പത്തു ദിവസം വ്യായാമം ചെയ്തില്ലെങ്കില്‍ എന്തു സംഭവിക്കാം?

പത്തു ദിവസം തുടര്‍ച്ചയായി വ്യായാമം മുടങ്ങുന്നത് തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയ്ക്കുമെന്ന് പുതിയ പഠനം. മേരിലാന്‍ഡ്‌ സര്‍വകലാശാലയുടെ പൊതു ആരോഗ്യവിഭാഗമാണ് ഗവേഷണത്തിനു പിന്നിൽ. എംആർഐ സ്കാന്‍ പരിശോധിച്ച് തലച്ചോറിലെ വിവിധ ഭാഗങ്ങളിലേക്കുള്ള രക്തയോട്ടം അപഗ്രഥിച്ചാണ് ഗവേഷകസംഘം പഠനം നടത്തിയത്. 50 മുതല്‍ 80 വയസ്സു വരെ പ്രായമുള്ളവരിലായിരുന്നു ഗവേഷണം. വ്യായാമം ചെയ്തു കൊണ്ടിരുന്ന കാലയളവിലും വ്യായാമം നിര്‍ത്തി പത്തു ദിവസത്തിനു ശേഷവുമാണ് പഠനം നടത്തിയത്.

തലച്ചോറിലെ ഓര്‍മയുടെ കേന്ദ്രമായ ഹിപ്പോകാംപസ്സ് ഉൾപ്പടെയുള്ള ഭാഗങ്ങളിലാണ് കുറഞ്ഞ രക്തയോട്ടം രേഖപ്പെടുത്തിയത്. കാര്യക്ഷമതയോടെ കാര്യങ്ങള്‍ ചെയ്യാന്‍ സഹായിക്കുന്ന സെറിബ്രല്‍ ഭാഗങ്ങളിലും രക്തയോട്ടത്തില്‍ കുറവ് കാണപ്പെട്ടു. ആഴ്ചയില്‍ നാലു മണിക്കൂര്‍ കുറയാതെ വ്യായാമം ചെയ്യുന്നതു പോലും തലച്ചോറിന്‍റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുമെന്ന് പഠനഫലം സാക്ഷ്യപ്പെടുത്തുന്നു.

വ്യായാമം കൃത്യമായി ചെയ്യുന്നത് ഡിമെന്‍ഷ്യ, അൽഷിമേഴ്സ് തുടങ്ങിയ രോഗങ്ങളുടെ സാധ്യത കുറയ്ക്കുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്. ഹൃദയാരോഗ്യം നിലനിര്‍ത്താനും വ്യായാമം അനിവാര്യമാണ്. കൊളസ്ട്രോള്‍, പ്രമേഹം തുടങ്ങിയവ അകറ്റി നിര്‍ത്താനും വ്യായാമം സഹായിക്കും. അതായത് ഊര്‍ജസ്വലമായ ഒരു ജീവിതത്തിന് ദിവസവും ഒരു അര മണിക്കൂര്‍ എങ്കിലും ചുമ്മാതെ നടക്കുന്നതു പോലും നല്ലതായിരിക്കും എന്നര്‍ത്ഥം.