വരൂ, നീന്തൽ പഠിക്കാം

അവധിക്കാലത്ത് കുട്ടികളുടെ ഇഷ്ടകായികവിനോദമാണ് നീന്തൽ. നീന്തൽ പഠിക്കുന്നതിന് ഇടയിൽ അപകടങ്ങളും ഏറുന്നു. പുതുതായി നീന്തൽ പഠിക്കുന്നവർക്കായി നീന്തൽ ചാമ്പ്യനായ ബാബുരാജ് എഴുതുന്ന കത്ത്.

പ്രിയപ്പെട്ട കുട്ടികളെ അവധിക്കാലം വരാറായി അല്ലേ...... നിങ്ങളുടെ ഉത്സവകാലം. അവധിക്കാലത്തെ പരിപാടികളൊക്കെ ഇപ്പോഴേ പ്ലാൻ ചെയ്തു കാണുമല്ലൊ? ഞങ്ങളുടെയൊക്കെ ചെറുപ്പത്തിൽ അവധി വന്നാൽ ആദ്യത്തെ പരിപാടി മതിവരുവോളം വെളളത്തിൽ നീന്തിക്കളിക്കുകയാണ്. എന്റെ ജന്മനാട് വെളളത്താൽ ചുറ്റിയ ഒരു ഗ്രാമമാണ്. മുറ്റത്തുനിന്നു ചാടിയാൽ നദിയിലേക്കാണ്. മുങ്ങാംകുഴിയിടലും ബെറ്റ് വച്ച് വെളളത്തിനടിയിൽ ശ്വാസം പിടിച്ച് നിൽക്കലുമൊക്കെ ആയി ബഹുരസമാണ് അവധിക്കാലം. വെള്ളത്തിൽ നിന്നും കരയിലേക്ക് കയറാൻ തന്നെ മടിയാണ്. വേനലിലെ ചൂട് അവിടെ കാത്തിരിക്കുകയല്ലെ. അന്നൊക്കെ അപകടങ്ങളും ഉണ്ടായിട്ടുണ്ട് കേട്ടോ. മക്കളു നീന്താനിറങ്ങുമ്പോഴേ അമ്മമാരുടെ ചങ്കു പിടയ്ക്കും. വല്ല കുഴിയിലോ കയത്തിലോ വീണാലോ. അതുകൊണ്ട് വീട്ടിൽ ചെറിയൊരു കുത്തിയിരിപ്പു സത്യാഗ്രഹം നടത്തിയാലേ വെളളത്തിൽ ചാടാൻ അനുവാദം കിട്ടൂ. അതെന്തായാലും ഞങ്ങൾ കൂട്ടുകാരൊക്കെ ചെറുപ്പത്തിലേ നീന്തൽ പഠിക്കുമായിരുന്നു. പാതി രസത്തിനും പാതി സ്വന്തം രക്ഷയ്ക്കും. നിങ്ങളും നീന്തൽ പഠിച്ചുനോക്കണം. ഇത്ര ഗുണമുളള വേറെ വ്യായാമമില്ല. ജിമ്മിലൊക്കെ പോകുന്നവരേക്കാൾ മസിൽമാന്മാരാകാൻ ദിവസവും നീന്തിയാൽ മതി. പക്ഷേ തപാലിലല്ല കേട്ടോ നീന്തൽ പഠിക്കേണ്ടത്. അയൽവക്കത്തോ വീട്ടിലോ നീന്തലറിയാവുന്നവരുണ്ടെങ്കിൽ പഠിപ്പിച്ചുതരാൻ പറയൂ. ഈ വേനൽ കഴിഞ്ഞ് സ്കൂളിൽ ചെല്ലുമ്പോൾ കൂട്ടുകാരുടെ മുന്നിൽ ഒരു കുഞ്ഞു ഹീറോ ആകാം. നീന്തൽ പഠിക്കാൻ തിടുക്കമുളള കുഞ്ഞു കൂട്ടുകാർക്കായി ചില കാര്യങ്ങൾ പറഞ്ഞു തരാം.

ആദ്യം നടപ്പ്, പിന്നെ കാലിട്ടടിക്കൽ

നീന്താൻ ചാടുന്നതെങ്ങനെയെന്നു സിനിമയിലെങ്കിലും കണ്ടു കാണുമല്ലൊ. എന്നാൽ നീന്തൽ പഠിക്കാൻ തുടങ്ങുമ്പോൾ ആദ്യത്തെ പടി ഇതല്ല. ആദ്യം വെളളത്തിൽ ഇറക്കി നിലയുളള സ്ഥലത്ത് നടത്തുകയാണ് ചെയ്യുന്നത്. വെളളത്തിനെ ഒന്നു പരിചയപ്പെടുന്നു. എങ്കിലേ വെളളത്തിൽ ഒരു ബാലൻസും ടച്ചും ഉണ്ടാകൂ. അടുത്തത് മുങ്ങാനും താഴാനും പഠിപ്പിക്കുകയാണ്. പിന്നീട് ശ്വാസോച്ഛ്വാസം എങ്ങനെ വേണമെന്നു പരിചയപ്പെടുത്തുന്നു. ബാലൻസ് തെറ്റാതെ പൊങ്ങിക്കിടക്കാനും വെളളം കുടിച്ചു പോകാതിരിക്കാനുമൊക്കെ ഈ പ്രത്യേക ശ്വസനരീതി അറിഞ്ഞിരിക്കണം. വായിൽ കൂടി ശ്വാസമെടുത്ത് മൂക്കിൽ കൂടി വിടുകയാണ് ചെയ്യേണ്ടത്. അടുത്തതായി കാലിട്ടടിക്കാൻ പഠിപ്പിക്കുന്നു. പിന്നെ കൈ എടുക്കാൻ പഠിപ്പിക്കും. ഇങ്ങനെ പടിപടിയായാണ് നീന്തൽ പഠിപ്പിക്കുന്നത്.

നീന്തലിലെ തന്നെ പല രീതികളുണ്ട് കേട്ടോ. ഫ്രീ സ്റ്റൈൽ, ബ്രസ്റ്റ് സ്ട്രോക്ക്, ബട്ടർഫ്ലൈ, ബായ്ക്ക് സ്ട്രോക്ക് എന്നിങ്ങനെ നാലു രീതികളാണ് പ്രധാനപ്പെട്ടത്. കുട്ടികളെ ആദ്യം പഠിപ്പിക്കുന്നത് ഫ്രീ സ്റ്റൈലാണ്. ഫ്രീ സ്റ്റൈലിൽ മിടുക്കരായാൽ പിന്നെയുളളത് വേഗം പഠിക്കാം. മലർന്നു കിടന്ന് വളളത്തിന്റെ തണ്ടു തുഴയുന്നതുപോലെ കൈയും കാലും എടുത്തു നീന്തുന്നതാണ് ബായ്ക്ക് സ്ട്രോക്ക്. കൈയും കാലും വെളളത്തിനു മുകളിലേക്ക് എടുക്കാതെ തല മാത്രം ഉയർത്തി നീന്തുന്നതാണ് ബ്രസ്റ്റ് സ്ട്രോക്ക്. വെള്ളത്തിൽ വീണ പക്ഷി ചിറകിട്ടടിക്കുന്നതു പോലുളള നീന്തലാണ് ബട്ടർഫ്ളൈ.

ഭക്ഷണവും നീന്തലും

ഇപ്പോഴത്തെ കുട്ടികളൊക്കെ സ്വിമ്മിങ് പൂളിലാവും നീന്തൽ പഠിക്കുന്നത് അല്ലേ... കായലിൽ പഠിക്കുന്നതു പോലല്ല അത്. പൊതുവേ സുരക്ഷിതമാണ്. എങ്കിലും പഠിക്കാൻ തുടങ്ങുമ്പോഴേ പൂളിനു നേരെ നോക്കി ഇറങ്ങരുത്. പൂളിന്റെ ആഴവും വെളളവുമൊക്കെ കണ്ട് പേടിച്ചു പോകാം. പകരം കരയിലേക്ക് നോക്കി പടിയിൽ പിടിച്ച് ഇറങ്ങുക.

പൂളിലായാലും കായലിലായാലും വയറു നിറയെ ഭക്ഷണം കഴിച്ചിട്ട് നേരെ വെളളത്തിലേക്ക് ചാടരുത്. വയറു കൊളുത്തിപ്പിടിക്കാനും ഛർദ്ദിക്കാനുമൊക്കെ ഇടയാക്കും. വെള്ളത്തിൽ കിടക്കുന്നതിനാൽ ചെവിയിൽ അണുബാധയ്ക്ക് സാധ്യതയുണ്ട്. പൂളിലൊക്കെ നീന്തുന്നവർ നീന്തിക്കയറിയ ഉടനെ ഒരു കക്ഷണം കോട്ടൺ തുണി കൊണ്ട് ചെവിയുടെ ഉൾവശം തുടച്ചു വൃത്തിയാക്കണം. ചപ്പു ചവറും വാരിയിട്ട് വൃത്തിയില്ലാത്ത വെള്ളത്തിൽ നീന്താൻ ഇറങ്ങരുത് കേട്ടോ. അലർജിയും ചൊറിച്ചിലുമൊക്കെ വരാം.

അപകടങ്ങളെ സൂക്ഷിക്കുക

ചേട്ടന്മാരൊക്കെ നീന്തിക്കളിക്കുന്നത് കാണുമ്പോൾ കൊച്ചുകുട്ടികൾക്കും വെളളത്തിൽ ചാടാൻ കൊതിയാകും അല്ലേ?. ഏതു പ്രായത്തിലും നീന്തൽ പഠിക്കാമെങ്കിലും ആറു വയസ്സു മുതലുളള കുട്ടികളെയാണ് സാധാരണ പഠിപ്പിക്കുന്നത്. വെള്ളം കാണുമ്പോൾ പേടിച്ചോടുന്ന കുഞ്ഞനിയന്മാരെ നിർബന്ധിച്ച് വെള്ളത്തിലിറക്കരുത്. ഒരിക്കൽ പേടിച്ചുപോയാൽ ചില കുട്ടികൾ പിന്നീടു വെളളത്തിലിറങ്ങാൻ മടിക്കും. കുട്ടികളെ കുട്ടികൾ നീന്തൽ പഠിപ്പിക്കുന്നതും അപകടമാണ്. നന്നായി നീന്തലറിയാവുന്ന മുതിർന്ന ഒരാളുടെ സാന്നിധ്യത്തിലേ നീന്തൽ പഠിക്കാവൂ. പെട്ടെന്നൊരു അപകടമുണ്ടായാൽ നിങ്ങൾ കുട്ടികൾക്ക് ഉടനടി എന്തെങ്കിലും ചെയ്യാൻ കഴിയണമെന്നില്ല. പേടിച്ചു നിന്നു പോയേക്കാം.

ഇനി ആരുമില്ലാത്ത സമയത്ത് അപകടത്തിൽ പെട്ടുപോയെന്നു കരുതുക. പേടിച്ച് ഒന്നും ചെയ്യാതിരിക്കരുത്. കാൽ മാത്രം വെളളത്തിനു മീതെ അടിച്ച് കൈ രണ്ടും അകറ്റി വെള്ളത്തിൽ അമർത്തിപ്പിടിച്ച് തല വെളളത്തിൽ പൊക്കിപ്പിടിച്ച് മുന്നോട്ടു നീങ്ങുക. പൊങ്ങുതടിയോ വാഴത്തടയോ കണ്ടാൽ അതിൽ പിടിച്ച് നീങ്ങുക. മുറി നീന്തലെങ്കിലും വശമുണ്ടെങ്കിൽ കൈയും കാലും കുഴയുന്ന സമയത്ത് മലർന്നു കിടന്ന് തോളിന്റെ ഇരുവശങ്ങളും വെളളത്തിൽ ചലിപ്പിച്ച് നീങ്ങാം. കൈ കാൽ കുഴച്ചിൽ കുറയുമ്പോൾ പഴയതുപോലെ നീന്താം.

ശരീരം മുഴുവനും വ്യായാമം

നീന്തൽ നല്ലൊരു വ്യായാമമാണെന്നു പറഞ്ഞല്ലൊ. നീന്തിത്തുടച്ച് രസിക്കുമ്പോൾ ശരീരത്തിനു മുഴുവന്‍ നിങ്ങളറിയാതെ വ്യായാമം ലഭിക്കുന്നു. ഹൃദയം, ശ്വാസകോശം പോലുളള ആന്തരാവയവങ്ങൾക്കും നീന്തൽ പ്രയോജനപ്പെടും. നീന്തുമ്പോൾ നമ്മൾ വെറുതേ നടക്കുന്നതിനേക്കാൾ ശ്വസനം നടക്കുന്നുണ്ട്. സാധാരണ അളവിലും കൂടുതലും ഒാക്സിജന്‍ ഇങ്ങനെ ഉള്ളിലേക്കെത്തുന്നതുകൊണ്ട് നമ്മുടെ ശ്വാസകോശം കൂടുതൽ പ്രവർത്തിക്കുന്നു. അതുകൊണ്ട് ആസ്മ പോലെയുളള അസുഖമുളളവർക്ക് നീന്തൽ നല്ലതാണ്. ആസ്മയുളളതുകൊണ്ട് കളിക്കാനൊന്നും ഇറങ്ങാത്ത കൂട്ടകാരുണ്ടെങ്കിൽ ഇക്കാര്യം പറഞ്ഞുകൊടുക്കണം കേട്ടോ. നീന്തുന്ന സമയത്ത് നമ്മുടെ ശരീരത്തിലെ രക്ത ഒാട്ടം കൂടും. ഹൃദയം കൂടുതൽ പ്രവര്‍ത്തിക്കാൻ കഴിവുളളതാകും. ഹൃദയപ്രവർത്തനം മെച്ചപ്പെട്ടാലെ നന്നായി ഒടാനും ചാടാനും മല കയറാനും പാറിപ്പറന്നു നടക്കാനുമൊക്കെ കഴിയൂ.

ഏറെനേരം ഒാടിക്കളിച്ചിട്ടു വന്നാൽ കാലിനൊക്കെ എന്തു കടച്ചിലാണല്ലെ. എന്നാൽ നീന്തലിൽ ഇത്തരം വേദനകള്‍ക്കും പരിക്കിനുമുളള സാധ്യത കുറവാണ്. അമിതവണ്ണമുളള കുട്ടികൾക്ക് മെലിയാനും നീന്തൽ ഉത്തമമാണ്.

മനസ്സിനും ആരോഗ്യമേകുന്നതാണ് നീന്തൽ. സ്ഥിരമായി നീന്തുന്ന കുട്ടികളുടെ ആത്മവിശ്വാസം, ക്ഷമ, ഏകാഗ്രത എന്നിവ മെച്ചപ്പെടുമെന്നു പഠനങ്ങൾ പറയുന്നു.

ഇത്രയുമൊക്കെ വായിച്ചപ്പോഴേക്കും നീന്തൽ പഠിക്കാൻ കൊതിയായിക്കാണുമല്ലേ... സമയം കളയണ്ട, ഇപ്പോഴേ വീട്ടിൽ പറഞ്ഞ് സമ്മതിപ്പിച്ചോളൂ.. നല്ലൊരു അവധിക്കാലം ആശംസിച്ചുകൊണ്ട്.

ബാബുരാജ് ടി.ഡി