാവം മനസ്സിലാക്കി മാത്രമേ ഇവർ ഏതു ഗണത്തിൽപ്പെടുന്ന വ്യായാമങ്ങൾ ചെയ്യണം എന്നു നിർദേശിക്കാനാകൂ.

വി.എം ബഷീർ
ഫിറ്റ്നസ് കൺസൾട്ടന്റ്, മുൻ മിസ്റ്റർ സൗത് ഏഷ്യ, സർട്ടിഫൈഡ് ഫിറ്റ്നസ് ട്രെയിനർ, തൃശൂർ