പോക്കിമോൻ കളിച്ചു; 12 കിലോ കുറഞ്ഞു

Image Courtesy : CNN

പോക്കിമോൻ കളിക്കാരന്റെ ഏറ്റവും വലിയ ആഗ്രഹമെന്താണ്? പോക്കിമോനിലെ എല്ലാ ജീവികളെയും പിടിക്കണമെന്നതാണ്. പക്ഷേ എല്ലാ ജീവികളെയും പിടികൂടുമ്പോൾ കളിക്കാരനും ചിലതു നഷ്ടപ്പെട്ടേക്കാമെന്ന് ഒരു കളിഭ്രാന്തൻ പറയുന്നു. യുകെയിൽ ലഭ്യമായ 142 പോക്കിമോൻ ജീവികളെയും പിടികൂടാനുള്ള ഓട്ടത്തിലായിരുന്നു സാം ക്ളാർക്ക്. 227 കിലോമീറ്ററാണ് 20 ദിവസമെടുത്ത് ഈ മുപ്പത്തിരണ്ടുകാരൻ നടന്നുതീർത്തതത്രെ. പക്ഷേ ഇത്രയും നടന്നപ്പോഴേക്കും ഏതാണ്ട് 12 കിലോയോളം ഭാരമാണു കുറഞ്ഞതെന്നും സാം ക്ളാർക്ക് പറയുന്നു.

തനിക്കു പാകമാകാതിരുന്ന പല ഡ്രസ്സുകളും ഇപ്പോൾ ധരിക്കാനാവുമെന്ന് ഇദ്ദേഹം പറയുന്നു. മുമ്പ് സാമിന്റെ ഭാരം ഏതാണ്ട് 140 കിലോയായിരുന്നു. 12 കിലോ കുറഞ്ഞെന്ന സാമിന്റെ അവകാശവാദം അൽപം അതിശയോക്തിപരമാണെന്നു തോന്നാമെങ്കിലും
ഇത്രയും ദൂരം നടക്കാൻ സഹായിക്കുന്ന ഗെയിം വ്യായാമത്തിനു തുല്യമാണെന്നു വിദഗ്ധർ പറയുന്നു.

മുറിയിലടച്ചിരുന്നു കളിക്കുന്ന ഗെയിമുകളിൽനിന്നു വ്യത്യസ്തമായി ഫോണും കൊണ്ട് അലഞ്ഞു നടക്കേണ്ട ഗെയിം ആണ് പോക്കിമോൻ. ജാപ്പനീസ് കാർട്ടൂൺ കഥാപാത്രത്തില്‍നിന്നു പ്രചോദനം ഉൾക്കൊണ്ട ഒരു ഓഗ്മെന്റഡ് റിയാലിറ്റി ഗെയിമാണിത്.

ഫോണിന്റെ ക്യാമറയിലൂടെ കാണുന്ന യഥാർഥ പരിസരങ്ങളിലേക്ക് അനിമേഷൻ രൂപങ്ങളെ ചേർത്തുവച്ച്, യാഥാർഥ്യത്തെയും സാങ്കൽപ്പികതയെയും കൂട്ടിയിണക്കുകയാണ് ഈ ഗെയിം. യാത്രയെ പ്രോത്സാഹിപ്പിക്കുന്ന ഗെയിമിന് വ്യായാമസാധ്യതകളുമുണ്ടെങ്കിലും പരിസരം മറന്നു ഗോയിം കളിച്ചാലുള്ള അപകടത്തെപ്പറ്റി ഗെയിം പ്രേമികൾ ഓർക്കണമെന്നും വിദഗ്ധർ പറയുന്നു.