വയസ് 35, തൂക്കം 275 കിലോഗ്രാം; മെലിയാൻ വഴി തേടി ഒമാൻ പൗരൻ അടൂരിൽ

കൈസർ സെയ്ഫ് ഡോ. മാത്യൂസ് ജോണിനൊപ്പം.

പത്തനംതിട്ട∙ വയസ് 35; തൂക്കം 275 കിലോഗ്രാം. സംശയിക്കേണ്ട, ഒരാളെക്കുറിച്ചു തന്നെയാണ് പറഞ്ഞുവരുന്നത്. ഒമാനിയൻ പൗരനായ കൈസർ സെയ്ഫ് സഖാറിന്റെ കഥയാണിത്. അമിത വണ്ണം കൊണ്ട് അഞ്ചടിയിലേറെ നടക്കാനാവില്ല. നടന്നു ക്ഷീണിച്ച് ഉറങ്ങാൻ കിടന്നാലോ, വലിയ കട്ടിലിൽ ഒന്നു തിരിയാനോ മറിയാനോ പറ്റില്ല. ഇനി ഉറങ്ങിക്കഴിഞ്ഞാലോ, പെട്ടെന്ന് ഉണരും. കാരണം, ശ്വാസമെടുക്കാൻ ബുദ്ധിമുട്ടാണ്. അങ്ങനെയാണ് കൈസർ സെയ്ഫ് തടി കുറയ്ക്കാൻ അടൂർ ലൈഫ് ലൈൻ ആശുപത്രിയിലെത്തിയത്.

തടി കുറയ്ക്കുന്നതിനുള്ള ബർയാട്രിക് സർജറി നേരത്തെയും ഇവിടെ ചെയ്തിട്ടുണ്ടെങ്കിലും സെയ്ഫിന്റെ കാര്യത്തിൽ പെട്ടെന്നു തീരുമാനമെടുക്കാനായില്ല. കാരണം, ഇദ്ദേഹത്തെ കിടത്താവുന്ന ശസ്ത്രകിയാ മേശ ഇവിടെയില്ല; ഇതു പോലൊരാളെ കൊള്ളുന്ന വീൽ ചെയറുമില്ല. ശസ്ത്രക്രിയ നടത്തണമെങ്കിൽ എന്തായാലും രക്ത സമ്മർദം നോക്കണമല്ലോ? അതിനുള്ള ഉപകരണവും ഇല്ല. ഈ സാധനങ്ങളെല്ലാം ഇറക്കുമതി ചെയ്തും മറ്റും സജ്ജമാക്കി ഡോ. മാത്യൂസ് ജോണിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം കൈസറിനു താക്കോൽദ്വാര ശസ്ത്രക്രിയ നടത്തി.

ശരീരത്തിൽ നിന്ന് ഒന്നും നീക്കം ചെയ്തില്ല. ഭക്ഷണത്തിന്റെ ദഹന പക്രിയയിലും മറ്റും മാറ്റം വരുത്തുന്നതായിരുന്നു ശസ്ത്രക്രിയ. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവു സ്വമേധയാ കുറഞ്ഞുവരികയും തടി കുറയുകയുമാണ് സംഭവിക്കുക. ഒരു വർഷം കൊണ്ട് ഇദ്ദേഹത്തിന്റെ തൂക്കം നൂറു കിലോഗ്രാം ആയി കുറയുമെന്ന് ഡോ. മാത്യൂസ് ജോൺ പറഞ്ഞു. ദക്ഷിണേന്ത്യയിൽ ആദ്യമായാണ് ഇത്രയും തൂക്കമുള്ള ഒരാളെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കുന്നതെന്ന് ലൈഫ് ലൈൻ മാനേജിങ് പാർട്ണർ മാത്യു പാപ്പച്ചൻ പറഞ്ഞു. 18ന് കൈസർ ആശുപത്രി വിടും. പക്ഷേ, ഉടനെ വീണ്ടും വന്നേക്കും. 240 കിലോഗ്രാം തൂക്കമുള്ള അനുജന്റെയും തൂക്കം കുറയ്ക്കാനുണ്ട്.