വയറു കുറയ്ക്കാം ഫിറ്റ് ബോൾ കൊണ്ട്

ശരീരത്തിനാവശ്യമായതിൽ കൂടുതൽ അകത്താക്കുകയും ചെയ്യും, ശരീരമൊട്ട് അനക്കുകയുമില്ല. ഇതിന്റെ സമ്മാനം ഉഗ്രനൊരു കുടവയറാകും‍. നാണക്കേടാണെങ്കിലും ഭക്ഷണക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവില്ല. പതുക്കെ അതൊരു ശീലമാകും. കുടവയർ വളർന്ന് രോഗങ്ങൾ പിടിപെടുമെന്ന് തോന്നുമ്പോഴാവും കുറയ്ക്കണമെന്ന തോന്നലുണ്ടാവുക,

പക്ഷേ കുറയ്ക്കണമെന്ന് കരുതിയാൽ ശരീരം മുഴുവൻ മെലിഞ്ഞുണങ്ങിയാലും ഞാനാദ്യമെന്ന ഭാവത്തോടെ നടക്കുമ്പോൾ വയര്‍ മുന്നിലുണ്ടാവും. പലരുടെയും വാക്കുകേട്ട് നടത്തിയ പരീക്ഷണങ്ങൾ മടുത്തോ?, എന്നാൽ ഇനി വയറുകുറയ്ക്കാം ഒരു ഫിറ്റ് ബോൾ കൊണ്ട്.

സ്പോർട് ഷോപ്പിൽനിന്ന് വായുനിറയ്ക്കാവുന്ന ഫിറ്റ് ബോൾ വാങ്ങാനാകും. ഫിറ്റ് ബോൾ വർക്ക് ഔട്ട് എങ്ങനെയെന്നറിയേണ്ടേ. ഇതാ ചില എക്സർസൈസുകൾ. നടുവേദനയും മറ്റ് പ്രശ്നങ്ങളുമുള്ളവർ നല്ലൊരു ട്രെയിനറുടെ സഹായം തേടാൻ മറക്കരുതേ.

1. കൈകൾ തറയിലുറപ്പിച്ച് മലർന്ന് കിടക്കുക. കാൽമടമ്പുകൾ ഫിറ്റ് ബോളിനുമുകളിൽ വച്ചശേഷം കാൽ മുതൽ തുടകൾവരെ ബോളിലൂടെ നീക്കി തറയിൽ ചലിപ്പിക്കുക.

2. ഫിറ്റ് ബോളിൽ ശരീരം ബാലൻസ് ചെയ്ത് മുഖം താഴെയാക്കി കിടക്കുക. കൈകളുടെ സഹായമില്ലാതെ പതുക്കെ ഉയരുക

3. കൈകൾ തറയിൽ കുത്തി പുഷ് അപ് പൊസിഷനിൽ കിടക്കുക. കാലുകൾ ഫിറ്റ് ബോളിനുമുകളിൽ ബാലൻസ് ചെയ്യുക. കാലുകള്‍ നെഞ്ചിനടുത്തേക്ക് അടുപ്പിക്കുകയും അകറ്റുകയും ചെയ്യുക.

4.ഫിറ്റ് ബോളിൽ ശരീരത്തിന്റെ പുറംഭാഗം ബാലൻസ് ചെയ്യുക. കൈകൾ ചെവിക്കിരുവശവും ആയിരിക്കാന്‍ ശ്രദ്ധിക്കുക. മുകളിലേക്ക് ഉയരാൻ ശ്രമിക്കുക. കഴുത്തിൽ സമ്മർദ്ദം വരരുത്. നോട്ടം കാൽപാദത്തിലേക്കായിരിക്കണം.

5. കൈകൾ തറയിലുറപ്പിച്ച് മലർന്ന് കിടക്കുക. കാൽമടമ്പുകൾ ഫിറ്റ് ബോളിനുമുകളിൽ വച്ചശേഷം ഫിറ്റ് ബോളിനെ താഴേക്ക് അമർത്തുക. ഫിറ്റ് ബോളിനെ കാലുകളാൽ അമർത്തിപ്പിടിച്ച് അൽപ്പനേരം ഉയർത്തിയശേഷം താഴെ വയ്ക്കുക.