പ്രണവ് മോഹൻലാലിന്റെ പാർക്കൗർ പരിശീലനത്തിന്റെ ഗുണങ്ങൾ

സിനിമയ്ക്കായി പാർക്കൗർ പരിശീലനത്തിലാണ് പ്രണവ് ഇപ്പോൾ. പാർക്കൗർ അഥവാ ഫ്രീ റണ്ണിംഗ് എന്നറിയപ്പെടുന്ന ഈ പരിശീലനം ഫ്രഞ്ച് സൈന്യം രൂപകൽപ്പന ചെയ്ത കായിക പരിശീലനമാണ്. ഓടിയും ചാടിയും വലിയ കെട്ടിടങ്ങളിൽ പിടിച്ച് കയറിയുമൊക്കെ മുന്നിലുള്ള തടസ്സങ്ങൾ മറികടക്കുന്ന രീതിയിൽ ആണ് പരിശീലനം.

ഹോളിവുഡ് ചിത്രങ്ങളായ ഡിസ്ട്രിക്റ്റ് 13, കാസിനോ റോയല്‍ തുടങ്ങിയ സിനിമകളിൽ ഈ പരിശീലനത്തിലധിഷ്ഠിതമായ രംഗങ്ങള്‍ ആവിഷ്കരിച്ചിട്ടുണ്ട്. ശരിയായ പരിശീലകന്റെ സഹായത്തോടെ മാത്രം ചെയ്യേണ്ടതായ, അധികം നമുക്ക് പരിചിതമല്ലാത്ത ഈ പരിശീലന സംവിധാനത്തിന്റെ പ്രത്യേകതകള്‍ നോക്കാം.

ഫുള്‍ ബോഡി വർക്കൗട്ട്- ഓട്ടവും ചാട്ടവും തടസ്സങ്ങള്‍ മറികടക്കലുമെല്ലാം ഉള്ളതിനാൽ ശരീരത്തിലെ എല്ലാ മസിലുകൾക്കും വ്യായാമം ലഭിക്കും. ഒരു കളിയുടെ മൂഡ് ഉള്ളതിനാൽ ജിമ്മിലെ സ്ഥിരം പരിശീലനത്തിന്റെ വിരസതയിൽനിന്ന് മോചനവുമാകും.

ബുദ്ധിവികാസം-ഓരോ തടസ്സങ്ങളും മറികടക്കാനായി പരിശീലിക്കുന്നയാള്‍ക്ക് സ്വന്തമായ രീതി വികസിപ്പിച്ചെടുക്കാം. ഇത്തരത്തിൽ പെട്ടെന്നുള്ള തീരുമാനങ്ങളിലൂടെയാണ് മുന്നോട്ട് പോകുന്നതെന്നതിനാൽ ശ്രദ്ധയും ഏകാഗ്രതയും വർദ്ധിക്കും.

ആത്മവിശ്വാസം വർധിക്കും- തടസ്സങ്ങൾ മറികടക്കാനുള്ള കഴിവ് കൂട്ടുകയാണ് പരിശീലനത്തിൽ ചെയ്യുന്നതെന്നതിനാൽ ആത്മവിശ്വാസവും വർധിക്കുമെന്ന് വിദഗ്ദർ പറയുന്നു.

എല്ലുകളുടെ കരുത്ത് വർധിക്കുന്നു- ശരീരത്തിന്റെ എല്ലുകളുടെ കരുത്ത് വർധിക്കാനും ശരീരത്തിലെ എല്ലാ ഭാഗങ്ങളും പ്രവർത്തിക്കുന്നതിനാൽ കൂടുതൽ വഴക്കം ഉണ്ടാകാനും ഈ പരിശീലനത്താൽ സാധിക്കും.