ഫിറ്റ് ആകണോ? ഒരു നായയെ വാങ്ങിക്കോളൂ

നായ്ക്കളും നിങ്ങളുടെ ആരോഗ്യവും തമ്മിൽ എന്തു ബന്ധം എന്നാണോ ചിന്തിക്കുന്നത്? എന്നാൽ ബന്ധമുണ്ട്. നായ്ക്കളെ വളർത്തുന്നവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് താരതമ്യേന ആരോഗ്യം കൂടുതലാണെന്നാണ് അമേരിക്കയിലെ ഗവേഷകർ അഭിപ്രായപ്പെടുന്നത്. അമേരിക്കയിലെയും ഓസ്ട്രേലിയയിലെയും വിവിധ നഗരങ്ങളിലുള്ളവരിൽ നടത്തിയ പഠനത്തിൽ നിന്നാണ് ഈ നിഗമനം.

നായ്ക്കളും നിങ്ങളുടെ ആരോഗ്യവും തമ്മിലുള്ള പരസ്പര ബന്ധം വ്യക്തമാക്കാം. നായ്ക്കളെ വളർത്തുന്നവർ പ്രതിദിനം മറ്റുള്ളവരെ അപേക്ഷിച്ച് 30 മിനിറ്റ് എങ്കിലും അധികസമയം നടത്തത്തിനായി നീക്കിവയ്ക്കുന്നു. നായ്ക്കളെ പുറത്തു നടത്തിക്കാൻ കൊണ്ടുപോകുമ്പോൾ ഉടമസ്ഥരും അവരറിയാതെ തന്നെ വ്യായാമത്തിൽ ഏർപ്പെടുന്നു. അൽപം വികൃതിക്കുട്ടന്മാരായ നായ്ക്കളാണെങ്കിൽ ഉടമസ്ഥർ നടന്നാൽ മാത്രം പോരാ, ചിലപ്പോൾ തുടലും പിടിച്ച് പിന്നാലെ ഓടേണ്ടിയും വരും. നായ്ക്കുട്ടികൾ ആണെങ്കിൽ ചങ്ങല വിടുവിച്ച് ഓടിയായിരിക്കും കൃസൃതികാട്ടുക. അത്തരം നായ്ക്കുട്ടികളെ ഓടിപ്പിടിച്ച് കൂട്ടിൽ കയറ്റേണ്ട ചുമതലയും ഉടമസ്ഥനു തന്നെ. പിന്നെ പട്ടിയെ കുളിപ്പിക്കലും മറ്റുമായി വ്യായാമങ്ങൾ വേറെ.

ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ ഉടമസ്ഥനും ശരീരം വിയർത്ത് വ്യായാമത്തിൽ ഏർപ്പെടുകയല്ലേ. മാത്രമല്ല, ശുദ്ധവായു ധാരാളമായി ലഭിക്കുന്ന തുറസ്സായ സ്ഥലങ്ങളിലൂടെ നായ്ക്കളെയും കൊണ്ടുള്ള വൈകുന്നേരനടത്തവും നല്ലതുതന്നെ. മറ്റുള്ളവരുമായി സൗഹൃദം സ്ഥാപിക്കാനും ഇതുപകരിക്കുന്നു. എപ്പോഴും വീട്ടിനുള്ളിൽ അടച്ചുപൂട്ടിയിരിക്കുന്നതിന്റെ വിരസതയും മാറും. അമേരിക്കയിലും മറ്റും ഈവിനിങ് വാക്കിനും ജോഗിങ്ങിനും മറ്റും പോകുമ്പോൾ വളർത്തുനായയെ കൂടെക്കൊണ്ടുപോകുന്നത് പതിവാണ്. എന്തായാലും നിങ്ങൾക്കു വ്യായാമം ചെയ്യാൻ മടിയാണെങ്കിൽ ഒരു നായ്ക്കുട്ടിയെ വാങ്ങിക്കോളൂ. അതു നിങ്ങളെ നല്ലവണ്ണം വ്യായാമം ചെയ്യിച്ചുകൊള്ളും.