വിവാഹദിനത്തിൽ ഫിറ്റാവണോ? പ്ലാനിങ്ങ് തുടങ്ങാം

വിവാഹദിവസം എല്ലാവരും ശ്രദ്ധിക്കുന്നത്‌ വരനെയും വധുവിനെയും ആയിരിക്കും. വിവാഹവസ്ത്രങ്ങളിൽ സുന്ദരൻ അല്ലെങ്കിൽ സുന്ദരിയായിരിക്കണമെന്ന് ഏതൊരാളും ആഗ്രഹിക്കാറുണ്ട്. രാജകുമാരിയെയും രാജകുമാരനെയും പോലെയാണ് ആളുകൾ നോക്കിക്കാണുന്നതെന്നതു തന്നെ കാരണം. കൂടാതെ ആ ദിവസത്തിലെടുക്കുന്ന ഫോട്ടോകൾ ജീവിതകാലം മുഴുവന്‍ സൂക്ഷിച്ചു വയ്ക്കേണ്ടതുമാണെന്നതിനാൽ വിവാഹദിനത്തിനായി അൽപ്പമൊന്ന് തയ്യാറെടുക്കേണ്ടതുണ്ട്..

ഭൂരിഭാഗം വധൂവരൻമാരും തങ്ങളുടെ വിവാഹദിനമടുക്കുമ്പോളായിരിക്കും തടി ഒന്ന് കുറയ്ക്കണമെന്നോ അല്ലെങ്കിൽ വല്ലാതെ മെലിഞ്ഞിരിക്കുന്നെന്നോ ശ്രദ്ധിക്കുക. പെട്ടെന്ന് തടികുറയ്ക്കനോ കൂട്ടാനോ നോക്കി ആരോഗ്യം അപകടത്തിലാക്കാൻ നോക്കാതെ അൽപ്പംമുമ്പേ തുടങ്ങാം ഒരുക്കം.

കഴിവതും ഒരു മൂന്നു മാസം മുമ്പെങ്കിലും തടികൂട്ടുന്നതിലും കുറയ്ക്കുന്നതിലും തീരുമാനമെടുക്കണം. ഇത് ശരീരത്തിന്റെ ആരോഗ്യത്തെ കാര്യമായി ബാധിക്കാതെ ഭാരം കുറയ്ക്കാനും കൂട്ടാനും സഹായകമാകും. രണ്ടാഴ്ചകൊണ്ട് തടികുറയ്ക്കാൻ നോക്കിയാൽ വിവാഹദിനത്തിൽ ആകെ തളര്‍ന്നിരിക്കുന്ന പ്രതീതിയാവും ഉണ്ടാവുക

വിവാഹ നിശ്ചയ ദിനത്തോടടുത്ത് ഭൂരിഭാഗംപേരും കല്യാണവസ്ത്രങ്ങളും വാങ്ങാറുണ്ട്. ശരീരത്തിന് ചേരുന്ന അളവിൽ വസ്ത്രമൊക്കെ വാങ്ങിയശേഷം ശരീരഭാരം കുറയ്ക്കാനും കൂട്ടാനുമൊക്കെ പോയാൽ കല്യാണദിവസം ഇറുകിയ വസ്ത്രവുമണിഞ്ഞ് ശ്വാസം മുട്ടിയോ അയഞ്ഞ് തൂങ്ങിയ വസ്ത്രമണിഞ്ഞ് ആത്മവിശ്വാസമില്ലാതെയോ ഇരിക്കേണ്ടി വരും.

വിവാഹദിനത്തിലേക്ക് ഒരു ഭക്ഷണക്രമമെന്നതിലുപരി വ്യായാമവും ആരോഗ്യകരമായി ഭക്ഷണരീതിയുമടങ്ങിയ ജീവിതചര്യയിലേക്ക് സ്വയം മാറുന്നതാണത്രെ നല്ലത്. ശരീരഭാരം കുറച്ച് ആകാരഭംഗി നൽകുന്നതിനൊപ്പം ചർമ്മത്തിനു പ്രസരിപ്പും തിളക്കവും ലഭിക്കാനും വ്യായാമം സഹായിക്കും.

തടികുറയ്ക്കാൻ സഹായിക്കുമെന്ന് പറഞ്ഞെത്തുന്ന മരുന്നുകൾ പരമാവധി ഒഴിവാക്കുക. ഉറക്കക്കുറവ്, മാനസിക സമ്മർദ്ദം തുടങ്ങിയ നിരവധി പ്രശ്നങ്ങളിലേക്ക് ഒരു ഡോക്ടറുടെ നിർദ്ദേശമില്ലാത്ത മരുന്നുകളുടെ ഉപയോഗം നിങ്ങളെ നയിച്ചേക്കാം.